ബംഗളൂരു നഗരം വെള്ളത്തിനടിയില്‍; മഴക്കെടുതിയില്‍ അഞ്ച് മരണം
ബംഗളൂരു: കഴിഞ്ഞ ആഴ്ച തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തല്‍ ബംഗളൂരു നഗരം വെള്ളത്തിനടിയിലായി. മഴപെയ്ത് കുണ്ടുംകുഴിയുമായി മാറിയ റോഡില്‍ അപകടം തുടരുന്നതിനിടയില്‍ കാലവര്‍ഷക്കെടുതിയില്‍ അഞ്ചുപേരാണ് മരിച്ചത്.
തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മഴ വീണ്ടും ശക്തമായി. ബംഗളൂരു നഗരത്തിന്റെ പടിഞ്ഞാറും തെക്ക് പടിഞ്ഞാറും ഭാഗങ്ങളാണ് വെള്ളത്തിനടിയിലായത്. കനത്ത വെള്ളത്തില്‍ നിര്‍ത്തിയിട്ട കാര്‍ ഒലിച്ചുപോയതോടെ ഇതിനുള്ളിലുണ്ടായിരുന്ന സ്ത്രീയെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. ഭര്‍ത്താവ് പുറത്തിറങ്ങി കടയിലേക്ക് പോയതായിരുന്നു. ഇതിനിടയിലാണ് കനത്ത മഴയും തുടര്‍ന്ന് നഗരം വെള്ളക്കെട്ടിലായതും. ഇതോടെ കാര്‍ ഒഴുകി പോകുന്നത് കണ്ടതോടെ ഭര്‍ത്താവ് കടയില്‍ നിന്ന് സഹായത്തിനായി നാട്ടുകാരെ വിളിച്ചു. ഇതിനിടയില്‍ കാറില്‍ നിന്ന് സ്ത്രീയും സഹായത്തിനായി കരയുകയായിരുന്നു. ഇത് കണ്ടതോടെ ചിലര്‍ വെള്ളത്തിലേക്ക് എടുത്തുചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. മൈസൂര്‍ റോഡിലെ നയന്ദഹള്ളി റോഡിലായിരുന്നു സംഭവം.
ഇവിടെ നിന്ന് അല്‍പം മാറി കുറുമ്പ്രഹള്ളിയില്‍ ഒരു ക്ഷേത്ര പൂജാരിയെ ഒഴുക്കില്‍പെട്ട് കാണാതായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന നടത്തിയ തിരച്ചിലില്‍ ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ഇവിടെ ഒഴുക്കില്‍പെട്ട് കാണാതായ മാതാവിനേയും മകളേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചതായും പൊലിസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം മുഖ്യമന്ത്രി സിദ്ദരാമയ്യ ധനസഹായം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."