ദേശീയ മാധ്യമങ്ങളും ചില ബുദ്ധിജീവികളും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നു: മന്ത്രി ജി സുധാകരന്‍
മനാമ: ദേശീയ മാധ്യമങ്ങളും ചില ബുദ്ധിജീവികളും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ഈ പ്രവണതക്ക് മാറ്റം വന്നില്ലെങ്കില്‍ രാജ്യം അന്ധതയിലേക്കു നീങ്ങുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ബഹ്‌റൈനില്‍ പ്രസ്താവിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രഥമ സംഘ ശക്തി പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിനെ ആശ്രയിച്ചു കൊണ്ടു വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാനാവില്ല. കോണ്‍ഗ്രസ് വിശുദ്ധ പശുവല്ല. കോണ്‍ഗ്രസ് ഇപ്പോഴും തെറ്റു തിരുത്തുന്നതായിട്ടു കാണുന്നില്ല. അതു കൊണ്ടുതന്നെ ബി ജെ പിയുടെ നയങ്ങളെ എതിര്‍ക്കുന്നവരെ അണിനിരത്തിയാണ് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടേണ്ടത്.
എന്തും ചെയ്യാമെന്ന നിലയില്‍ കേന്ദ്ര ഭരണവും ബി ജെ പി, ആര്‍ എസ് എസ് വിഭാഗങ്ങളും രാജ്യത്തെ ആശങ്കയിലേക്കു നയിക്കുകയാണ്.
രാജ്യത്തു ഭക്ഷണത്തിന്റെ പേരില്‍ പോലും ജനങ്ങളെ കൊല്ലുന്ന അവസ്ഥയെ കേരളം ശക്തമായി പ്രതിരോധിക്കുകയാണ്. ഭ്രാന്തു പിടിച്ച ഹിന്ദുത്വ ഫാസിസത്തിനെതിരെ ഭരണതലത്തിലും രാഷ്ട്രീയ രംഗത്തും ശക്തമായ പ്രതിരോധം തീര്‍ത്താണ് കേരളം ഇപ്പോള്‍ മുന്നോട്ടു പോവുന്നത്. അതു കൊണ്ടു തന്നെ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കുന്ന വര്‍ എന്ന നിലയില്‍ കേരളവും മുഖ്യമന്ത്രിയും ഇന്ന് ദേശീയ തലത്തിലും ശ്രദ്ധേയരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരിക്കലും ഒരു ഏക ശിലാ രൂപമായിരുന്നില്ല. വൈവിധ്യമാണ് അതിന്റെ ശക്തി. ബ്രിട്ടീഷ് ഭരണത്തില്‍ പോലും അതു സാധ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. ബഹ്‌റൈന്‍ പ്രതിഭാ ഭാരവാഹികളും അദ്ദേഹത്തോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."