ഇന്ത്യ- ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍
കൊല്‍ക്കത്ത: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 122 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ അഞ്ചാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്ത് ശ്രീലങ്കയ്ക്ക് മുന്നില്‍ 231 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ചു.
ജയം തേടിയിറങ്ങിയ ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ശ്രീലങ്ക അക്ഷരാര്‍ഥത്തില്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 172 റണ്‍സെടുത്തപ്പോള്‍ ലങ്ക 294 റണ്‍സ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ മാരക ബൗളിങാണ് ലങ്കന്‍ നിരയെ തകര്‍ത്തത്. നേരത്തെ ആദ്യ ഇന്നിങ്‌സിലും ഭുവനേശ്വര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തില്‍ മൊത്തം എട്ട് വിക്കറ്റുകളാണ് പിഴുതത്. ഭുവനേശ്വറാണ് കളിയിലെ കേമന്‍.
ഡിക്ക്‌വെല്ല (27), ചാന്‍ഡിമല്‍ (20), മാത്യൂസ് (12) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. മുഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടിന്നിങ്‌സിലുമായി ശ്രീലങ്കയ്ക്ക് നഷ്ടമായ 17 വിക്കറ്റുകളും സ്വന്തമാക്കിയത് ഇന്ത്യന്‍ പേസര്‍മാരാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ പിച്ചില്‍ പരമ്പരാഗതമായി സ്പിന്നര്‍മാരാണ് ടെസ്റ്റില്‍ എതിര്‍ ടീമിനെ വെള്ളം കുടിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കഥ മാറുന്ന കാഴ്ചയായിരുന്നു.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന ശക്തമായ നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ ഇന്ത്യക്ക് നായകന്‍ വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ നേടാന്‍ തുണയായത്. പുറത്താകാതെ 119 പന്തില്‍ 104 റണ്‍സാണ് നായകന്‍ കണ്ടെത്തിയത്. 12 ഫോറുകളും രണ്ട് സിക്‌സും അകമ്പടിയായി. 22 റണ്‍സെടുത്ത പൂജാര നായകന് പിന്തുണ നല്‍കി. രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓപണര്‍മാരായ കെ.എല്‍ രാഹുല്‍- ശിഖര്‍ ധവാന്‍ സഖ്യമാണ് ഇന്ത്യക്ക് കരുത്തായത്.
ഇരുവരും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് 166 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ധവാന്‍ 94ഉം രാഹുല്‍ 79ഉം റണ്‍സെടുത്തു. ശ്രീലങ്കന്‍ ബൗളര്‍മാരില്‍ സുരംഗ ലക്മല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി രണ്ടാം ഇന്നിങ്‌സിലും തിളങ്ങി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ലക്മല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
അഞ്ച് ദിവസവും ബാറ്റ് ചെയ്ത് പൂജാരയും റെക്കോര്‍ഡ് ബുക്കില്‍
കൊല്‍ക്കത്ത: ടെസ്റ്റിന്റെ അഞ്ച് ദിനത്തിലും ബാറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി ചേതേശ്വര്‍ പൂജാര. ആദ്യ ദിനത്തില്‍ കെ.എല്‍ രാഹുല്‍ പുറത്തായ ശേഷം ക്രീസിലെത്തിയ പൂജാര ടെസ്റ്റിന്റെ അഞ്ച് ദിനത്തിലും ബാറ്റ് ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ 52 റണ്‍സെടുത്ത് പൂജാര ഇന്ത്യയുടെ ടോപ് സ്‌കോററായി. രണ്ടാം ഇന്നിങ്‌സില്‍ താരം 22 റണ്‍സില്‍ പുറത്തായി. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ലോകത്തിലെ ഒന്‍പതാമത്തെ ബാറ്റ്‌സ്മാനായും പൂജാര മാറി. എം.എല്‍ ജയസിംഹ, നിലവിലെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി എന്നിവരാണ് നേരത്തെ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
അഞ്ച് ദിവസം ബാറ്റ് ചെയ്ത് റെക്കോര്‍ഡ് സ്വന്തമാക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരം ജയസിംഹയായിരുന്നു. 1960ല്‍ ആസ്‌ത്രേലിയക്കെതിരേയായിരുന്നു ജയസിംഹ രണ്ടിന്നിങ്‌സിലുമായി ബാറ്റിങിനിറങ്ങി അഞ്ച് ദിവസം പൂര്‍ത്തിയാക്കിയത്. 20, 74 എന്നീ സ്‌കോറുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരേ 1984ലായിരുന്നു ശാസ്ത്രിയുടെ നേട്ടം. 111, ഏഴ് എന്നീ സ്‌കോറുകളാണ് അദ്ദേഹം കുറിച്ചത്. മൂന്ന് പേരും ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് ഈ നേട്ടത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ജെഫ്രി ബൊയ്‌ക്കോട്ട്, അല്ലന്‍ ലാംബ്, ആന്‍ഡ്രു ഫഌന്റോഫ് (ഇംഗ്ലണ്ട്), കിം ഹ്യൂസ് (ആസ്‌ത്രേലിയ), അഡ്രിയാന്‍ ഗ്രിഫിത് (വെസ്റ്റിന്‍ഡീസ്), ആല്‍വിരോ പീറ്റേഴ്‌സന്‍ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
കോഹ്‌ലി @ 50
കൊല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ശ്രീലങ്കക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 104 റണ്‍സെടുത്ത് കോഹ്‌ലി ടെസ്റ്റിലെ തന്റെ 18ാം ശതകമാണ് പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ 32 സെഞ്ച്വറികളാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ നായകനെന്ന നിലയില്‍ 11ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കി കോഹ്‌ലി സുനില്‍ ഗവസ്‌കാറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.
ക്യാപ്റ്റനായി ഇറങ്ങി 74 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗവാസ്‌കര്‍ 11 സെഞ്ച്വറികള്‍ അടിച്ചെടുത്തതെങ്കില്‍ കോഹ്‌ലിക്ക് 48 ഇന്നിങ്‌സുകളേ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ വേണ്ടിവന്നുള്ളു. ഒരു കലണ്ടര്‍ വര്‍ഷം നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിനൊപ്പവും കോഹ്‌ലിയെത്തി. ഈ സീസണിലെ ഒന്‍പതാം അന്താരാഷ്ട്ര ശതകമാണ് ഈഡനില്‍ കോഹ്‌ലി അടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."