പി.കെ ചാത്തന്‍ മാസ്റ്റര്‍ ഹാള്‍ കോംപൗണ്ട് കാടുവിഴുങ്ങുന്നു
മാപ്രാണം: പി.കെ ചാത്തന്‍ മാസ്റ്ററുടെ സ്മാരകമായി നിര്‍മിച്ച ഹാളിന്റെ അവശേഷിപ്പുകളും സ്ഥലവും കാട് വിഴുങ്ങുന്നു.
മാപ്രാണം സെന്ററിലുള്ള ഹാളിന്റെ കോംപൗണ്ടാണ് കാടുകയറി കിടക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ മുന്‍ ഭരണസമിതിയുടെ കാലത്താണ് നവീകരണത്തിന്റെ പേരില്‍ ഹാള്‍ പൊളിച്ചിട്ടത്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരേയും ഹാള്‍ പുനര്‍നിര്‍മിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. കെ.പി.എം.എസ്, പട്ടികജാതി പട്ടിക വര്‍ഗ വികസന സമിതി എന്നിവയുടെ പ്രതിഷേധങ്ങളും കോടതി വ്യവഹാരങ്ങളുമാണ് കെട്ടിട പുനര്‍ നിര്‍മാണത്തിന് തടസമായി നിന്നിരുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും കോടതി അനുമതിയോടെ മാത്രമെ പുനര്‍നിര്‍മാണം നടക്കുകയുള്ളൂവെന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ നാളിതുവരെയായിട്ടും കെട്ടിടത്തിന്റെ ചുമരുകളും സ്ഥലവും വൃത്തിയാക്കിയിടാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
1957ലെ പ്രഥമ ഇ.എം.എസ് മന്ത്രിസഭയിലെ പട്ടികജാതി പഞ്ചായത്ത് സഹകരണ വകുപ്പ് മന്ത്രിയും കെ.പി.എം.എസ് നേതാവുമായിരുന്നു പി.കെ ചാത്തന്‍ മാസ്റ്റര്‍. അധസ്ഥിത വര്‍ഗത്തിന്റെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച തൊഴിലാളി വര്‍ഗ പോരാളിയായിരുന്ന പി.കെ ചാത്തന്‍ മാസ്റ്ററുടെ പേരില്‍ 1989ല്‍ പട്ടികജാതി വികസന വകുപ്പാണ് ഹാള്‍ നിര്‍മിച്ചത്. 16 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഹാള്‍ 2001ലാണ് പൊറത്തിശ്ശേരി പഞ്ചായത്തിന് കൈമാറിയത്.
പിന്നീട് പഞ്ചായത്ത് നഗരസഭയില്‍ ലയിച്ചതോടെ ഹാള്‍ നഗരസഭയുടേതായി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എസ്.സി ഫണ്ടില്‍ നിന്ന് ഒരു കോടി ചിലവഴിച്ച് ഹാള്‍ പൊളിച്ചുമാറ്റി പുതിയ ഹാള്‍ നിര്‍മിക്കാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പ്രോജക്റ്റ് തയാറാക്കിയിരുന്നു. എന്നാല്‍ പട്ടികജാതി വികസന വകുപ്പ് ഡയരക്ടര്‍ തടഞ്ഞതോടെ പദ്ധതി നടപ്പിലായില്ല. പിന്നിട് മുന്‍ ഭരണസമിതിയുടെ അവസാനകാലത്ത് അന്‍പത് ലക്ഷം രൂപ പ്രത്യേക ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും തയാറാക്കി.
ഹാളിന്റെ മുന്‍വശം പൊളിച്ച് നീക്കി ഓഫിസ് സൗകര്യത്തോടെ പുനര്‍നിര്‍മിക്കാനായിരുന്നു പദ്ധതി. ഇത് പ്രകാരം ഹാള്‍ പൊളിച്ചുനീക്കാന്‍ നടപടി ആരംഭിച്ചതോടെ കെ.പി.എം.എസ്സും, പട്ടികജാതി പട്ടിക വര്‍ഗ വികസന സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സമരങ്ങളും കോടതി വ്യവഹാരങ്ങളുമൊക്കെയായി നവീകരണം നിലച്ചതോടെ സ്ഥലം കാടുകയറി. ഇപ്പോള്‍ പുല്‍പടര്‍പ്പുകള്‍ അസ്ഥികോലം പോലെ നില്‍ക്കുന്ന ചുവരുകള്‍ക്കൊപ്പമെത്തി. എന്നിട്ടും അധികാരികള്‍ അനങ്ങിയിട്ടില്ല. അതിനാല്‍ കാടുകയറിയ സ്ഥലവും ചുറ്റുപാടും അടിയന്തിരമായി വൃത്തിയാക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."