ലാബ് നിയന്ത്രണ ബില്‍: ചെറുകിട ആശുപത്രികള്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ സ്വകാര്യആശുപത്രി,ലാബ് നിയന്ത്രണ ബില്‍ നടപ്പാക്കിയാല്‍ ചെറുകിട ആശുപത്രികള്‍ പ്രതിരോധത്തിലാകും. സംസ്ഥാനത്തെ ക്ലിനിക്കുകളുടെ സ്ഥിതിയും മറിച്ചാകില്ല.
വന്‍കിട ആശുപത്രികളുടേത് പോലെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാതെ ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ബില്ലിനെതിരേ ഇപ്പോള്‍ തന്നെ ചെറുകിട ആശുപത്രി ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ആശുപത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി രൂപീകരിച്ചിരിക്കുന്ന കൗണ്‍സിലില്‍ ആശുപത്രി പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. 20 പേര്‍ ഉള്‍ക്കൊള്ളുന്ന കൗണ്‍സിലില്‍ ആകെ ഐ.എം.എയുടെ ഒരു പ്രതിനിധിമാത്രമാണ് ഉള്ളത്. ചെറുകിട ആശുപത്രികളുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്താന്‍ ആശുപത്രി ഉടമകളുടെ ഒരു പ്രതിനിധിയെയെങ്കിലും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.പി.എച്ച്.എ സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു.
മാത്രമല്ല, ബില്ലില്‍ പറയുന്ന പോലെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ തയാറായാല്‍ ചികിത്സാ ഫീസും കുത്തനെ ഉയര്‍ത്തേണ്ട സ്ഥിതിയുണ്ടാകും. ഇത് ഗ്രാമീണവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ ആശുപത്രികളിലെ ഫീസ് വര്‍ധിപ്പിച്ചാല്‍ രോഗികള്‍ വന്‍കിട ആശുപത്രികളിലേക്ക് ചികിത്സ തേടിപ്പോകും.
ഇങ്ങനെ വരുമ്പോള്‍ ബില്‍ മൂലം തഴയപ്പെടുന്നത് ചെറുകിട ആശുപത്രികളും ക്ലിനിക്കുകളുമാണ്. നിലവില്‍ നഴ്‌സുമാരുടെയും ജീവനക്കാരുടെയും അടിസ്ഥാന ശമ്പളവും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ആശുപത്രികളെ ആകെ കൂച്ചുവിലങ്ങിടുന്ന ബില്ലും നടപ്പായാല്‍ ചെറുകിട ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്ന് ഉടമകള്‍ പറയുന്നു. കേന്ദ്ര ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ ചുവട് പിടിച്ച് തയാറാക്കിയതാണ് ബില്‍.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം ആരായാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവിലെ സ്ഥിതിയില്‍ രജിസ്‌ട്രേഷന്‍ നേടാന്‍ വന്‍കിട ആശുപത്രികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. വന്‍കിട ആശുപത്രികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ബുദ്ധിമുട്ടിലാക്കുന്നതും സ്വകാര്യ ആശുപത്രികളെയാണ്. കാരണം ആധുനിക ചികിത്സാ സൗകര്യം ആശുപത്രികള്‍ ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആശുപത്രി ഉടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അതേസമയം,യാതൊരു സഹായവും നല്‍കാതെ ആശുപത്രികളുടെ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പ് ശക്തമായിട്ടുണ്ട്.
ബില്‍ നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ഏറ്റവും വലിയ നേട്ടം എല്ലാ സ്വകാര്യ - സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ക്ലിനിക്കല്‍ ലബോറട്ടറികള്‍ക്കും ഫാര്‍മസികള്‍ക്കും നിരക്കിലും പരിശോധനയിലും ഏകീകൃത സ്വഭാവം ഉണ്ടാകുമെന്നതാണ്. കൂടാതെ, രോഗികളെ കൊള്ളയടിക്കുന്ന ലാബുകളെ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ കമ്മിഷന്‍ ഇടപാടുകള്‍ അവസാനിപ്പിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."