ചേലാകര്‍മം: കഥയറിയാതെ ആട്ടം കാണുന്നവര്‍
സ്ത്രീ ചേലാകര്‍മ വിവാദത്തിന്റെ മറവില്‍ ഇസ്‌ലാമിക ശരീഅത്തിനെ വികൃതമായി ചിത്രീകരിക്കാനുള്ള പരോക്ഷ ശ്രമമാണ് ഒരു പ്രമുഖ പത്രം ഏതാനും നാളുകളായി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രാകൃതം, അപരിഷ്‌കൃതം, ക്രൂരം എന്നിങ്ങനെയുള്ള കഠിന പദങ്ങള്‍ കൊണ്ടാണ് പത്രം സ്ത്രീ ചേലാകര്‍മത്തെ വിശേഷിപ്പിച്ചത്. വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും ഇസ്‌ലാമിക വിരുദ്ധ നിലപാട് പലപ്പോഴും പ്രകടിപ്പിക്കുന്ന ഈ പത്രത്തിന് ഇപ്പോള്‍ കിട്ടിയ പിടിവള്ളി കോഴിക്കോട് കണ്ടെത്തി അടച്ചുപൂട്ടിയ ക്ലിനിക്കാണ്.
പത്രത്തിന്റെ ലക്ഷ്യം സമുദായത്തിന് മനസിലാവുന്നുണ്ട്. പക്ഷേ, വിഷയം കേട്ടപാതി കേള്‍ക്കാത്ത പാതി സമുദായ സംഘടനയില്‍ പെട്ട ചില യൂത്തന്മാരും മൂത്തവരും പത്രത്തെ പിന്തുണച്ചതെന്തിന്? എന്ത് ആധികാരിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ ചേലാകര്‍മം ഇസ്‌ലാമിക ശരീഅത്തില്‍ ഇല്ലെന്ന് എം.ബി.ബി.എസുകാരും എന്‍ജിനീയര്‍മാരും പറയുന്നത്? മെഡിക്കലിലും എന്‍ജിനീയറിങിലും പഠിക്കുന്നത് ഇസ്‌ലാമിക ശരീഅത്താണോ? സ്ത്രീ ചേലാകര്‍മം മൊത്തം പ്രാകൃതവും അപരിഷ്‌കൃതവുമാണ്, ആഫ്രിക്കന്‍ ഗോത്രവര്‍ഗങ്ങളില്‍ മാത്രം കാണപ്പെടുന്നതാണ്, എന്തെല്ലാം ജല്‍പനങ്ങള്‍! നടന്നത് കൃത്യമായി മനസിലാക്കുകയോ മുസ്‌ലിം വിഷയങ്ങളില്‍ പ്രസ്തുത പത്രത്തിന്റെ നാളിതുവരെയുള്ള നിലപാട് വിലയിരുത്തുകയോ സ്ത്രീ ചേലാകര്‍മത്തില്‍ ഇസ്‌ലാമെന്ത് പറയുന്നുവെന്ന് പഠിക്കുകയോ ചെയ്യാതെയായിരുന്നു ഈ എടുത്തുചാട്ടം. 'മതേതരന്‍' ആകാനുള്ള വ്യഗ്രതയില്‍ ഇസ്‌ലാമിക നിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ചില നേതാക്കളുടെ പൊതു സ്വഭാവമാണ്.
സ്ത്രീ ചേലാകര്‍മം പ്രാകൃതമാണെന്ന് പറയുമ്പോള്‍ പുരുഷ ചേലാകര്‍മം പരിഷ്‌കൃതമാണോയെന്ന് ഇവര്‍ വ്യക്തമാക്കേണ്ടതുണ്ട്. സമുദായ വിരുദ്ധ അജണ്ടകള്‍ക്ക് കുഴലൂത്ത് നടത്തിയാല്‍ പുരുഷ ചേലാകര്‍മം മാത്രമല്ല, ഇസ്‌ലാമിക ശരീഅത് തന്നെ അപരിഷ്‌കൃതമാണെന്ന് പറയേണ്ടി വരും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'താങ്കള്‍ക്ക് അറിയാത്തതിന്റെ പിറകെ കൂടരുത്' (അല്‍ ഇസ്‌റാഅ 33).
അതിലും കഷ്ടം ചില മുസ്‌ലിം സംഘടനാ നേതാക്കളുടെ നിലപാടാണ്. നിഷിദ്ധമല്ലെന്ന് മുസ്‌ലിം പണ്ഡിതര്‍ ഏകോപിച്ച് പറഞ്ഞ ഒരു കാര്യം നിഷിദ്ധമാക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കലാണോ പണ്ഡിത ദൗത്യം? സ്ത്രീ ചേലാകര്‍മം ഹദീസിലോ ഇസ്‌ലാമിക പ്രമാണങ്ങളിലോ ഇല്ലെന്ന് പറയുന്നത് ആരെ സുഖിപ്പിക്കാനാണ്? ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നേരെ വിമര്‍ശനമുയരുമ്പോള്‍ പ്രസ്തുത നിയമം തന്നെ നിഷേധിക്കലാണോ പ്രബോധകന്റെ ബാധ്യത? ചെരിപ്പിനൊപ്പിച്ച് കാല്‍ മുറിക്കുന്ന നയം നവീന വാദികളുടെ അടിസ്ഥാന സ്വഭാവമാണ്.
കോഴിക്കോട് നടന്നതിനെ ന്യായീകരിക്കുകയല്ല. ലൈസന്‍സില്ലാതെ ക്ലിനിക് നടത്തുക, അടിസ്ഥാന സൗകര്യമില്ലാതെ ചേലാകര്‍മം നടത്തുക, പ്രാകൃത രൂപത്തില്‍ കൃത്യം നിര്‍വഹിക്കുക മുതലായവ ഗൗരവമേറിയ കുറ്റങ്ങളാണ്. അതില്‍ നടപടി സ്വീകരിക്കേണ്ടത് അധികാരികളുടെ കടമയാണ് താനും. അതിന്റെ മറവില്‍ ഇസ്‌ലാം അംഗീകരിച്ച രീതിയിലുള്ള സ്ത്രീ ചേലാകര്‍മത്തെ നിഷേധിക്കുകയും മതവിരുദ്ധമാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല.
പ്രാകൃതം; അപരിഷ്‌കൃതം
പ്രകൃതിയിലുള്ളതിനെ സംസ്‌കരിക്കാതെ നിലനിര്‍ത്തുന്നത് പ്രാകൃതവും പരിഷ്‌കരിക്കാത്തത് അപരിഷ്‌കൃതവുമാണ്. ഈയര്‍ഥത്തില്‍ ചേലാകര്‍മം ചെയ്യാതിരിക്കലാണ് പ്രാകൃതമെന്ന് പറയേണ്ടി വരും. നബി(സ) പറഞ്ഞു: ''അഞ്ച് കാര്യങ്ങള്‍ പ്രവാചകന്മാരുടെ ചര്യയില്‍ പെട്ടതാണ്. ചേലാകര്‍മം, നഖം മുറിക്കല്‍, മീശ വെട്ടല്‍, കക്ഷ രോമം നീക്കല്‍, ഗുഹ്യ രോമം നീക്കല്‍ എന്നിവ' (ബുഖാരി, മുസ്‌ലിം). ഇതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് പ്രാകൃതം. നഖം മുറിക്കാതിരിക്കലും മീശ വെട്ടാതിരിക്കലും കക്ഷ,ഗുഹ്യ രോമങ്ങള്‍ നീക്കാതിരിക്കലുമാണ് പ്രാകൃതം. അപ്പോള്‍ ചേലാകര്‍മമല്ല; ചേലാകര്‍മം ചെയ്യാതിരിക്കലാണ് പ്രാകൃതം. ശാസ്ത്രത്തിന്റെ പിന്തുണ നോക്കിയല്ല ഇസ്‌ലാമില്‍ പ്രമാണങ്ങള്‍ മനസിലാക്കേണ്ടത്. ശാസ്ത്രം ഇന്നത്തേത് നാളെ തിരുത്തിയേക്കാം. അഭിനവ സലഫികള്‍ ഇത് തിരിച്ചറിയാതെ പോകുന്നതാണ് കഷ്ടം.
പലപ്പോഴും വിലയിരുത്തുന്നവന്റെ ചിന്താഗതിക്കും നടപ്പിലാക്കുന്ന രീതിക്കുമനുസൃതമായി ഒരേ കാര്യം തന്നെ ചിലപ്പോള്‍ പ്രാകൃതവും മറ്റു ചിലപ്പോള്‍ പരിഷ്‌കൃതവുമാകും. മതവിശ്വാസത്തിന്റെ ഭാഗമായി ഒരു വിഭാഗം നിരാക്ഷേപം ചെയ്യുന്നത് മറുവിഭാഗത്തിന് പ്രാകൃതമായിത്തോന്നാം. ഹൈന്ദവ ക്ഷേത്രങ്ങളിലെ എഴുന്നള്ളത്ത്, സ്ത്രീ പ്രവേശനിഷേധം, മൃഗബലി മുതലായവ ഹൈന്ദവ വിശ്വാസികള്‍ക്ക് പുണ്യമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അപരിഷ്‌കൃതമായിരിക്കാം. ഇത്തരം വിഷയങ്ങളില്‍ ആ മതത്തിന് പുറത്തുള്ളവര്‍ മൗനം ദീക്ഷിക്കലാണ് മാന്യത. മുസ്‌ലിം സമുദായം ഈ മാന്യത എന്നും കൈക്കൊണ്ടിട്ടുണ്ട്.
പരിഷ്‌കൃത കാര്യം തന്നെ അപരിഷ്‌കൃത രൂപത്തില്‍ നടപ്പാക്കുമ്പോള്‍ അത് പ്രാകൃതമാവാം. താടിയും മുടിയും വളര്‍ത്തല്‍ പ്രാകൃതമല്ല, പക്ഷേ, സംസ്‌കരിക്കാതെ വളര്‍ത്തുമ്പോള്‍ അത് പ്രാകൃതമാകുന്നു. ലൈംഗികത ക്രൂരമല്ലെങ്കിലും മാന്യമായി നടത്തിയില്ലെങ്കില്‍ ക്രൂരമാകുന്നു.
ഇത് തന്നെയാണ് ചേലാകര്‍മത്തിന്റെയും അവസ്ഥ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിവാഹവും ലൈംഗികതയും മാത്രമല്ല, ജീവിതം തന്നെ പ്രാകൃതമായത് കൊണ്ട് ചേലാകര്‍മവും പ്രാകൃതമാകാം. അതിന് ഇസ്‌ലാം എന്ത് പിഴച്ചു?ഇസ്‌ലാം അംഗീകരിക്കാത്ത രൂപത്തില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിന് മറുപടി പറയേണ്ട ബാധ്യത സമുദായത്തിനില്ല. എന്നാല്‍, അതിന്റെ മറവില്‍ ശരീഅതിനെ ഉന്നം വയ്ക്കാനുള്ള കുത്സിത ശ്രമമാണ് ചില കോണുകളില്‍ നടന്ന് കൊണ്ടിരിക്കുന്നത്.
ഇസ്‌ലാം സ്ഥാപിച്ചതോ?
ചേലാകര്‍മം ഇസ്‌ലാം സ്ഥാപിച്ച ആചാരമല്ല. വിവിധ സമൂഹങ്ങളില്‍ കാലാകാലങ്ങളായി ഇത് നിലനിന്നിരുന്നു. പലപ്പോഴും പ്രാകൃതവും അപരിഷ്‌കൃതവുമായി നടപ്പാക്കിയിരുന്ന ഇതിനെ വിശിഷ്യാ സ്ത്രീ ചേലാകര്‍മത്തെ മാന്യവും പരിഷ്‌കൃതവുമായി നടപ്പാക്കാന്‍ കല്‍പ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്. മനുഷ്യോല്‍പത്തി മുതല്‍ ചേലാകര്‍മം നിലനിന്നിരുന്നതായി ബര്‍ണബാസ് ബൈബിള്‍ (പേജ്: 30) പറയുന്നുണ്ട്.
പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. ജവാദ് അലി എഴുതുന്നു: 'ദൈവങ്ങള്‍ക്ക് മനുഷ്യന്‍ സമര്‍പ്പിച്ചിരുന്ന ബലിയുടെ ഒരിനമായിരുന്നു അടിസ്ഥാനപരമായി ചേലാകര്‍മം. മിക്ക പൗരാണിക മതങ്ങളുടെയും പ്രധാന ആരാധനാകര്‍മങ്ങളില്‍ പെട്ടതായിരുന്നു അത്'(അല്‍ മുഫസ്സല്‍ ഫീ താരീഖില്‍ അറബ് ഖബ്‌ലല്‍ ഇസ്‌ലാം). പ്രസിദ്ധ ചരിത്രകാരന്‍ പ്രൊഫ. മുഹമ്മദ് ആശൂര്‍ എഴുതുന്നു: 'പേര്‍ഷ്യ, ഓസ്‌ട്രേലിയ, ഫിജി എന്നിവിടങ്ങളിലും ഈജിപ്ത്, എത്യോപ്യയടക്കം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലും പുരാതനമായി തന്നെ ചേലാകര്‍മം നിലനിന്നിരുന്നു.
വിശിഷ്യാ ഈജിപ്തില്‍ ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ആരാധനാലയങ്ങളില്‍ പ്രവേശിക്കാനും ചേലാകര്‍മം നിര്‍ബന്ധമായിരുന്നു. ആരാധനകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ശാരീരികമായി വൃത്തിയുള്ളവരാകണം. അതിന്റെ ഭാഗമായിരുന്നു ചേലാകര്‍മം' (ചേലാകര്‍മം: മതങ്ങളിലും നിയമങ്ങളിലും ).
ജൂത സമൂഹം ഇന്നും പുരുഷ ചേലാകര്‍മം നടത്തുന്നുണ്ട്. അത് ദൈവം അവര്‍ക്ക് മാത്രം നല്‍കിയതാണെന്നാണ് അവരുടെ വിശ്വാസം. ജൂത സമൂഹത്തെ മറ്റുള്ളവരില്‍ നിന്ന് തിരിച്ചറിയാനുള്ള അടയാളം കൂടിയായിരുന്നു ഇത്. ഇതിന് പകരം ഗ്രീക്കുകാരും റോമക്കാരും ചെയ്തിരുന്നത് കൈയില്‍ പച്ചകുത്തുകയായിരുന്നു (ചേലാകര്‍മം: മതത്തിലും ശാസ്ത്രത്തിലും അബൂബക്കര്‍ അബ്ദുറസാഖ് ). ചേലാകര്‍മം ഇസ്‌ലാം തുടങ്ങി വച്ച പ്രാകൃത മുറയല്ലെന്നും പൂര്‍വ സമുദായങ്ങളില്‍ വ്യാപകമായി നിലനിന്നിരുന്ന ആചാരമായിരുന്നുവെന്നും ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
മതാചാരം, സാമൂഹികാചാരം, ഗോത്രാചാരം എന്നിങ്ങനെ മൂന്ന് തലത്തിലാണ് പുരാതന സമൂഹങ്ങളില്‍ ചേലാകര്‍മം നിലനിന്നിരുന്നത്. അതിനവരെ പ്രേരിപ്പിച്ചത് പ്രധാനമായി അഞ്ച് കാര്യങ്ങളാണ്. 1. ദൈവ മാര്‍ഗത്തില്‍ അര്‍പ്പിക്കുന്ന ബലിദാനമായി ചിലര്‍ അത് വിശ്വസിച്ചു. 2. ഇതര സമുഹങ്ങളില്‍ നിന്ന് തങ്ങളെ വേര്‍തിരിക്കുന്ന ഐഡന്റിറ്റിയായി ചിലര്‍ ചേലാകര്‍മത്തെ കണ്ടു. 3. സ്വന്തം സമൂഹത്തില്‍ നേതൃപദവിയും ഔന്നത്യവും ലഭിക്കാന്‍ ചേലാകര്‍മം ആവശ്യമായി വന്നു. 4. ദീര്‍ഘസമയം ലൈംഗികത ആസ്വദിക്കാന്‍ ചേലാകര്‍മം സഹായിക്കുമെന്ന് ചിലര്‍ വിശ്വസിച്ചു. 5. ശാരീരിക ശുദ്ധിയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും ഭാഗമായി ചേലാകര്‍മം നിര്‍വഹിച്ചു. ധകയശറപ. ഇതില്‍ അവസാനത്തെ കാരണത്തിനാണ് ഇസ്‌ലാം ചേലാകര്‍മത്തെ പ്രോത്സാഹിപ്പിച്ചത്.
അറബികളും ചേലാകര്‍മവും
ഇസ്‌ലാമിന് മുമ്പ് തന്നെ അറബികള്‍ ചേലാകര്‍മം നിര്‍വഹിച്ചിരുന്നു. ഇമാം ബുഖാരി (റ) നിവേദനം ചെയ്ത പ്രസിദ്ധ ഹദീസാണ് റോമന്‍ ചക്രവര്‍ത്തിയായ ഹിര്‍ഖലിന്റെ ചരിത്രം. പേര്‍ഷ്യ കീഴടക്കിയ ഹിര്‍ഖല്‍ ഖുദ്‌സ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. അതിനിടെ ഒരുനാള്‍ അദ്ദേഹം അതീവ ദുഃഖിതനായി കാണപ്പെട്ടു. കാരണം തിരക്കിയ സ്വന്തക്കാരോട് അദ്ദേഹം പറഞ്ഞു: 'ചേലാകര്‍മം ചെയ്യുന്ന രാജാവ് പ്രത്യക്ഷപ്പെട്ടതായി രാശി നോക്കിയപ്പോള്‍ എനിക്ക് മനസിലായി. അത് ദുഃസൂചനയാണ്. ആരാണിവിടെ ചേലാകര്‍മം ചെയ്യുന്നവര്‍? ' അവര്‍ പറഞ്ഞു: 'ജൂതര്‍ മാത്രമാണ് ചേലാകര്‍മം ചെയ്യുന്നത്. അതോര്‍ത്ത് താങ്കള്‍ ദുഃഖിക്കേണ്ട. ജനിക്കുന്ന ജൂതക്കുഞ്ഞുങ്ങളെ മുഴുവന്‍ നമുക്ക് കൊന്ന് കളയാം'. ആയിടെയാണ് മക്കയില്‍ പ്രവാചകര്‍ (സ) നിയോഗിതനായ വിവരം ഒരു അറബി വഴി അദ്ദേഹം അറിഞ്ഞത്. വിവരം തന്നയാള്‍ ചേലാകര്‍മം ചെയ്യപ്പെട്ടയാളാണോയെന്ന് പരിശോധിക്കാര്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. അതെ, അയാള്‍ ചേലാകര്‍മം ചെയ്യപ്പെട്ടവനാണ്. ഹിര്‍ഖല്‍ അയാളോട് ചോദിച്ചു: 'അറബികള്‍ ചേലാകര്‍മം ചെയ്യാറുണ്ടോ?' അയാള്‍ പറഞ്ഞു: 'അതെ' (ബുഖാരി).
മറ്റൊരു സംഭവം പറയാം. സഖീഫ് ഗോത്രക്കാരുമായി നടന്ന യുദ്ധമാണല്ലോ ഹുനൈന്‍. യുദ്ധ ശേഷം ശത്രുക്കളുടെ മൃതദേഹങ്ങള്‍ പരിശോധിക്കുമ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്വഹാബി ചേലാകര്‍മം ചെയ്യപ്പെടാത്ത ഒരു ജഡം കണ്ടു. അദ്ദേഹം അത്ഭുതത്തോടെ വിളിച്ച് പറഞ്ഞു: 'സഖീഫ് ഗോത്രക്കാര്‍ ചേലാകര്‍മം ചെയ്യാത്തവരാണ്, ഇത് സത്യം'. ഇത് കേട്ട സഖീഫ് ഗോത്രക്കാരനായ മുഗീറ പറഞ്ഞു: 'അല്ല, അവര്‍ ചേലാകര്‍മം ചെയ്യുന്നവരാണ്'. തുടര്‍ന്ന് മുഗീറ അന്‍സ്വാരിയുടെ കൈ പിടിച്ച് കൊല്ലപ്പെട്ട മറ്റുള്ളവരുടെ ഗുഹ്യസ്ഥാനം കാണിച്ച് കൊടുത്തു. എല്ലാവരും ചേലാകര്‍മം ചെയ്യപ്പെട്ടവരായിരുന്നു (സീറതു ഇബ്‌നി ഇസ്ഹാഖ് ).
ഇസ്‌ലാമിന്റെ നിലപാട്
ചേലാകര്‍മം ഇസ്‌ലാം അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ്. പ്രാമാണിക ഇമാമുകളും പ്രമുഖരായ ആധുനിക പണ്ഡിതരും ഇതില്‍ ഏകാഭിപ്രായക്കാരാണ്. ഇത് സുന്നികളും സലഫികളും അഭിപ്രായവ്യത്യാസമുള്ള വിഷയമേ അല്ല. ലോകാടിസ്ഥാനത്തില്‍ സലഫി പണ്ഡിതരായി അറിയപ്പെട്ടവര്‍ക്ക് ഇവ്വിഷയവുമായി അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍, ചേലാകര്‍മം നിര്‍ബന്ധമാണോ സുന്നത്താണോയെന്നതില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. അത് പിന്നീട് വിവരിക്കാം. അറബികളുടെ സംസ്‌കാരം എന്ന നിലക്കല്ല ഇസ്‌ലാം ചേലാകര്‍മം ചെയ്യാന്‍ കല്‍പ്പിച്ചത്; പ്രത്യുത, പൂര്‍വ പ്രവാചകന്മാരുടെ ചര്യ എന്ന നിലക്കാണ്. ഇത് ഇബ്‌റാഹീം നബിയുടെ ചര്യയായതിനാല്‍ അത് പിന്‍പറ്റാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരായി. 'ഇബ്‌റാഹീമിന്റെ ചര്യ നിങ്ങള്‍ പിന്‍പറ്റുക'(ആലു ഇംറാന്‍: 95). പല സ്വഹാബാക്കളോടും മുസ്‌ലിമായ സമയം ചേലാകര്‍മം ചെയ്യാന്‍ നബി (സ) കല്‍പ്പിച്ചതായി ഹദീസുകള്‍ വന്നിട്ടുണ്ട്. അത് കൊണ്ടാണ് മുസ്‌ലിം ലോകം ഇതില്‍ ഐക്യപ്പെട്ടത്. ചേലാകര്‍മത്തിന്റെ പൊതുവായ ഇസ്‌ലാമിക മാനമാണ് ഇവിടെ വിവരിച്ചത്. സ്ത്രീ ചേലാകര്‍മ വിഷയത്തില്‍ ഇസ്‌ലാമിന്റെ നിലപാട് പ്രത്യേകം വിശദീകരിക്കേണ്ടതുണ്ട്. അതാണല്ലോ ഇപ്പോഴത്തെ വിവാദം.
Also Read..
പ്രാമാണിക നിലപാട്
സലഫീ പണ്ഡിതരുടെ വീക്ഷണം
നിരര്‍ഥകമായ ആരോപണങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."