വിധിന്യായത്തിലെ നിരീക്ഷണങ്ങള്‍
മുത്വലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിലേറെ അതിന്റെ ഇസ്‌ലാമിക മാനം പരിശോധിക്കുന്നതിനാണ് ജ. കുര്യയന്‍ ജോസഫ് പരിശ്രമിച്ചത്. വിവാഹമോചനത്തിന് മതിയായ കാരണവും മധ്യസ്ഥ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട് എന്ന ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് മത്വലാഖ്എന്നും, ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട രീതിയല്ല മുത്വലാഖ് വഴിയുള്ള വിവാഹമോചനത്തില്‍ പിന്തുടരുന്നതെന്നും തുടങ്ങിയ കാരണങ്ങളാല്‍ തന്നെ മുത്വലാഖ് എന്ന സമ്പ്രദായം ഖുര്‍ആനിക വിരുദ്ധവും ശരീഅത് വിരുദ്ധവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ത്സ്‌ലാമിക നിയമങ്ങളുടെ സ്രോതസുകള്‍. ഇവയില്‍ പ്രഥമഗണനീയം ഖുര്‍ആനാണെന്നും മറ്റു സ്രോതസ്സുകള്‍ ഖുര്‍ആനിന് വിരുദ്ധമാകുന്നെങ്കില്‍ അവ സ്വീകരിക്കപ്പെടില്ലെന്നുമുള്ള ജ. കുര്യന്‍ ജോസഫിന്റെ നിരീക്ഷണം മതപരമായി എത്രത്തോളം വസ്തുനിഷ്ഠമാണ് എന്ന് പരിശോധിക്കാതെയുള്ള വിശകലനങ്ങള്‍ അബദ്ധമാണ്.
ലഭ്യമായ സ്രോതസുകളില്‍ നിന്ന് നിയമം കണ്ടെത്തുക (law finding), എന്നതില്‍ കവിഞ്ഞു നിയമനിര്‍മാണത്തിനുള്ള ( law making ) അധികാരം അല്ലാഹു മനുഷ്യന് നല്‍കിയിട്ടില്ല. മാത്രമല്ല, മേല്‍പ്രസ്താവിതമായ സ്രോതസുകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് നിയമം കണ്ടെത്തേണ്ടതെന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നുമുണ്ട്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ സ്രോതസുകളില്‍ നിന്ന് ലഭ്യമായ തെളിവുകളെ സൂക്ഷ്മതലത്തില്‍ അപഗ്രഥിക്കുമ്പോള്‍ മാത്രമാണ് ഇസ്‌ലാമിക നിയമങ്ങളെ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഖുര്‍ആനിനെ നിയമസ്രോതസ് എന്ന ഗണത്തില്‍ നിന്നെടുത്തുമാറ്റി കേവലം നിയമ പുസ്തകമായി കരുതുന്നത് അപകടകരമാണ്.
വ്യത്യസ്ത നിയമസ്രോതസുകളില്‍ കാണപ്പെടുന്ന വ്യത്യാസങ്ങളെ സൂക്ഷ്മാര്‍ഥത്തില്‍ പഠന വിധേയമാകാതെ 'നിയമം' കണ്ടെത്തുക അസാധ്യമാണ്.അതുകൊണ്ടുതന്നെ,ഖുര്‍ആനിലും നബിചര്യയിലും വ്യത്യാസമെന്നു തോന്നുന്നവ കാണപ്പെട്ടാല്‍ അവ സൂക്ഷ്മതലത്തില്‍ പഠനവിധേയമാക്കി മാത്രമേ വിധി പറയാനൊക്കൂ. കാരണം, ഖുര്‍ആനിനെ വിശദീകരിക്കേണ്ടത് പ്രവാചകനാണല്ലോ. ഒരു വിഷയത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രത്യക്ഷത്തില്‍ നിശബ്ദമാണെന്നത് കൊണ്ട് അത് അനിസ്‌ലാമികമാണെന്നു വിധിയെഴുതുവാന്‍ കഴിയില്ല എന്ന ജ. ഖെഹാറിന്റെ നിരീക്ഷണം ഇതോട് കൂടെ ചേര്‍ത്തു വായിക്കേണ്ടതാണ്.
ഖുര്‍ആന്‍ മോശമെന്ന് വിശേഷിപ്പിച്ച പ്രാക്ടിസിനു നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും ദൈവശാസ്ത്രപരമായി മോശമായത് നിയമപരമായും മോശമാണെന്നുമുള്ള ജ. കുര്യന്‍ ജോസഫിന്റെ കണ്ടെത്തല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന സെക്കുലര്‍ നിയമങ്ങള്‍ക്കു പോലും വിരുദ്ധമാണ്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പുള്ള വിവാഹം നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. എന്നാല്‍, അത്തരം വിവാഹങ്ങള്‍ നിയമപരമായി സാധുവാണെന്നും പ്രസ്തുത നിയമം പറയുന്നു. ഒരേസമയം പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പുള്ള വിവാഹം നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാകുമ്പോള്‍ (രണ്ട് വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും) ആ വിവാഹത്തിന്റെ സാധുത നിയമം അംഗീകരിക്കുന്നുവെന്നു ചുരുക്കം.
മുസ്‌ലിം വ്യക്തിനിയമം:
നിയമനിര്‍മാണവും ക്രോഡീകരണവും - സാധ്യതകള്‍, വെല്ലുവിളികള്‍
ശയറാബാനു കേസ് മുത്വലാഖുമായി ബന്ധപ്പെട്ട് പുതുതായി ഒന്നും പറയുന്നില്ലെങ്കിലും വിധിപ്രസ്താവം മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരവും നിര്‍ണ്ണായകവുമാണ്. ഈ വിധിന്യായം മുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയും ഗൗരവമേറിയ ചര്‍ച്ചകളും അനിവാര്യമാക്കുന്നുവെന്നു പറയാതെ വയ്യ.
ഇസ്‌ലാമിക നിയമങ്ങളുടെ ചരിത്രവും പശ്ചാത്തലവും വ്യാഖ്യാനങ്ങളും യുക്തമായ രീതിയില്‍ അവതരിപ്പിക്കുന്നിടത്ത് മുസ്‌ലിം സമൂഹം വേണ്ടത്രവിജയിച്ചിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. നാളിതു വരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ 1980കള്‍ക്ക് ശേഷം മുസ്‌ലിം വ്യക്തിനിയമം കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് മനസിലാക്കാം. 'പൗരാണികവും പ്രമാണികവുമായ ഗ്രന്ഥങ്ങളില്‍ പ്രതിപാദ്യമായ നിയമങ്ങള്‍ ആധുനിക സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റം വരുത്തുകയോ, വ്യതിയാനം നടത്തുകയോ ചെയ്യരുതെന്നും കാലാനുസൃതമായി യോജിക്കാത്ത ഭാഗങ്ങളുണ്ടെങ്കില്‍പോലും അവ നിരാകരിക്കുവാനുള്ള സ്വാതന്ത്രം കോടതികള്‍ക്കില്ലെന്ന' (വീരന്‍ കുട്ടി കേസ്) നിരീക്ഷണം പരമ്പരാഗതമായി കോടതികള്‍ സ്വീകരിച്ചു വന്ന നിലപാട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, 1980കള്‍ക്ക് ശേഷം കോടതികള്‍ ലിബറല്‍ വ്യാഖ്യാനങ്ങള്‍ സ്വീകരിച്ചു തുടങ്ങി എന്നതാണ് യാഥാര്‍ഥ്യം. ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ മുത്വലാഖ് സാധുവാകില്ലെന്നും ഇജ്തിഹാദിന്റെ സാധ്യതകള്‍ മുന്നിലുണ്ടെന്നുമുള്ള (ജിയാവദ്ദീന്‍ അന്‍വര്‍ ബീഗം കേസ് ) പരാമര്‍ശങ്ങള്‍ ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
റദ്ദുല്‍ മുഖ്താര്‍, ഫതവാ ആലംഗീരി, ഇമാമിയ തുടങ്ങിയവയുടെ തര്‍ജമകളും, തൈബ്ജി, അമീര്‍ അലി, അസഫ് ഫൈസി, ധിന്‍ഷാ മുല്ല, താഹിര്‍ മഹ്മൂദ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ലഭ്യമാണെങ്കിലും നിലവിലെ സാമൂഹിക ചുറ്റുപാടുകള്‍ കൂടെ പരിഗണിച്ചാണ് കോടതികള്‍ വിധിപറയാറുള്ളത്. ഇത്തരം വിഷയങ്ങളില്‍ കോടതികളുടെ വ്യാഖ്യാനങ്ങളും ഇടപെടലുകളും ചിലപ്പോയെങ്കിലും മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വിരുദ്ധമാകാറുണ്ട് എന്നതാണ് വസ്തുത.
മുത്വലാഖ് ചൊല്ലിയ ശേഷം തഹ്‌ലീല്‍ (മറ്റൊരാള്‍ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തിന് ശേഷം മോചിപ്പിക്കല്‍) നടത്താതെ പഴയ ബന്ധം തുടരുന്നത് കുറ്റകരമായ ബന്ധമാണെന്നും അതില്‍ ജനിക്കുന്ന കുട്ടികള്‍ നിയമപരമായ സന്താനങ്ങളായി പരിഗണിക്കപ്പെടുമെന്നും (ജ. നാരായണ പിള്ള 1979), ഹിന്ദു-മുസ്‌ലിം വിവാഹം അസാധുവായി പരിഗണിക്കപ്പെടുമെന്നും ഭാര്യക്ക് മഹ്‌റിന് മാത്രമേ അവകാശമുണ്ടാകുവെന്നും അതില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അന്തരാവകാശ സ്വത്തിന് അര്‍ഹതയുണ്ടെന്നും (കേരളം ഹൈ കോടതി 2007), വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീക്ക് മറ്റൊരു വിവാഹത്തിലേര്‍പ്പെടുന്നത് വരെയോ മരണം വരെയോ ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും (അബ്ദുല്ല മിയാന്‍-ഹൂറുന്നിസ 2011) പ്രായപൂര്‍ത്തിയായ ശാഫി സരണിയിലെ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാന്‍ രക്ഷിതാവിന്റെ (വലിയ്യ്) ആവശ്യമില്ലെന്നും (ഇത്തിയുമ്മ കേസ് 1967) തുടങ്ങിയ വിധിന്യായങ്ങള്‍ ഈ സത്യമാണ് വിളിച്ചു പറയുന്നത്.
നിയമനിര്‍മാണം
മുത്വലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തണമെന്ന ജ. ഖെഹറിന്റെ നിര്‍ദേശം എത്രമാത്രം സ്വാഗതാര്‍ഹമാണ്. മാത്രവുമല്ല, മുസ്‌ലിം വ്യക്തിനിയമത്തിനു കീഴിലെ വ്യത്യസ്ത വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിന്റെ സാംഗത്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. നിയമനിര്‍മാണം എന്ന സാങ്കേതികത്വത്തിനു മുന്നില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നു. ഒന്നാമതായി, 1937 ലെ ശരീഅത് ആക്ട് മുസ്‌ലിം സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ഇല്ലായ്മ ചെയ്യുവാനും ഇസ്‌ലാമിക നിയമങ്ങളെ വ്യക്തമാക്കുവാനും വേണ്ടി ക്രോഡീകരിക്കപ്പെട്ട നിയമമായതിനാല്‍ അവ ഭരണഘടനയുടെ 13ാം അനുച്ഛേദം വിവക്ഷിക്കുന്ന 'പ്രാബല്യത്തിലുള്ള നിയമങ്ങള്‍' എന്ന പരിധിയില്‍ വരില്ലെന്ന് ജ. ഖേഹര്‍ നിരീക്ഷിക്കുന്നു. എന്നാല്‍, 1937ലെ ഫസ്ഖ് നിയമം ഈ പരിധിയില്‍ പെടുമെന്ന ജ. ഖേഹറിന്റെ നിരീക്ഷണം സസൂക്ഷ്മം വിശകലനം ചെയ്യേണ്ടതുണ്ട്. അഥവാ, 1937 ലെ ശരീഅത് ആക്ടിലുള്ള വിഷയങ്ങള്‍ 1939ലെ ഡിസോലൂഷന്‍ ഓഫ് മുസ്‌ലിം മാര്യേജ് ആക്ട് പോലെ 'നിയമമായി' പരിവര്‍ത്തനം ചെയ്യുമ്പോള്‍ അവ ഭരണഘടനപരമാണോ അല്ലയോ എന്ന പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും. അത്തരം സാഹചര്യങ്ങള്‍ മറികടക്കുവാന്‍ മുസ്‌ലിം വ്യക്തിനിയമത്തിനു കഴിയുമോ എന്നത് ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
രണ്ടാമതായി, നിയമനിര്‍മാണം നടക്കുന്നതോടെ ശരീഅത് വിവക്ഷിക്കുന്ന അര്‍ഥതലങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും, കോടതിയുടെ വ്യാഖാന പരിധി 'നിയമത്തിന്റെ' വാചികാര്‍ഥങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. 1986ലെ ങൗഹെശാ ണീാലി ( Protection of Rigth on Divorce ) അതേ നിയമപ്രകാരം 'ഇദ്ദ കാലയളവിനുള്ളില്‍ ജീവനാംശം നല്‍കണമെന്ന' നിയമത്തെ 'ഇദ്ദ കാലയളവിനുള്ളില്‍ ശിഷ്ടകാലത്തേക്ക് മതിയായ വിധം ജീവനാംശം നല്‍കണമെന്ന്' വ്യാഖ്യാനിക്കപ്പെട്ടത് ഇത്തരം വ്യാഖ്യാന സാധ്യതകളിലെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടുന്നു.
മൂന്നാമതായി,മതത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഘടകങ്ങള്‍ക്ക് മാത്രമേ ഭരണഘടന അനുശാസിക്കും വിധമുള്ള മതസ്വാതന്ത്രത്തിന്റെ പരിരക്ഷ ലഭ്യമാവുകയുള്ളുവെന്ന് സുപ്രീം കോടതി വിവിധ കേസുകള്‍ വ്യക്തമാക്കിയതാണ്. മാത്രവുമല്ല, വിവാഹം, അന്തരാവകാശം തുടങ്ങിയ സെക്കുലര്‍ സ്വഭാവമുള്ള വിഷയങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണം ലഭ്യമല്ല എന്ന സരള മുഗ്ദല്‍ കേസിള്‍ കോടതി നടത്തിയ നിരീക്ഷണത്തെ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. ഫലത്തില്‍, വിവാഹം, അന്തരാവകാശം തുടങ്ങിയ വിഷയങ്ങള്‍ വ്യക്തിനിയമങ്ങളുടെ പരിധിക്ക് പുറത്തു പോവുകയും ഭരണഘടനാ ടെസ്റ്റിന് ( cotsnitutional ) വിധേയമാവേണ്ടി വരികയും ചെയ്യും.
അതെ സമയം, മുസ്‌ലിം വ്യക്തിനിയമത്തിനു കീഴിലെ വിഷയങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ (procedure ) രൂപീകരിക്കുക വഴി വ്യക്തിനിയമങ്ങള്‍ നടപ്പാക്കപ്പെടുന്നത് കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്യും. മാത്രവുമല്ല, പ്രമാണ നിയമത്തിനു (sutsbantiv-e law) വിരുദ്ധമാകാത്ത രീതിയില്‍ നടപടി ക്രമങ്ങള്‍ (procedural law ) നടപ്പാകേണ്ടത് അത്യന്താപേക്ഷികവുമായി വരികയാണ്. അത് സംബന്ധിക്കുന്ന കരട് രേഖകള്‍ തയാറാക്കാനെങ്കിലും സമുദായം മുന്നോട്ടുവരണം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."