തദ്ദേശ വകുപ്പില്‍ ജോലി ചെയ്യാന്‍ തയാറാകാത്ത ഉദ്യോഗസ്ഥരെ വീട്ടിലിരുത്തും: മന്ത്രി കെ.ടി ജലീല്‍
കാറളം: ജോലിചെയ്യാന്‍ തയാറാകാത്ത തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കാറളത്ത് ആരംഭിച്ച അജൈവ മാലിന്യ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരാവശ്യത്തിനായി ജനങ്ങള്‍ക്ക് രണ്ടു തവണയില്‍ കുടുതല്‍ വരേണ്ട അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം മാലിന്യ കൂമ്പാരങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ കോര്‍പ്പറേഷനുകളില്‍ ജൈവ-അജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്നും ജലീല്‍ പറഞ്ഞു. നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ വിമുക്തമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
തൃശൂര്‍ ജില്ലയില്‍ ആദ്യമായി പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്ലാന്റ് കാറളത്താണ് സ്ഥാപിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ഉണക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംസ്‌കരിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗ്രാമീണ റോഡ് നിര്‍മാണങ്ങളില്‍ പത്ത് ശതമാനം വീതം ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.
പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷനായി. സി.എന്‍ ജയദേവന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസി. വി.എം മനോജ് കുമാര്‍, വൈസ് പ്രസി. നളിനി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.ജി ശങ്കരനാരായണന്‍, എന്‍.കെ ഉദയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ് ബാബു, സരള വിക്രമന്‍, കാര്‍ത്തിക ജയന്‍, മനോജ് വലിയപറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."