പച്ചപ്പണിഞ്ഞ് ഇല്ലിമുളം കാടുകള്‍
കല്‍പ്പറ്റ: മുളങ്കൂട്ടങ്ങള്‍ കൂട്ടത്തോടെ പൂത്തുണങ്ങി നശിച്ചതോടെ ഏറെക്കുറെ തരിശായി മാറിയ വയനാടന്‍ കാടുകള്‍ ചാരുത വീണ്ടെടുക്കുന്നു. പുഷ്പിച്ച മുളകളില്‍നിന്നു വീണ് മണ്ണില്‍ പുതഞ്ഞ വിത്തുകള്‍ മുളച്ചുണ്ടായ തൈകള്‍ ശൈശവദശ പിന്നിട്ടതോടെയാണ് കാട് തനതുചന്തം വീണ്ടെടുത്തത്.
രണ്ടും മൂന്നും ആള്‍പ്പൊക്കം വരെ വളര്‍ന്ന ഇല്ലിച്ചെടികളിലെ ഹരിതസമൃദ്ധി കാട്ടാന ഉള്‍പ്പെടെ വനത്തിലെ സസ്യാഹാരികളുടെ ഭക്ഷണ ദാരിദ്ര്യവും അകറ്റുന്നുണ്ട്.
വനത്തില്‍ ഇല്ലിച്ചെടികള്‍ വളര്‍ന്നതോടെ ഗ്രാമങ്ങളില്‍ കാട്ടാനശല്യവും കുറഞ്ഞിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനകളുടെ ഇഷ്ടഭക്ഷണമാണ് മുള. ജില്ലയിലെ കാടുകളില്‍ വളര്‍ച്ചമുറ്റിയ മുളങ്കാടുകള്‍ 2006ലാണ് പുഷ്പിച്ചു തുടങ്ങിയത്. മുത്തങ്ങ, ബത്തേരി, കുറിച്യാട്, തോല്‍പ്പെട്ടി റെയ്ഞ്ചുകള്‍ ഉള്‍പ്പെടുന്ന വന്യജീവി സങ്കേതത്തില്‍ മാത്രം ഏകദേശം 60,000 ടണ്‍ മുളയാണ് പൂത്തുണങ്ങി നശിച്ചത്. നിയമം അനുവദിക്കാത്തതിനാല്‍ ഉണങ്ങിയ മുളകള്‍ ശേഖരിച്ചു വില്‍ക്കാന്‍ വനം-വന്യജീവി വകുപ്പിനു കഴിഞ്ഞില്ല.
വന്യജീവി സങ്കേതത്തില്‍ ഏകദേശം ആറ് കോടി രൂപയുടെ മുള നശിച്ചതായാണ് വനംവകുപ്പിന്റെ കണക്ക്. നിയമതടസം ഇല്ലാത്ത സൗത്ത് വയനാട്, നോര്‍ത്ത് വയനാട് ഡിവിഷനുകളില്‍ വനംവകുപ്പ് മുളശേഖരണം നടത്തിയിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രം 1500 ഓളം ടണ്‍ ഉണങ്ങിയ മുളയാണ് ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."