ദുരിതപാതയായി ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡ് യൂത്ത് ലീഗ് പ്രതിഷേധ വലയം ഇന്ന്
ചെര്‍പ്പുളശ്ശേരി/പനമണ്ണ: ചെര്‍പ്പുളശ്ശേരി മുതല്‍ ഒറ്റപ്പാലം വരെയുള്ള റോഡില്‍ ഇരുചക്രം ഓട്ടണമെങ്കില് സര്‍ക്കസ് പഠിക്കേണ്ടി വരും. ഒരു കുഴിയില്‍ നിന്ന് മറ്റൊരു കുഴിയിലേക്കുള്ള ചാട്ടത്തിനിടയില്‍ ശ്രദ്ധ പാളിയാല്‍ അപകടവും പിന്നാലെ എത്തും.
ചിലയിടങ്ങളില്‍ മെറ്റലും ടാറും ഇളകി റോഡിന്റെ അടിത്തട്ട് വരെ കണ്ടുതുടങ്ങിയിട്ടും അധികൃതര്‍ക്ക് കുലുക്കവുമില്ല. വിവിധ സംഘടനകള്‍ പ്രതിഷേധ ജ്വാലതീര്ത്തിട്ടും അതൊന്നും അധികാരികളുടെ കണ്ണുതുറപ്പിച്ചിട്ടില്ല.
അനങ്ങനടി, തൃക്കടീരി പഞ്ചായത്ത്, എക്സൈസ് ഓഫിസ്, കീഴൂര്‍ പാലം, എലിയപ്പറ്റ, കുറ്റിക്കോട്, പത്താം മൈല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇനി റോഡ് തകരാനില്ലാത്ത സ്ഥിതിയാണ്. ഇതില്‍ ചില സ്ഥലങ്ങളില്‍ വന്‍കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് പലപ്പോഴും ഗതാഗത തടസം സൃഷ്ടിക്കുന്നു.
കുഴികള്‍ ഒഴിവാക്കി വാഹനങ്ങള്‍ റോഡിന്റെ അരിക് ചേര്‍ന്ന് വരുന്നതിനാല്‍ കാല്‍നടയാത്രക്കാരും ഭീതിയിലാണ്. ഹെവി വാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനേനെ കടന്ന് പോകുന്ന ഈ പാതയുടെ കാര്യത്തില്‍ അനങ്ങാപ്പാറ നയം തുടരുന്ന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
അതേസമയം ഷൊര്‍ണൂര്‍ മണ്ഡലത്തിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ തകര്‍ന്നത് നേരെയാക്കാത്തതില് പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കാലത്ത് പത്ത് മണിക്ക് ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധവലയം തീര്‍ക്കും. ഒറ്റപ്പാലം റോഡില്‍ നടക്കുന്ന പ്രതിഷേധ വലയം തീര്‍ക്കല്‍ സമരപരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്യും.
ഹക്കീം ചെര്‍പ്പുളശ്ശേരി അധ്യക്ഷനാവും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."