ബോംബിനു പുറമേ തോക്കും പൊയിലൂരില്‍ വ്യാപക റെയ്ഡ്
പാനൂര്‍: പൊയിലൂരില്‍ ബോംബ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന. കഴിഞ്ഞയാഴ്ച തോക്ക് ഉപയോഗിച്ച് അയല്‍വാസിയെ വെടിവെച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ഈ സാഹചര്യത്തില്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കാണ് തെരച്ചില്‍ നടത്തിയത്.
ചൊവ്വാഴ്ച രാവിലെ മുതലാണ് തെരച്ചിലാരംഭിച്ചത്. രണ്ടാഴ്ച മുന്‍പ് ഇവിടെ ഭാര്യയെ ഫോണില്‍ വിളിച്ചുവെന്നാരോപിച്ച് അയല്‍വാസിയെ വെടിവച്ചും ബോംബെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടന്നിരുന്നു. സെന്‍ട്രല്‍ പൊയിലൂര്‍ കമ്പിമുക്ക് വട്ടപ്പൊയിലില്‍ പടിഞ്ഞാറയില്‍ ബാലന്‍ എന്ന പരുന്ത് ബാലന്‍ (53) അയല്‍വാസി പാറായി കൂട്ടായിന്റവിട രതീഷി (25)നെ കൊലെപ്പടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഭാര്യയെ ഫോണില്‍ വിളിച്ചുവെന്നാരോപിച്ചാണ് പ്രതി ബാലന്‍ ബൈക്കില്‍ അയല്‍വാസി രതീഷിന്റെ വീട്ടിലെത്തിയത്. രതീഷിനെ കണ്ട പ്രതി ഉടന്‍ തന്റെ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവയ്ക്കുകയും വീടിനു നേരെ ബോംബെറിയുകയും ചെയ്തു.
വീട്ടുകാര്‍ ബഹളം വെച്ചതോടെ ബാലന്‍ തന്റെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു സംഘം ഈ ബൈക്ക് അടിച്ചു തകര്‍ത്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ അന്ന് രാത്രി 11.30 ഓടെയാണ് വീടിനടുത്ത് വെച്ച് കൊളവല്ലൂര്‍ പൊലിസ് പിടികൂടിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന തോക്കിന് ലൈസന്‍സില്ലെന്ന് പൊലിസ് അറിയിച്ചിരുന്നു. ബാലനെ പിടികൂടിയെങ്കിലും അനധികൃത തോക്ക് കണ്ടെത്താനായിരുന്നില്ല. പൊയിലൂര്‍ വട്ടപ്പൊയിലില്‍ നിന്നു 2002ല്‍ ബോംബ് നിര്‍മാണത്തിനിടെ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാളുടെ കൈപ്പത്തി നഷ്ടപ്പെടുകയും മറ്റു ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നതിനിടയില്‍ കാടുവെട്ടി വൃത്തിയാക്കുന്നതിനിടയില്‍ ബോംബുപൊട്ടി ഒരു സ്ത്രീക്കു ഗുരുതര പരുക്കുപറ്റിയതുള്‍പ്പെടെ നിരവധി സംഭവങ്ങളുണ്ടായ പ്രദേശമാണ് പൊയിലൂരിലെ വട്ടപ്പൊയില്‍. ബി.ജെ.പിയില്‍ നിന്നു രാജിവച്ചു സി.പി.എമ്മില്‍ ചേര്‍ന്ന ഒ.കെ വാസുവിനെ ബോംബെറിഞ്ഞതും ഈ പ്രദേശത്തു വച്ചായിരുന്നു. ചാക്കില്‍ കെട്ടിവെച്ച നിലയില്‍ നൂറോളം ബോംബുകളും ബോംബ് നിര്‍മാണ സാമഗ്രികളും സമീപ പ്രദേശത്തു നിന്നു കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."