ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരന്‍; ശിക്ഷ തിങ്കളാഴ്ച്ച
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനെന്ന് കോടതി. ചണ്ഡീഗഡിനു സമീപമുള്ള പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.
ശിക്ഷ 28 ന് പ്രഖ്യാപിക്കും. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് വിധി പ്രസ്താവിച്ചത്.വിധിക്കു ശേഷം റാം റഹിം സിങിനെ അംബാല ജയിലിലേക്കു മാറ്റി.
2002ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതിനടപടികള്‍ തുടരുകയാണ്. രണ്ടു കൊലപാതക കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപധി എന്നിവരുടെ കൊലപാതകത്തില്‍ ഗുര്‍മീതിനു പങ്കുള്ളതായി തെളിഞ്ഞിരുന്നു.
എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.
നൂറു കാറുകളുടെ അകമ്പടിയോടെയാണ് ഈ ആള്‍ദൈവം കോടതി മുമ്പാകെ ഹാജരായത്. വിധി വന്നതിനു ശേഷം അക്രമസാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
വന്‍ സുരക്ഷാസന്നാഹങ്ങളാണ് പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. 15000ല്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. എന്തും നേരിടാനുള്ള തയാറെടുപ്പിലാണ് സുരക്ഷാസേന. 74 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 72 മണിക്കൂര്‍ നേരത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."