കവിതകളുടെ സഹയാത്രികനായി സഗീര്‍ അന്നമനട
അന്നമനട : കവിതകളുടെ സഹയാത്രികനായ സഗീര്‍ അന്നമനടയുടെ സാഹിത്യ സപര്യ അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു. പറവൂര്‍ എസ്.എന്‍ ഹൈസ്‌കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്ന കാലത്താണ് കവിതയെഴുത്ത് ആരംഭിച്ചത് . 13 ാം വയസില്‍ ആരംഭിച്ച കവിതയെഴുത്ത് 57 ാം വയസിലും തുടരുകയാണ്. പറവൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സവ്വേ സാചി സായാഹ്ന ദിനപത്രത്തില്‍ പ്രണാമം എന്ന കവിതയാണ് ആദ്യമായി വെളിച്ചം കണ്ടത്. സ്‌കൂള്‍ പഠന കാലത്ത് കവിത രചന മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ദേശാഭിമാനി, ജനയുഗം വാരാന്ത്യ പതിപ്പുകളിലും തൂലിക മാസികയിലും ദേശീയോദ്ഗ്രഥനം, ദേശകാഴ്ച, നിരൂപണം തുടങ്ങിയ പ്രദേശിക പത്രങ്ങളിലുമെല്ലാമായി അഞ്ചൂറിലേറെ കവിതകള്‍ സഗീര്‍ അന്നമനടയുടെ തൂലികയില്‍ പിറന്നിട്ടുണ്ട്.
അന്നമനടയെന്ന ഗ്രാമത്തിന്റെ ഹൃദയ സ്പന്ദനങ്ങളെ തന്റെ കവിതകളില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹത്തിന്റെ കവിതകളെ അടുത്തറിയുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഒരു പ്രദേശത്തിന്റെ കുടിനീര്‍ സ്രോതസായ ചാലക്കുടി പുഴയെ മലിനമാക്കി നശിപ്പിക്കുന്നതിനെതിരെ തന്റെ കവിതകളെ സഗീര്‍ അന്നമനട പടവാളാക്കുകയുണ്ടായി. അമച്വര്‍ നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചനയും സഗീര്‍ നടത്തിയിട്ടുണ്ട്. കൂടാതെ പത്തോളം ഷോര്‍ട്ട് ഫിലിമുകളില്‍ സഗീര്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം അന്നമനട കല്ലൂരില്‍ താമസിക്കുന്ന സഗീര്‍ കഴിഞ്ഞ 20 വര്‍ഷമായി എടയര്‍ ഇന്റോ ജര്‍മന്‍ കാര്‍ബണ്‍സ് കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം സീതി സാഹിബിന്റെ സഹോദരിയുടെ മകന്റെ മകനായ സഗീര്‍ ഇതിനകം എഴുതിയ അഞ്ഞൂറോളം കവിതകള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."