മുഹമ്മദ് സിനാന് വധക്കേസ്: പ്രതികളെ വെറുതെ വിട്ടു
കാസര്‍കോട്: മുഹമ്മദ് സിനാന് വധക്കേസില്‍ മൂന്നു പ്രതികളേയും കോടതി വിട്ടു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത്ബയല്‍ കശുവണ്ടി ഫാക്ടറി റോഡിലെ കിരണ്‍കുമാര്‍ (30), കെ. നിതിന്‍ കുമാര്‍ (33) എന്നിവരെയാണു കോടതി വിട്ടയച്ചത്. ഇവര്‍ക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണിയുടേതാണു വിധി.
കേസിലെ വിധി പറയല്‍ നേരത്തെ മൂന്നുതവണ മാറ്റിവെച്ചിരുന്നു. 2008 ഏപ്രില്‍ 16നാണു നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശംബ്നം മന്‍സിലിലെ മുഹമ്മദ് സിനാന് ആനബാഗിലു അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊല്ലപ്പെടുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിനാനെ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രൊസിക്യൂഷന് കേസ്. 48 സാക്ഷികളുള്ള കേസില്‍ 32 പേരെ വിസ്തരിച്ചിരുന്നു.
പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ അഡ്വ. സി.എന്‍ ഇബ്രാഹിമും പ്രതികള്‍ക്കു വേണ്ടി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന് പിള്ളയുമാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."