ലോകപൊലിസ് അമേരിക്കയല്ല, റഷ്യയാണ്
അമേരിക്കയെ ലോകപൊലിസായാണ് വിലയിരുത്താറുള്ളത്. എന്നാല്‍, അമേരിക്കയെപ്പോലും രഹസ്യമായി നിയന്ത്രിക്കുന്നത് റഷ്യയാണെന്നതാണു സത്യം. ആയുധവിപണിയിലും മേധാവിത്വത്തിലും ഒറ്റനോട്ടത്തില്‍ അമേരിക്കയാണു മുന്‍പില്‍. പ്രസ്താവനയുടെ കാര്യത്തില്‍ ട്രംപും. എന്നാല്‍, ശരിയായ തലത്തില്‍ താരതമ്യം നടത്തിയാല്‍ അപ്രത്യക്ഷ നിയന്ത്രണത്തില്‍ റഷ്യക്കു തന്നെയാണ് മേല്‍ക്കൈ എന്നു കാണാം.
ഒബാമ യു.എസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറിയതോടെയാണ് റഷ്യയുടെ മേധാവിത്വം മറനീക്കി പുറത്തെത്തുന്നത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലും അതിന്റെ പ്രത്യാഘാതവും സംബന്ധിച്ച് അന്നുതന്നെ ചര്‍ച്ചയായിരുന്നല്ലോ. അതിനെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളറിനു കീഴില്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വിക്കിലീക്‌സുമായി തെരഞ്ഞെടുപ്പിനിടെ ബന്ധപ്പെട്ടുവെന്നു ട്രംപ് ജൂനിയര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഹിലരി ക്ലിന്റനെതിരേ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നു അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി മൈക്ക് പെംപ് സ്ഥിരീകരിച്ചിരുന്നു.
എങ്കിലും റഷ്യയെ പിന്താങ്ങുന്ന സമീപനമാണു ട്രംപ് സ്വീകരിച്ചുവരുന്നത്. ട്രംപിന്റെ പ്രചാരകരില്‍ നിരവധിപേര്‍ ഇതിനകം അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനു വിധേയമായെങ്കിലും ട്രംപിന്റെ പുടിന്‍ പിന്തുണയ്ക്ക് ഇതുവരെ അയവു വന്നിട്ടില്ല. നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കല്‍ മാസങ്ങള്‍ക്കു മുന്‍പ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നിരുന്നു. ന്യൂയോര്‍ക്കിലെ റഷ്യന്‍ നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറയ്ക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം ആവശ്യപ്പെടുകയും ചെയ്തു.
ഇതെല്ലാം, റഷ്യക്കും അമേരിക്കയ്ക്കുമിടയില്‍ യുദ്ധമുണ്ടാവുമെന്ന പ്രാരംഭഭീതി സൃഷ്ടിച്ചുവെങ്കിലും ഒത്തുകളിയാണെന്നു മാസങ്ങള്‍ക്കുള്ളില്‍ വ്യക്തമായി. അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം പുകഴ്ത്തിയാണു പഴയനാടകത്തിന് ഇരുവരും തിരശ്ശീലയിട്ടത്. ഏറ്റവുമൊടുവിലായി ഏഷ്യ -പസഫിക് ഉച്ചകോടിക്കിടെയാണു ട്രംപ് പുടിന്‍ നാടകത്തിന്റെ അവസാനരംഗമുണ്ടായത്.
യു.എസ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍ ആരോപണത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ ട്രംപ് പുടിനെ കാണില്ലെന്നായിരുന്നു വൈറ്റ്ഹൗസില്‍ നിന്നുള്ള ആദ്യപ്രതികരണങ്ങള്‍. എന്നാല്‍, ഉച്ചകോടിയില്‍ തങ്ങള്‍ തമ്മില്‍ 'ചങ്ക് ബ്രോ'മാരാണെന്നാണു പുടിനെ സംബന്ധിച്ചു ട്രംപ് വിലയിരുത്തിയത്.
തെരഞ്ഞെടുപ്പില്‍ ഇടപെട്ടോയെന്നു താന്‍ ആവര്‍ത്തിച്ചു ചോദിച്ചെന്നും ഇല്ലെന്നായിരുന്നു പുടിന്റെ പ്രതികരണമെന്നുമാണ് ട്രംപ് പറഞ്ഞത്. ചെയ്യാത്ത കുറ്റത്തിനു പുടിനെയും റഷ്യയെയും അപമാനിക്കുകയാണു ചെയ്തതെന്നു കൂടി അമേരിക്കന്‍ പ്രസിഡന്റ് വിലയിരുത്തിക്കളഞ്ഞു. സ്വന്തം നാട്ടില്‍ ഇതുസംബന്ധിച്ചു ഗൗരവതരമായ അന്വേഷണം നടക്കുമ്പോഴാണ് ഈ വെള്ളപൂശല്‍.
ഇതിനിടെയാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ പുടിനെതിരേ ശക്തമായ വിമര്‍ശവുമായി രംഗത്തെത്തിയത്. ആഭ്യന്തരവിഷയങ്ങളിലെ റഷ്യന്‍ ഇടപെടല്‍ ട്രംപുമായുള്ള പുടിന്റെ ഒത്തുകളിയിലൂടെ അമേരിക്കയില്‍ മാത്രം ഒതുങ്ങിയില്ലെന്ന് അതു വ്യക്തമാക്കി. വിവരങ്ങളെ റഷ്യ ആയുധമാക്കുന്നുവെന്നായിരുന്നു തെരേസാ മേയുടെ ആരോപണം. വ്യാജ വാര്‍ത്തകളും അക്കൗണ്ടുകളും നിര്‍മിച്ചു ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കം റഷ്യയുടെ നേതൃത്വത്തില്‍ നടക്കുന്നതു ശരിയായ മാര്‍ഗമല്ലെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും തെരേസാ മേ കുറ്റപ്പെടുത്തി.
മേയുടെ പെട്ടെന്നുള്ള പുടിന്‍ വിമര്‍ശനം ആദ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും റഷ്യ ബ്രെക്‌സിറ്റില്‍ ഇടപെട്ടന്ന വാര്‍ത്ത ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലും ശക്തമായി പ്രചരിക്കുന്നുണ്ടെന്നു പിന്നീടു വ്യക്തമായി. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇടക്കാല തെരഞ്ഞെടുപ്പു നടത്തി ക്ഷീണത്തിലായ തെരേസ മേയ്ക്ക് ബ്രെക്‌സിറ്റില്‍ റഷ്യ ഇടപെട്ടെന്ന പ്രചാരണംകൂടി വന്നതോടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. പാര്‍ലമെന്റിലെ ലൈംഗികപീഡനാരോപണവും വികസനകാര്യ സെക്രട്ടറിയുടെ രാജിയും വന്നതോടെ കുരുക്കിലായ തെരേസാ മേയുടെ മുന്നിലെ അടുത്ത പ്രതിസന്ധിയാണു ബ്രെക്‌സിറ്റിലെ റഷ്യയുടെ ഇടപെടല്‍.
ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ റഷ്യ ഇടപെട്ടെന്നതിനു തെളിവുകളുമായി എഡ്വിന്‍ ബര്‍ഗ് യൂനിവേഴ്‌സിറ്റിയും കാലഫോര്‍ണിയ യൂനിവേഴ്‌സിറ്റിയും രംഗത്തുവന്നിരുന്നു. ബ്രെക്‌സിറ്റില്‍ സ്വാധീനിക്കാനായി 419 വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളാണു റഷ്യയുടെ ഇന്റര്‍നെറ്റ് റിസേര്‍ച്ച് ഏജന്‍സി (ഐ.ആര്‍.എ) ഉപയോഗിച്ചതെന്ന് എഡ്വിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. സമാനസ്വഭാവത്തിലുള്ള 2,752 ട്വിറ്റര്‍ അക്കൗണ്ടുകള്‍ അമേരിക്ക സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇസ്‌ലാം ഭീതയുയര്‍ത്തിയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിനു ടെക്‌സാസ് ലോണ്‍ സ്റ്റാര്‍ എന്ന വ്യാജ അക്കൗണ്ട് ഉദാഹരണമായി കാണിച്ച് അവര്‍ തെളിയിച്ചിരുന്നു. സമാനമായ ഗവേഷണഫലമാണു സ്വാന്‍സിയ, കാലഫോര്‍ണിയ യൂനിവേഴ്‌സിറ്റികള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയത്. ബ്രെക്‌സിറ്റില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി 150,000 അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്ന് ഇവര്‍ കണ്ടെത്തിയിരുന്നു.
പശ്ചിമേഷ്യയിലെ കെടാത്ത യുദ്ധാഗ്നിയായി സിറിയയെ സങ്കീര്‍ണമാക്കുന്നതിന്റെ പിന്നിലും റഷ്യയുടെ കറുത്തകരങ്ങളാണ്. യു.എസിന്റെ ഇടപെടല്‍ ചെറിയതോതിലുണ്ടെങ്കിലും മുഖ്യചിത്രത്തില്‍ യു.എസിന്റെ മുഖമില്ല. 2000 മുതല്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദിനെതിരേ ജനരോഷം ഉയര്‍ന്നെങ്കിലും അറബ് വസന്തത്തോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതായതോടെ സഹായവുമായി എത്തിയതു റഷ്യയായിരുന്നു. 2011 മുതല്‍ നല്‍കുന്ന റഷ്യയുടെ ഉറച്ച പിന്തുണ മാത്രമാണു ബശ്ശാറിന്റെ ഏകാധിപത്യം ഇന്നും തുടരുന്നതിന്റെ പിന്നിലെ ശക്തി.
എന്നാല്‍, അഫ്ഗാനിസ്ഥാനില്‍ 2000 മുതല്‍ ഇടപെടല്‍ നടത്തിയ യു.എസിന്റെ നിലനില്‍പ്പു ദിനംപ്രതി ക്ഷയിച്ചുവരികയാണ്. ദിനംപ്രതി ഭീകരാക്രമണം അഫ്ഗനിസ്ഥാനെ നശിപ്പിക്കുന്നുവെന്നു മാത്രമല്ല, താലിബാന്‍ ശക്തിപ്രാപിക്കുകയാണ് ഇവിടെ. ഏറ്റവുമൊടുവില്‍ താലിബാനുമായി ചര്‍ച്ചയ്ക്കു തയാറായി അഫ്ഗാനിലെ പ്രശ്‌നം പരിഹരിക്കാന്‍ തയാറാണെന്നു മധ്യ തെക്കന്‍ ഏഷ്യയിലെ യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പറഞ്ഞിരുന്നു. വര്‍ഷങ്ങളായി തുടരുന്ന യു.എസിന്റെ താലിബാന്‍ ദൗത്യത്തിന്റെ പരാജയമാണ് ഇതില്‍ വ്യക്തമാകുന്നത്.
ട്രംപിന്റെ രണ്ടാഴ്ച നീണ്ട സന്ദര്‍ശനത്തോടെ ലോകത്തെ നയിക്കാന്‍ യു.എസിനു കഴിയുമെന്നു തെളിഞ്ഞതായി യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കിഹാലെ പറഞ്ഞിരുന്നു. എന്നാല്‍, റഷ്യക്കെതിരേ ഒരു വിഷയത്തിലും ശക്തമായ നടപടിയെടുക്കാനുള്ള ത്രാണി യു.എസിന് ഇന്നില്ല. അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച ഉത്തരകൊറിയയെ പിന്താങ്ങുന്ന റഷ്യക്കെതിരേ പരസ്യ നിലപാടെടുക്കാന്‍ യു.എസിനു കഴിഞ്ഞില്ലെന്നത് ഏറ്റവും പുതിയ ഉദാഹരണമാണ്. ആഗോള അധീശത്വത്തിന്റെ യഥാര്‍ഥശക്തി ആരാണെന്നു വിശകലനം ചെയ്യുമ്പോള്‍ റഷ്യയിലേയ്ക്കാണു ചൂണ്ടുവിരല്‍ അവസാനമായി നീളുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."