മെഡിക്കല്‍ കോളജുകള്‍ എയിംസ് മാതൃകയിലാക്കുന്നു: അത്യാഹിത വിഭാഗം ഇല്ലാതായി, ഇനി അടിയന്തര ചികിത്സാ വിഭാഗം
തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ അത്യാഹിതവിഭാഗം ഇല്ലാതാകുന്നു. ഇനിമുതല്‍ അടിയന്തരചികിത്സാ വിഭാഗമാക്കാന്‍ ആരോഗ്യവകുപ്പു തീരുമാനിച്ചു. തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെ തുടര്‍ന്നാണ് അടിയന്തര നടപടിക്ക് ആരോഗ്യവകുപ്പു തീരുമാനിച്ചത്. എയിംസ് മാതൃകയില്‍ മെഡിക്കല്‍ കോളജുകളെ മാറ്റാനാണു തീരുമാനം. അടിയന്തിര ചികിത്സാവിഭാഗം സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളജുകളിലും നിലവിലില്ല. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പു മെഡിക്കല്‍ കോളജുകളില്‍ ഈ സംവിധാനം ഒരുക്കുന്നത്.
മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, അനസ്തീഷ്യ, നൂറോ സര്‍ജറി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരെ ഏകോപിപ്പിച്ചായിരിക്കും അടിയന്തിര ചികിത്സാവിഭാഗം പ്രവര്‍ത്തിക്കുക.
ഒരു പ്രൊഫസര്‍, മൂന്ന് അസോസിയേറ്റ് പ്രൊഫസമാര്‍ എന്നിവരടങ്ങുന്നതായിരിക്കും അടിയന്തരചികിത്സാ വിഭാഗം. അത്യാസന്നനിലയില്‍ രോഗിയെ മെഡിക്കല്‍ കോളജിലെത്തിച്ചാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അടിയന്തിരചികിത്സ നല്‍കും.
ഈ വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരെ നിയമിക്കും. അതുവരെ നിലവിലുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ ഏകോപിപ്പിച്ചായിരിക്കും അടിയന്തിര ചികിത്സാവിഭാഗം പ്രവര്‍ത്തിക്കുക. അത്യാഹിതവിഭാഗത്തിലെ ട്രയേജ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സത്വര നടപടിയെടുക്കും. ഇതിനായി ട്രയേജ് പ്രോട്ടോകോള്‍ നടപ്പിലാക്കും. താമസം കൂടാതെ രോഗിക്ക് എങ്ങനെ മികച്ച അത്യാഹിത വിഭാഗ ചികിത്സ ലഭ്യമാക്കാം എന്നതിനെപ്പറ്റി നഴ്‌സുമാര്‍ക്കു പ്രത്യേക പരിശീലനവും നല്‍കും.
അടിയന്തിരചികിത്സാ വിഭാഗത്തിലെത്തുന്ന രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ചു വിവിധ മേഖലയിലേയ്ക്കു തിരിച്ചു വിടും. ചുവന്ന മേഖല, മഞ്ഞ മേഖല, പച്ച മേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് അടിയന്തിരവിഭാഗ ചികിത്സ ക്രമീകരിക്കപ്പെടുക. അതീവ തീവ്ര പരിചരണം ആവശ്യമുള്ള മേഖലയാണു ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കുന്ന മേഖലയാണ് മഞ്ഞ മേഖല. സാരമായ പ്രശ്‌നങ്ങളില്ലാത്ത രോഗികളെ പരിശോധിക്കുന്നതാണു പച്ച മേഖല.അടിയന്തിര ചികിത്സാവിഭാഗത്തില്‍ ആവശ്യത്തിനു വെന്റിലേറ്ററുകളും സി.ടി. സ്‌കാന്‍ സൗകര്യവുമൊരുക്കും. മെഡിക്കല്‍ കോളജുകളെ എയിംസ് മാതൃകയിലാക്കണമെന്ന് ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ച ആരോഗ്യനയത്തില്‍ നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."