കേരളം മാതൃകയാക്കണം കര്‍ണാടകയുടെ 'നുഗു' അണക്കെട്ടിനെ
പുല്‍പ്പള്ളി: വയനാട്ടില്‍ അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ഏറെ വാദകോലാഹലങ്ങള്‍ നടക്കുന്ന കാലമാണല്ലോ ഇത്. അണക്കെട്ടുകള്‍ വന്നാലുള്ള ഗുണഗണങ്ങളും, പരിസ്ഥിതി ആഘാതങ്ങളും കുടിയിറക്കപ്പെടേണ്ടി വരുന്ന ജനവിഭാഗങ്ങളുടെ കഷ്ടപ്പാടുകളുമെല്ലാം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ ചര്‍ച്ചാവിഷയങ്ങളാണ്.
ഇതിന് പ്രധാന കാരണമാകുന്നത് വയനാട്ടില്‍ ഇതിന് മുന്‍പ് നിര്‍മിച്ച രണ്ട് വന്‍ പദ്ധതികളും കോടികള്‍ മുതല്‍മുടക്കിയിട്ടും ലക്ഷ്യത്തിലെത്താതെ പോയതാണ്.
രാജ്യത്ത് വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ഏറെ മുന്‍പന്തിയിലാണെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് എന്തുകൊണ്ടാണ് ഈ ദുര്‍ഗതി വരുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.ഭരിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളോട് വിധേയത്വമില്ലാത്തതാണ് ഇതിനു കാരണമെന്നാണ് പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍നിന്നും വിഭിന്നമായി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി രാജ്യത്തിന് മാതൃകയായ കഥയാണ് കര്‍ണാടകയിലെ നുഗുവില്‍ നിര്‍മിച്ചിരിക്കുന്ന അണക്കെട്ട്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാതന്ത്ര്യലബ്ധിക്കും മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മാണം ആരംഭിച്ച് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പൂര്‍ത്തിയായ കഥയാണ് നുഗുവിന് പറയാനുള്ളത്.
1945ലാണ് കര്‍ണാടകയിലെ മൈസൂര്‍ ജില്ലയിലെ ഹെഗ്‌ഡെ ദേവന്‍കോട്ട താലൂക്കില്‍ നുഗുവില്‍ അണക്കെട്ട് നിര്‍മിക്കാന്‍ നടപടിയാരംഭിച്ചത്. മഴനിഴല്‍ പ്രദേശമാണ് നുഗു. കേരളത്തിലെ നൂല്‍പ്പുഴയില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം മാത്രമാണ് ഇവിടെ സംഭരിക്കാനുണ്ടായിരുന്നത്. 1946ല്‍ നുഗുവില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചു.
1947 ഫെബ്രുവരി മാസത്തില്‍ അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചു. എസ്റ്റിമേറ്റ് തുകക്ക് കൃത്യമായി അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായെന്ന പ്രത്യേകതയും നുഗുവിനുണ്ട്. 1240-അടി നീളമുള്ള അണക്കെട്ടിന് 3.11-കോടി രൂപയായിരുന്നു മതിപ്പു ചെലവ്. 380-സ്‌ക്വയര്‍ കി.മീറ്റര്‍ വൃഷ്ടിപ്രദേശമുളള അണക്കെട്ടില്‍ ശരാശരി പെയ്യുന്ന മഴ വെറും 50-ഇഞ്ച് മാത്രമാണ്.
എന്നാല്‍ പദ്ധതിയുടെ ജലം വ്യാപിച്ചുകിടക്കുന്നത് 5.40-സ്‌ക്വയര്‍ കി.മീറ്ററാണ്. 666-ക്യുസെക്‌സ് ജലം സംഭരിക്കാവുന്നതാണ് നുഗു അണക്കെട്ട്. അണക്കെട്ടിലെ ജലം കര്‍ഷകര്‍ക്ക് എത്തിക്കുന്നതിനായി 55-മൈല്‍ നീളത്തിലാണ് കനാല്‍ നിര്‍മിച്ചിരിക്കുന്നത്. 1958ല്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി.
നിര്‍മാണം കഴിഞ്ഞ് 60 വര്‍ഷങ്ങളായിട്ടും ഈ അണക്കെട്ടിനോ കനാലുകള്‍ക്കോ യാതൊരുവിധ അറ്റകുറ്റപ്പണിയും വേണ്ടിവന്നില്ലെന്ന പ്രത്യേകതയും ഇതിനുണ്ട്. നിര്‍മാണം പൂര്‍ത്തിയാവും മുന്‍പേ ഇടിഞ്ഞുവീണ കനാലുകളുള്ള കാരാപ്പുഴയും ബാണാസുരസാഗറും നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് നുഗുവിന്റെ ഈ വിജയഗാഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."