മക്കളോട് സംസാരിക്കാന്‍ ഭയമുള്ളവര്‍
ദേഹോപദ്രവം ഏല്‍പ്പിക്കുന്ന കുട്ടി
ഏക മകള്‍ സ്‌കൂളില്‍ നന്നായി പഠിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. എന്നാല്‍ വീട്ടില്‍നിന്നു പഠിക്കാന്‍ തയാറാകുന്നില്ല. എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകും. പിന്നീട് മണിക്കൂറുകള്‍ കരഞ്ഞുതീര്‍ക്കും. എനിക്കു നേരെ ദേഹോപദ്രവം ചെയ്യുന്നു.
അനൂപ് കൊയിലാണ്ടി, കൊല്ലം
ആദ്യം ശ്രദ്ധിക്കേണ്ടത് കുട്ടിക്ക് എത്രമാത്രം പഠിക്കാന്‍ താല്‍പര്യമുണ്ടെന്നതാണ്. പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടിയാണെങ്കില്‍ സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നുമെല്ലാം ഒരുപോലെ പഠിക്കുമല്ലോ. മറ്റൊന്ന് പഠിക്കാന്‍ പറയുന്ന സമയത്തെല്ലാം കരഞ്ഞുതീര്‍ക്കുമെന്നതാണ്. ദേഹോപദ്രവം ചെയ്യുന്നുണ്ട്. കുട്ടിക്ക് പഠിക്കാനുള്ള താല്‍പര്യക്കുറവിനെയാണ് ഇത് മനസിലാക്കിത്തരുന്നത്. അവന്‍ അവന്റെ ഇഷ്ടത്തിനു കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ പേടിപ്പിച്ച്, ഉപദ്രവിച്ച് കാര്യങ്ങള്‍ നേടിയെടുക്കുകയാണ്. ഇവിടെ കുട്ടിയുമായുള്ള വിശദമായ, ഉള്ളുതുറന്നുള്ള സംസാരമാണ് ആദ്യം വേണ്ടത്.
എന്തൊക്കെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് മനസിലാക്കണം. വീട്ടിലെ സൗകര്യങ്ങള്‍, വീട്ടിലെ പ്രശ്‌നങ്ങള്‍, പഠനത്തിനു പ്രത്യേകമായ മുറി, മറ്റുള്ളവരുടെ ഇടയില്‍നിന്ന് പഠിക്കാനുള്ള പ്രയാസം തുടങ്ങിയവ ഉണ്ടോയെന്ന് പരിശോധിക്കണം.
മറ്റു കാര്യങ്ങളില്‍ (ടി.വി കാണുക, കളിക്കുക) താല്‍പര്യമുള്ള കുട്ടിയാണെങ്കില്‍ ആ കാര്യങ്ങള്‍ ചെയ്യാന്‍ സമയം അനുവദിച്ച് കൊടുത്ത് പഠനത്തിലേക്കു ക്രമേണ കൊണ്ടുവരുന്നതാകും നല്ലത്. തുടര്‍ന്ന് താല്‍പര്യപൂര്‍വം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അതിനുശേഷം അവനു താല്‍പര്യമുള്ള കാര്യങ്ങളില്‍ ചെറിയ പ്രോത്സാഹനംകൂടി നല്‍കുമ്പോള്‍ പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കും.
പഠനവൈകല്യം, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, ചില വിഷയത്തില്‍ പിന്നോക്കമാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ചികിത്സകള്‍ വേണ്ടിവരും.
പഠിക്കാന്‍ പറയുമ്പോഴേക്കും ദേഷ്യപ്പെട്ട് ഉപദ്രവിക്കുന്ന സ്വഭാവം കൂടുതലാണെങ്കില്‍ ഒരുപക്ഷേ ദേഷ്യം നിയന്ത്രിക്കാനുള്ള പരിഹാരമാര്‍ഗം തേടണം. ഇതിനൊന്നും സഹകരിച്ചിട്ടില്ലെങ്കില്‍ മാത്രം ഇവ നിയന്ത്രിക്കാന്‍ ചെറിയ രൂപത്തില്‍ ഗുളിക നല്‍കേണ്ടിവന്നേക്കാം. ചുരുക്കത്തില്‍ സൈക്കോളജിസ്റ്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഇത്തരത്തിലുള്ള കുട്ടികളെ തിരികെക്കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
പകര്‍ത്തിയെഴുതുമ്പോള്‍ എന്തുകൊണ്ട് തെറ്റുകള്‍?
മകന്‍ പാഠഭാഗങ്ങള്‍ കൃത്യമായി പറഞ്ഞു കേള്‍പ്പിക്കുന്നുണ്ട്. എന്നാല്‍ എഴുത്തുപരീക്ഷയില്‍ പരാജയപ്പെടുന്നു. കണക്കു കൂട്ടുമ്പോള്‍ ശരിയാകും, എന്നാല്‍ പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റിക്കുന്നു. കൂടെ ഇരുത്തി പഠിപ്പിച്ചാല്‍ നല്ല മാര്‍ക്ക് വാങ്ങുന്നുണ്ട്. ഇപ്പോള്‍ എട്ടാം ക്ലാസിലാണ്. കൂടെയിരുത്തി പഠിപ്പിക്കുന്നതിനൊക്കെ ഉയര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോള്‍ പ്രയാസമാകുമല്ലോ. എന്തു ചെയ്യും?
റഹ്മാന്‍ കാഞ്ഞിരമുറ്റം
കുട്ടിക്ക് രണ്ടുതരത്തിലുള്ള പഠനവൈകല്യമുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. എഴുതുന്ന കാര്യത്തില്‍ വൈകല്യമുണ്ട്. ഡിസ്ഗ്രാഫിയ എന്ന പഠനവൈകല്യമാണത്. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് എഴുതാന്‍ മടികാണും, പതുക്കെ മാത്രമേ എഴുതുകയുള്ളൂ, വരികള്‍ മാറിപ്പോകാം, കുത്തും കോമയും വിട്ടുപോകാം, അക്ഷരങ്ങള്‍ തിരിഞ്ഞുപോകാം, വാക്ക്, വാചക ഘടന ഇവയെല്ലാം തെറ്റിപ്പോകും. പരീക്ഷാ സമയങ്ങളിലാണ് ഇവര്‍ കൂടുതല്‍ ടെന്‍ഷന്‍ അനുഭവിക്കുക. എഴുതാനുള്ള ശേഷിയില്ലാതെ പിന്നെ പഠനത്തില്‍ പിന്നോക്കമാകും. ആത്മവിശ്വാസം നഷ്ടപ്പെടും. ഇതോടെ വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ബാധിക്കും. അതിഭയങ്കരമായ ദേഷ്യം, വാശി, വൈരാഗ്യം തുടങ്ങിയ മോശ സ്വഭാവങ്ങള്‍ കാണിച്ചെന്നിരിക്കാം. എന്നാല്‍ ഇതെല്ലാം വേഗത്തില്‍ പരിഹരിക്കാവുന്നതാണ്.
കണക്ക് ചെയ്യുന്നുണ്ടെങ്കിലും പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റുന്നുണ്ടെന്ന് പറയുന്നത് ലേണിങ് ഡിസബിലിറ്റിയെയാണ് (എ കാല്‍ക്കുലിയ) കാണിക്കുന്നത്. ഇതിന്റെ സാധ്യത തള്ളിക്കളയാനാവില്ല. പകര്‍ത്തിയെഴുതുമ്പോഴായിരിക്കും ഇവര്‍ക്ക് തെറ്റുകള്‍ സംഭവിക്കുന്നത്. കൃത്യമായ ഉത്തരങ്ങള്‍ അറിഞ്ഞാല്‍പോലും ഉത്തരപേപ്പറിലേക്ക് പകര്‍ത്തുമ്പോള്‍ ചിലത് വിട്ടുപോവുകയും 89 എന്നുള്ളത് 98 എന്നിങ്ങനെ തിരിഞ്ഞുപോവുകയും ചെയ്യാം. ഇവരുടെ കൂടെയിരുന്ന് ചെയ്യിപ്പിക്കുന്നതില്‍ മാത്രം കാര്യമില്ല. സൈക്കോളജിസ്റ്റിനെ കാണിക്കണം. റെമഡിയല്‍ എജ്യുക്കേറ്ററെക്കൊണ്ട് പരിശോധിപ്പിക്കണം. കൂടുതല്‍ താമസിക്കാതെ പരിഹാരമാര്‍ഗം തേടണം. എന്നാല്‍ പഠനം മെച്ചപ്പെടും, വൈകാരികമായ മാനസിക പ്രശ്‌നങ്ങള്‍ നീങ്ങും, ആത്മവിശ്വാസം വര്‍ധിക്കും.
എനിക്കവനോട് സംസാരിക്കാന്‍ ഭയമാണ്
13 വയസുള്ള എന്റെ മോനോട് സംസാരിക്കാന്‍ പോലും പേടിയാകുന്ന തരത്തിലാണ് അവന്റെ സ്വഭാവം. എന്നോട് വല്ലാത്ത ദേഷ്യമാണ്. കുട്ടിക്കെതിരേ സ്‌കൂളിലും പരാതികളുണ്ട്. ഞാനൊന്നും അവനോട് ചെയ്തിട്ടില്ല. എല്ലാ കാര്യങ്ങളും അംഗീകരിച്ചുകൊടുക്കലാണ് പതിവ്. ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നുമുണ്ട്. എന്നിട്ടും ഇതാണ് അവസ്ഥ. എന്തു ചെയ്യണം?
നിര്‍മല മണ്ണാര്‍ക്കാട്
കുട്ടിയുടെ സ്വഭാവത്തിനുള്ള കാരണം ചോദ്യത്തില്‍ തന്നെയുണ്ട്. എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കൊടുക്കുന്നുണ്ട് എന്നതാണത്. ചെറുപ്രായത്തില്‍ തന്നെ കുട്ടിയുടെ ആവശ്യ അനാവശ്യ കാര്യങ്ങള്‍ അംഗീകരിച്ചുകൊടുത്താല്‍ ഭാവിയില്‍ ആവശ്യങ്ങള്‍ വര്‍ധിക്കും. പലപ്പോഴും അംഗീകരിച്ച് കൊടുക്കാന്‍ കഴിയാത്ത ആവശ്യമാകും. സാമ്പത്തികമായി താങ്ങാനും സാധിക്കില്ല. അവര്‍ക്ക് കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ക്ഷമിക്കാനും കഴിയാതെ വരും. അവരെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും അവര്‍ക്ക് ആവശ്യമാണ്. ഇത്തരത്തിലുള്ള കുട്ടികളുടെ ചെറുപ്രായത്തിലെ അപക്വമായ ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ച് കൊടുക്കാതെ അത്യാവശ്യ കാര്യങ്ങള്‍ മാത്രം ചെയ്തു കൊടുക്കുക. മറ്റുകാര്യങ്ങള്‍ സാധിച്ചുനല്‍കാത്തതിന്റെ കാരണം വ്യക്തമായി അവന്റെ ചിന്തക്കനുസരിച്ച് മനസിലാക്കിക്കൊടുക്കണം.
അല്ലെങ്കില്‍ ഇപ്പോള്‍ മിഠായിക്ക് വാശി പിടിച്ചയാള്‍ കൗമാരത്തില്‍ കാറിനു വാശിപിടിക്കാം. ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുത്തില്ലെങ്കില്‍ വീട്ടിലെ ഉപകരണങ്ങള്‍ തകര്‍ക്കുക, വാഹനങ്ങള്‍ തകര്‍ക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അയല്‍വാസികളെ ആകര്‍ഷിപ്പിക്കുക, ഭയപ്പെടുത്തി പണം കവരുന്നത് വരെയുള്ള സംഭവങ്ങള്‍ നടക്കാം.
ഈ കുട്ടിയുടെ കാര്യത്തില്‍ ഒരു സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം തേടുന്നതായിരിക്കും നല്ലത്. ദേഷ്യം കുറയ്ക്കാനായുള്ള ടെക്‌നിക് ഇവരോട് ആവശ്യപ്പെടുക. ദേഷ്യം ഉണ്ടാകുന്ന സമയത്ത് ആ സ്ഥലത്തുനിന്ന് മാറി നില്‍ക്കുക, ഇവരെ റിലേക്‌സേഷന്‍ പഠിപ്പിക്കുക. യോഗ, ധ്യാനം പരിശീലിപ്പിക്കുക. മനസിനെ കൂള്‍ഡൗണ്‍ ചെയ്യാന്‍ ഒന്നു മുതല്‍ 100 വരെ എണ്ണുക, 100ല്‍ നിന്ന് മൂന്നു വീതം കുറച്ച് എണ്ണുക തുടങ്ങിയവ പരിശീലിച്ചാല്‍ ദേഷ്യം വന്നവഴി മറക്കാന്‍ ഒരുപക്ഷേ സാധിക്കും. ഇതിനു ഡിസ്ട്രാക്ഷന്‍ ടെക്‌നിക് എന്നുപറയും. മറ്റൊന്ന് നല്ല പ്രകൃതിചിത്രത്തെ മനസിലേക്കു കൊണ്ടുവരാം, പാട്ടിനെക്കുറിച്ച് ആലോചിക്കാം, കവിത ആലപിക്കാം, റെയില്‍വേ ഗേറ്റിന്റെ സ്റ്റോപ്പ് സിഗ്നല്‍, ട്രാഫിക്കിലെ റെഡ് സിഗ്നല്‍ എന്നിവ മനസിലേക്കു കൊണ്ടുവരാന്‍ പറയാം. പക്ഷേ ഇതിനെല്ലാം രോഗിയുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ഒരിക്കലും ഡോക്ടറുടെ അടുത്തേക്കു വരാന്‍ സമ്മതിക്കാത്ത, അക്രമവാസനകളുള്ള കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകളുടെ സഹായവും ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."