ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇടത് പാര്‍ട്ടികളുടെ സമ്മേളനം 23,24 തിയതികളില്‍ കൊച്ചിയില്‍
കൊച്ചി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇടതുപാര്‍ട്ടികളുടെയും സമ്മേളനം 23,24 തിയതികളില്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ദക്ഷിണേഷ്യയിലെ എട്ട് കമ്യൂണിസ്റ്റ് ഇടത് പാര്‍ട്ടികളുടെ പ്രതിനിധികളും ഇന്ത്യയില്‍ നിന്ന് സി.പി.എമ്മും സി.പി.ഐയും പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളം ആദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് വേദിയാകുന്നത്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന് രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പാകിസ്താനില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ല.
ദക്ഷിണേഷ്യയില്‍ നിന്ന് 30 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. ഏഴ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍, അഞ്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പടെ 12 സി.പി.എം പ്രതിനിധികള്‍ പങ്കെടുക്കും. 23 ന് രാവിലെ പത്തിന് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിക്കും. 24 ന് വൈകിട്ട് മറൈന്‍ ഡ്രൈവില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എസ് രാമചന്ദ്രന്‍പിള്ള, എം.എ ബേബി എന്നിവര്‍ പ്രസംഗിക്കും. സാമ്യാജ്യത്വ ശക്തികളുടെ ഇടപെടലും രാജ്യത്ത് പാര്‍ട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളുമായിരിക്കും ചര്‍ച്ച ചെയ്യുകയെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന് പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് സി.പി.എമ്മിന് പുറമേ സി.പി.ഐക്ക് മാത്രമാണ് ക്ഷണം. സി.പി.എമ്മാണ് സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."