HOME
DETAILS

ഭോപ്പാല്‍ വാതകദുരന്തം

  
backup
November 28 2017 | 02:11 AM

bhopal-gas-tragedy-spm-vidyaprabhaatham

വര്‍ഷം; 1984 ഡിസംബര്‍ രണ്ട്. സ്ഥലം; യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണ ശാല. അര്‍ധരാത്രിയില്‍ 42 ടണ്‍ മീഥൈല്‍ ഐസോ സയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ എന്നീ വിഷവാതക മിശ്രിതങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം പരന്നു. തുടര്‍ന്നു നഗരവീഥികളില്‍ കണ്ടത് ജീവനറ്റ മനുഷ്യശരീരങ്ങളുടെ കൂമ്പാരമായിരുന്നു.

അന്ന് സംഭവിച്ചത്

കീടനാശിനി നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുവായ മീഥൈല്‍ ഐസോ സയനേറ്റിന്റെ വന്‍ ദ്രവീകൃത ശേഖരം (ഏകദേശം 42 ടണ്‍) മൂന്നു ടാങ്കുകളിലായി ഫാക്ടറിയില്‍ അവശേഷിച്ചിരുന്നു. പൂജ്യം ഡിഗ്രി സെല്‍ഷ്യസിനോട് അടുത്ത താപനിലയിലാണ് ഇതു സൂക്ഷിക്കേണ്ടതെങ്കിലും ചെലവു ചുരുക്കലിന്റെ പേരില്‍ ശീതീകരണ സംവിധാനങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. സെവിന്‍ നിര്‍മാണത്തിനായി മീഥൈല്‍ ഐസോ സയനേറ്റ് എത്തിക്കുന്ന വമ്പന്‍ പൈപ്പുകള്‍ ശക്തമായി വെള്ളമടിച്ച് വൃത്തിയാക്കുകയായിരുന്നു അന്ന് ഓപറേറ്റര്‍മാരുടെ ജോലി.


ശക്തിയായി അടിച്ച വെള്ളം പൈപ്പിലെ ലോഹാവശിഷ്ടങ്ങള്‍ക്കും മാലിന്യങ്ങള്‍ക്കുമൊപ്പം മീഥൈല്‍ ഐസോ സയനേറ്റിന്റെ ടാങ്കിലേക്കും എത്തി. പിന്നീടു നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തുകയും ചെയ്തു. തത്ഫലമായി സംഭരണിക്കുള്ളിലെ മര്‍ദം താങ്ങാവുന്നതിലും അപ്പുറമായി. അധികം മര്‍ദം വരുമ്പോള്‍ സ്വയം തുറന്ന് വാതകം പുറംതള്ളുന്നതിനുള്ള സംവിധാനം സംഭരണിയില്‍ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവര്‍ത്തിച്ച് വന്‍തോതില്‍ വിഷവാതകം പുറംതള്ളി. രാസപ്രവര്‍ത്തനം ചെറുക്കാന്‍ ശേഷിയുള്ള ലോഹങ്ങള്‍ കൊണ്ടായിരുന്നില്ല വാതകക്കുഴലുകള്‍ നിര്‍മിച്ചിരുന്നത്. അവ രാസപ്രവര്‍ത്തനത്തില്‍ ദ്രവിച്ചതിനാല്‍ ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നീ വാതക മിശ്രിതങ്ങളും മീഥൈല്‍ ഐസോ സയനേറ്റും അന്തരീക്ഷത്തിലേക്കു വ്യാപിച്ചു.

ഡിസംബര്‍ മൂന്നിലെ പ്രഭാതം

മരണം വിതച്ചുകൊണ്ടാണ് മീഥൈല്‍ ഐസോ സയനേറ്റ് എന്ന വിഷവാതകം ഭോപ്പാലിലെ അന്നത്തെ പ്രഭാതത്തെ വിളിച്ചുണര്‍ത്തിയത്. അന്നു ജോലിക്കെത്തിയ തൊഴിലാളികളും ദുരന്തത്തിന്റെ ചെറിയൊരു സാധ്യതപോലും മണത്തിരുന്നില്ല. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു. വാതകം ശ്വസിച്ച് ചുമച്ചും ശ്വാസംമുട്ടിയും നിരവധി പേര്‍ മരിച്ചുവീണു. ആയിരങ്ങള്‍ ബോധമറ്റുകിടന്നു. അനേകര്‍ക്ക് എന്താണു സംഭവിച്ചതെന്നറിയാതെ കാഴ്ച നഷ്ടപ്പെട്ട് തെരുവീഥികളിലൂടെ ഓടി.


ഫാക്ടറിയുടെ ചുറ്റുപാടുമുള്ളവര്‍ ഒഴിഞ്ഞുപോകാനുള്ള സൈറനുകള്‍ അതിരാവിലെത്തന്നെ മുഴങ്ങിയപ്പോള്‍ അവരുടെ കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങിയിരുന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മറ്റു ചിലരുടെ വായില്‍നിന്ന് നുരയും പതയും പ്രത്യക്ഷപ്പെട്ടു.
ആശുപത്രി സജ്ജീകരണങ്ങള്‍ കുറവായതിനാല്‍ പ്രദേശത്തെ ഹമീദിയ ആശുപത്രി രോഗികളെക്കൊണ്ട് നിറഞ്ഞു. ഹതഭാഗ്യരായ അനേകായിരങ്ങള്‍ റോഡുകളിലും തെരുവീഥികളിലും മരിച്ചുവീണു. തെരുവീഥികളില്‍ മരിച്ച മനുഷ്യരുടെയും മൃഗങ്ങളുടെയും കൂമ്പാരം. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം സഞ്ചരിച്ചു.


ദുരന്താനന്തരം

32 വര്‍ഷങ്ങള്‍ക്കു ശേഷവും ഭോപ്പാലിലെ മൂന്നു നിയോജക മണ്ഡലങ്ങളില്‍ ഇപ്പോഴും ജനിക്കുന്ന കുട്ടികളില്‍ ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഏറെയുണ്ട്. രണ്ടു ലക്ഷത്തോളം പേരെ നിത്യരോഗികളാക്കിയ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസം, കുട്ടികളിലെ തിമിരം, കാന്‍സര്‍, തളര്‍ച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവര്‍ക്കു നല്‍കി. പൂര്‍ണമായോ ഭാഗികമായോ ദുരന്തം അഞ്ചു ലക്ഷത്തോളം ആളുകളെ ബാധിച്ചിട്ടുണ്ട്.

കേസുകള്‍, കുറ്റക്കാര്‍

1993ല്‍ ഭോപ്പാല്‍ ദുരന്തംമൂലം രോഗികളായിത്തീര്‍ന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കല്‍ കമ്മിഷന്‍ നിലവില്‍വന്നു. 2010 ജൂണില്‍ മുന്‍ യൂനിയന്‍ കാര്‍ബൈഡ് കമ്പനി ചെയര്‍മാന്‍ കേശവ് മഹീന്ദ്ര ഉള്‍പ്പെടെ ഏഴു ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. യൂനിയന്‍ കാര്‍ബൈഡിന്റെ തലവനും ചീഫ് എക്‌സിക്യുട്ടീവുമായിരുന്ന വാറന്‍ ആന്‍ഡേഴ്‌സനെ ദുരന്തം നടന്ന് നാലാം ദിവസം ഭോപ്പാലില്‍ വച്ച് അറസ്റ്റ് ചെയ്തു.
ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ച അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. എന്നാല്‍ അന്നുതന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവച്ച് ആന്‍ഡേഴ്‌സന്‍ പുറത്തിറങ്ങിയശേഷം അമേരിക്കയിലേക്കു പറന്നു.


ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് നിരവധി ആളുകള്‍ മരിക്കാനിടയായത് എന്നതിനാല്‍ ഇവര്‍ക്ക് കോടതി രണ്ടുവര്‍ഷം കഠിനതടവും 2000 അമേരിക്കന്‍ ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. യൂനിയന്‍ കാര്‍ബൈഡ് കമ്പനിക്ക് അഞ്ചുലക്ഷം രൂപ പിഴയാണ് ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് വിധിച്ചത്. മൂന്നു വര്‍ഷത്തിനുശേഷം സി.ബി.ഐ ആന്‍ഡേഴ്‌സിനും കമ്പനിയ്ക്കുമെതിരേ കേസ് ഫയല്‍ ചെയ്തു. പലതവണ സമന്‍സ് അയച്ചെങ്കിലും ആന്‍ഡേഴ്‌സന്‍ ഹാജരായില്ല.


തുടര്‍ന്ന് ആന്‍ഡേഴ്‌സനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. വിഷവാതക ദുരന്തത്തിന് കാരണക്കാരനായ അദ്ദേഹത്തെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി വിട്ടുകിട്ടണമെന്നു പലതവണ ഭാരതസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും യു.എസ് തയാറായില്ല. തുടര്‍ന്ന് ആന്‍ഡേഴ്‌സന്‍ ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ 2014 സെപ്റ്റംബര്‍ 29ന് മരണത്തിനു കീഴടങ്ങി.

മരിച്ചവര്‍ക്ക് 72000, പരുക്കേറ്റവര്‍ക്ക് 2000!

ദുരന്തത്തിന്റെ ഇരകള്‍ക്ക് നീതിതേടി ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ അഞ്ച് അമ്മമാരും, അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറിലേറെ ഗ്രാമീണരും രണ്ടുവര്‍ഷം മുന്‍പ് നവംബര്‍ 10 മുതല്‍ രണ്ടു മാസത്തോളം ന്യൂഡല്‍ഹിയില്‍ സത്യഗ്രഹം നടത്തുകയുണ്ടായി.
വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ബോധപൂര്‍വമായ തെറ്റുകള്‍ തിരുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. 26 വര്‍ഷങ്ങള്‍ക്കുശേഷം കേസുകള്‍ തീര്‍പ്പാക്കിയ കോടതി വിധിച്ച നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മരിച്ചവര്‍ക്ക് 72000 രൂപയും പരുക്കേറ്റവര്‍ക്ക് 2000 രൂപയുമായിരുന്നു കോടതി വിധിച്ച നഷ്ടപരിഹാരത്തുക.

യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ തുടക്കം

1969ല്‍ കീടനാശിനി നിര്‍മാണ ഫാക്ടറിയായി ആരംഭിച്ച യൂനിയന്‍ കാര്‍ബൈഡ് കമ്പനി 1979ല്‍ ബാറ്ററി, കാര്‍ബണ്‍ വ്യവസായങ്ങള്‍, രാസവസ്തുക്കള്‍ എന്നിവകൂടി നിര്‍മിക്കുന്ന യൂനിറ്റാക്കി മാറ്റി. കീടനാശിനി നിര്‍മാണം നഷ്ടത്തിലായതിനെ തുടര്‍ന്ന് കമ്പനിയില്‍ തൊഴിലാളികളെ വെട്ടിക്കുറച്ചിരുന്നു. 1984 ഒക്ടോബറിനുശേഷം കീടനാശിനി നിര്‍മാണം നടന്നിരുന്നില്ല.


യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍

1917ലാണ് യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ കമ്പനി സ്ഥാപിതമാകുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള ഒരു സ്ഥാപനമാണിത്. വെസ്റ്റ് വെര്‍ജീനിയയിലുള്ള യൂനിയന്‍ കാര്‍ബൈഡിന്റെ ഉല്‍പാദന ശാലയില്‍ 1980-84 കാലഘട്ടത്തില്‍ ഏതാണ്ട് 67 തവണ മീഥൈല്‍ ഐസോ സയനേറ്റ് എന്ന വാതകം ചോര്‍ന്നിട്ടുണ്ട്. ഇത്തരം വീഴ്ചകള്‍ പൊതുജനത്തെ അറിയിക്കുന്നതില്‍ നിന്ന് കമ്പനി മാറിനിന്നു. യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ ഇന്ത്യന്‍ വിഭാഗമാണ് യൂനിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ്. 50.9 ശതമാനത്തോളം ഓഹരി മാതൃകമ്പനിയായ യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ കൈയിലാണ്. ബാക്കി സ്വകാര്യവ്യക്തികളുടെ കൈയിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണ്.

യൂനിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ്

1926ല്‍ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിര്‍മാണശാല ആരംഭിക്കുന്നതോടെയാണ് യൂനിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ വ്യവസായ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 1949ല്‍ എവറഡി കമ്പനി നാഷനല്‍ കാര്‍ബൈഡ് കമ്പനി എന്ന പുതിയ പേര് സ്വീകരിച്ചു. 1955ല്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇന്ത്യയിലെ ആദ്യ ഡ്രൈസെല്‍ കമ്പനിയായി തുടങ്ങിയ കാര്‍ബൈഡ് കമ്പനി പിന്നീട് കീടനാശിനി നിര്‍മാണത്തിലേക്കു പ്രവേശിച്ചു.
1969ലാണ് യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ഭോപ്പാലില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. മീഥൈല്‍ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിന്‍ എന്ന നാമത്തില്‍ കാര്‍ബറില്‍ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു ആദ്യം ചെയ്തത്.


തുടക്കത്തില്‍ അസംസ്‌കൃത വസ്തുക്കള്‍ അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്തു. വളരെ അപകടകാരിയായ മീഥൈല്‍ ഐസോ സയനേറ്റ് ബോംബെയില്‍ നിന്നു ഭോപ്പാലിലേക്കു കനത്ത പൊലിസ് അകമ്പടിയോടെ ലോറികളിലാണ് കൊണ്ടുവന്നിരുന്നത്.

എ പ്രെയര്‍ ഫോര്‍ റെയിന്‍

ഒറ്റരാത്രി കൊണ്ട് പതിനായിരങ്ങളെ കൊന്നൊടുക്കിയ വ്യാവസായിക ദുരന്തത്തിന്റെ കഥ പറയുന്ന ഇംഗ്ലീഷ് ചിത്രം എ പ്രെയര്‍ ഫോര്‍ റെയിന്‍ (A Prayer for Rain) യു.എസില്‍ കഴിഞ്ഞ വര്‍ഷമാണു പുറത്തിറങ്ങിയത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകര ഓര്‍മകളിലേക്കു നമ്മെ കൊണ്ടെത്തിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രവികുമാറാണ്.
മിസ്ച ബാര്‍ടണ്‍, മാര്‍ട്ടിന്‍ ഷീന്‍, കാള്‍ചെന്‍, രാജ്പാല്‍ യാദവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂനിയന്‍ കാര്‍ബൈഡിന്റെ പ്ലാന്റില്‍ നിന്നു മീഥൈല്‍ ഐസോ സയനേറ്റ് വാതകം ചോരുന്നതില്‍ കമ്പനി അധികൃതര്‍ കടുത്ത വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago