സോളാര്‍ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍
തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന സോളാര്‍ കേസ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. ഇന്നു ചേരുന്ന പ്രത്യേക സഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കുക.
തുടര്‍ന്ന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത് പസായതിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും കുറിച്ച് മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തും.
എന്നാല്‍, ഇതിന്‍മേല്‍ ചര്‍ച്ചയുണ്ടാവില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞാല്‍ സഭ പിരിയുന്ന തരത്തിലാണ് നടപടികള്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു നല്‍കും. സഭാനടപടികളുടെ തത്സമയ സംപ്രേഷണത്തിന് മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതീവ രഹസ്യമായാണ് റിപ്പോര്‍ട്ടിന്റെ പരിഭാഷ നിര്‍വഹിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പെടെയുള്ള പ്രമുഖ നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണമുള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, കായല്‍ കൈയേറ്റ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന്റെ നീക്കത്തെ നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഇന്നലെ ചാണ്ടിക്കെതിരേ ഹൈക്കോടതി രൂക്ഷമായ പരാമര്‍ശം കൂടി നടത്തിയ സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ സഭയില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് മുന്നണി വൃത്തങ്ങള്‍ അറിയിച്ചു. ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന ബാനറും പ്ലക്കാര്‍ഡുമായെത്തി പ്രതിഷേധിക്കാനാണ് ആലോചന.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിയായ മുസ്‌ലിം ലീഗിലെ കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ സഭാസമ്മേളനത്തിലെ ആദ്യ നടപടി. അതു കഴിഞ്ഞയുടന്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കുകയും പ്രസ്താവന നടത്തുകയും ചെയ്യും.
മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേല്‍ക്കുന്നതോടെ തന്നെ പ്രതിഷേധം ആരംഭിക്കും. ഇതോടെ സഭ ബഹളത്തില്‍ മുങ്ങാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് (എം) സഭയില്‍ എന്തു നിലപാടു സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സഭ പിരിഞ്ഞാല്‍ സര്‍ക്കാരിന്റെ സോളാര്‍ ആക്രമണത്തെപ്രതിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ തലസ്ഥാനത്ത് യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."