ഡാറ്റാബാങ്ക്: സംസ്ഥാനത്തൊട്ടാകെ 1,12,896 അപേക്ഷകള്‍
കണ്ണൂര്‍: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളിലെ ഭേദഗതി ഉത്തരവ് പ്രകാരം ഡാറ്റാബാങ്കില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ തുടര്‍ന്നും സ്വീകരിക്കാന്‍ തീരുമാനമായി. ഡാറ്റാ ബാങ്കുകളുടെ പ്രസിദ്ധീകരണം, തെറ്റുതിരുത്തല്‍ അപേക്ഷകളിലെ തുടര്‍നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാരായ കൃഷി ഓഫിസര്‍മാരുടെയും ജില്ലാതല കണ്‍വീനര്‍മാരായ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാരുടെയും വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനമെടുത്തത്.
അപേക്ഷ നല്കാന് ഇനിയും ആളുകള്‍ ബാക്കിയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇതുപ്രകാരം പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ ഉടമസ്ഥന്റെ പേര്, സര്‍വേ നമ്പര്‍, തണ്ടപ്പേര്, ഉദ്ദേശിക്കുന്ന പരിഹാര മാര്‍ഗം എന്നിവ ഉള്‍പ്പെടുത്തി 100 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച വെളളപേപ്പറില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരാമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ഇതിനകം 1,12,896 അപേക്ഷകളാണ് ലഭിച്ചത്. ഇവ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ക്ക് യോഗം നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."