കനോയിങ് ആന്‍ഡ് കയാക്കിങ് ഫെഡറേഷന്‍: സാമ്പത്തിക തിരിമറി: പുറത്താക്കിയ സെക്രട്ടറിയും പരിശീലകനും തുടരുന്നു
ആലപ്പുഴ: ദേശീയ കനോയിങ് ആന്‍ഡ് കയാക്കിങ് ഫെഡറേഷന്‍ പുറത്താക്കിയ കേരള അസോസിയേഷന്‍ സെക്രട്ടറി തല്‍സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്ത സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി ഡി. വിജയകുമാറാണ് പദവിയില്‍ തുടരുന്നത്.
കഴിഞ്ഞ മാര്‍ച്ച് 10 നാണ് അസോസിയേഷന്‍ പിരിച്ചുവിട്ട് ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ് എസ്.എം ഹഷ്മി ഉത്തരവിറക്കിയത്. പുറത്താക്കിയ സെക്രട്ടറിക്ക് തുഴച്ചില്‍ മത്സരങ്ങളോ അനുബന്ധ കാര്യങ്ങളോ നടത്താന്‍ അധികാരമില്ലാത്ത സാഹചര്യത്തിലും ഇയാളെ പദവിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരോ സ്‌പോര്‍ട്‌സ് കൗണ്‍സിലോ തയാറായിട്ടില്ല.
വിജയകുമാറിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഫെഡറേഷന്‍ സര്‍ക്കാരിനും കൗണ്‍സിലിനും നല്‍കിയിട്ടുണ്ട്.
ദേശീയ ഗെയിംസിലെ തുഴച്ചില്‍ മത്സരങ്ങളിലാണ് പത്ത് കോടിയുടെ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തിയത്. കേസില്‍ ടീമിന്റെ മുഖ്യപരിശീലകന്‍ യു.ആര്‍ അഭയനും ഉള്‍പ്പെട്ടിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ഒരുവര്‍ഷമായിട്ടും സെക്രട്ടറിയും പരിശീലകനും സര്‍ക്കാരിന്റെയും സ്‌പോര്‍ട്ട് കൗണ്‍സിലിന്റെയും ഒത്താശയോടെ തുടരുകയാണെന്നാണ് ആരോപണം.
പിരിച്ചുവിട്ട അസോസിയേഷന്റെ ചുമതല നിര്‍വഹിക്കാന്‍ താല്‍ക്കാലികമായി കമ്മിറ്റിയും ദേശീയ ഫെഡറേഷന്‍ രൂപീകരിച്ചിട്ടുണ്ട്. അഡ്വ. അനില്‍ബോസിന്റെ നേതൃത്വത്തിലാണ് താല്‍ക്കാലിക കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
അതിനിടെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പരിശീലിക്കുന്ന തുഴച്ചില്‍ താരങ്ങള്‍ക്ക് ഫെഡറേഷന്റെ കീഴില്‍ നടക്കുന്ന ദേശീയ മത്സരങ്ങളിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പിരിച്ചുവിട്ട അസോസിയേഷന് താരങ്ങളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ അധികാരമില്ലാത്തതാണ് കാരണമായി പറയുന്നത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവിട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനം നേടുന്ന തുഴച്ചില്‍ താരങ്ങളെ ദേശീയ ഫെഡറേഷന്റെ നിര്‍ദേശ പ്രകാരം പുതിയ കമ്മിറ്റിക്ക് കൈമാറാത്തത് ഇവരുടെ ഭാവിയും അനിശ്ചതത്വത്തിലാക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."