നീലഗിരിയില്‍ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
ഗൂഡല്ലൂര്‍: കഴിഞ്ഞ ഒരാഴ്ചയായി പന്തല്ലൂര്‍ ഗൂഡല്ലൂര്‍ താലൂക്കുകളില്‍ തുടര്‍ച്ചയായി പെയ്തുവരുന്ന കനത്തമഴയില്‍ പലസ്ഥലങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.
ദേവാലയില്‍ ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഇന്നലെ രാവിലെ എട്ടുവരെ 172 മില്ലിമീറ്റര്‍ മഴപെയ്തു. ദേവാലക്ക് സമീപം പാലവയലില്‍ മണ്ണൊലിച്ച് ചെറുപാലം അപ്രത്യക്ഷമായി. ശനിയാഴ്ച ഉപ്പട്ടിക്ക് സമീപം അത്തികുന്ന് റോഡില്‍ മണ്‍തിട്ടയിടിഞ്ഞ് വഴി തടസപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും റവന്യൂ അധികൃതരും എത്തി രണ്ടര മണിക്കൂര്‍ നേരം ജെസിബി ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഊട്ടി-വൈത്തിരി അന്തര്‍സംസ്ഥാനപാതയില്‍ റിച്ച്മണ്ടിന് സമീപം നീര്മട്ടത്ത് മരം വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഗൂഡല്ലൂര്‍-തൃശ്ശൂര്‍-കോഴിക്കോട്-പന്തല്ലൂര്‍ ഭാഗത്തേക്കുള്ള മുഴുവന്‍ വാഹനങ്ങളും ഇരുഭാഗത്തുമായി കുടുങ്ങിക്കിടന്നു.
വിവരമറിഞ്ഞ് പൊലിസും പി.ഡബ്ല്യു.ഡി ജീവനക്കാരും പന്തല്ലൂര്‍ തഹസില്‍ദാര്‍ മീനാക്ഷിസുന്ദരത്തിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും സഥലത്തെത്തി.
ഗൂഡല്ലൂരില്‍ നിന്ന് അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി നാല് മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഊട്ടിയില്‍ ശനിയാഴ്ച പെയ്ത ശക്തമായ മഴയില്‍ പ്രധാന റോഡുകളടക്കം പലസ്ഥലങ്ങളും വെള്ളത്തിനടിയിലായി. കൊമേഴ്സ്യല്‍ റോഡ്, എട്ടിനെസ്, നോര്‍ത്ത് ലേക്, ചാറിങ്ക്രോസ്, കാന്തല്‍ എന്നിവിടങ്ങളിലെ മഴവെള്ളം നിറഞ്ഞ റോഡിലൂടെ വിനോദസഞ്ചാരികളും പരിസരവാസികളും ഏറെ ശ്രമപ്പെട്ടാണ് വാഹനം ഓടിച്ചത്.
കുഴികളും തുറന്നിട്ട അഴുക്കുചാലുകളും നിറഞ്ഞ് റോഡില്‍ വെള്ളം നിരന്നതിനാല്‍ റോഡും കുഴിയും തിരിച്ചറിയാതെ യാത്ര മരണക്കെണിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."