തിരുവോണത്തിന്റെ കൊട്ടിക്കലാശമായി വയനാട്ടില്‍ മഴപ്പെയ്ത്ത്
കല്‍പ്പറ്റ: തിരുവോണത്തിന്റെ കൊട്ടിക്കലാശമായി മഴപ്പെയ്ത്ത്.
ഓണാഘോഷത്തിന്റെ പൊലിമയ്ക്ക് പോറലേല്‍പ്പിക്കാതെ തിങ്കളാഴ്ച ജില്ലയില്‍ പരക്കെ മഴപെയ്തു.
ശക്തമായ മഴയില്‍ ടൗണുകളിലടക്കം വെള്ളം കയറി. കല്‍പ്പറ്റയെ വെള്ളത്തില്‍ മുക്കി വൈകിട്ടോടെ മഴയെത്തിയെങ്കില്‍ മാനന്തവാടിയിലും ബത്തേരിയിലും രാത്രിയായിരുന്നു മഴപ്പെയ്ത്ത്.
ഇടിയും മിന്നലുമായെത്തിയ മഴ മണിക്കൂറുകള്‍ പെയ്തു. മഴയെതുടര്‍ന്ന് വൈദ്യുതി നിലച്ചെങ്കിലും ഓണമായിട്ടും ജീവനക്കാര്‍ തകരാറുകള്‍ പരിഹരിച്ച് വൈദ്യുത ബന്ധം പുനസ്ഥാപിച്ചു. കല്‍പ്പറ്റയില്‍ പെയ്ത മഴയില്‍ ടൗണ്‍ മുങ്ങി. ബസ്‌സ്റ്റാന്‍ഡ്, കനറാ ബാങ്ക് പരിസരം, പള്ളിത്താഴെ റോഡ്, പിണങ്ങോട് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. ഇരുചക്രവാഹന യാത്രയും കാല്‍നടയും തടസപ്പെട്ടു. ഏറെനേരത്തിന് ശേഷമാണ് വെള്ളം ഒഴിവായത്.
മാനന്തവാടിയിലും പരിസരങ്ങളിലും രാത്രിയില്‍ ദീര്‍ഘനേരം മഴപെയ്തു.
മഴയ്‌ക്കൊപ്പം ഇടിയും ചിലയിടങ്ങളില്‍ കാറ്റുമുണ്ടായിരുന്നു. പനമരം, തരുവണ, വെള്ളമുണ്ട പ്രദേശങ്ങളിലൂം കനത്ത മഴയായിരുന്നു. മേപ്പാടി മുണ്ടക്കൈയില്‍ വൈകിട്ട് തുടങ്ങിയ മഴ അവസാനിച്ചത് പുലര്‍ച്ചയോടെയാണ്. പനമരത്ത് വൈകിട്ടും രാത്രിയും മഴ കോരിച്ചൊരിഞ്ഞു. ബത്തേരി താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രിയില്‍ അതിശക്തമായ മഴയായിരുന്നു.
ചിലയിടങ്ങളില്‍ നാശനഷ്ടവും ഉണ്ടായി. പുല്‍പ്പള്ളിയിലും മഴ ലഭിച്ചു. ഓടത്തോട് കണ്ണന്‍ചാത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പൂര്‍ണ്ണമായും വെള്ളംകയറി. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ വെള്ളം ഉയര്‍ന്നിരുന്നു. തുള്ളിക്കൊരു കുടം വെള്ളം എന്ന് പറയും പോലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങയില്‍ മഴ പെയ്തത്.
വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ നേരം കനത്ത മഴയാണ് രണ്ട് ദിവസങ്ങളിലായി ലഭിച്ചത്. പകല്‍ കനത്ത വെയിലായിരുന്നു.
എന്നാല്‍ പൂര്‍ണമായും തണുപ്പിക്കുന്ന രൂപത്തിലായിരുന്നു വൈകുന്നേരത്തെ മഴ. ഈ അടുത്ത കാലത്തൊന്നും ടൗണില്‍ ഇത്രയും അധികം ജലം ഉയര്‍ന്നിട്ടില്ലന്ന് നാട്ടുകാര്‍ പറയുന്നു.
ഓടത്തോട് അമ്പാല മൊയ്തീന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു അപകടാവസ്ഥയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."