ബഹ്‌റൈനില്‍ മുസ്‌ലിം ലീഗ് നേതാവിന് സി.പി.എം പാര്‍ട്ടി ചാനലിന്റെ ആദരം
മനാമ: ബഹ്‌റൈനിലെ മുസ്‌ലിംലീഗ് നേതാവും കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റുമായ സലാം മമ്പാട്ടു മൂലയെ സി.പി.എം പാര്‍ട്ടി ചാനലായ കൈരളി ടി.വി പുരസ്‌കാരം നല്‍കി ആദരിച്ചു.
നാട്ടില്‍ രാഷ്ട്രീയ വൈര്യത്താല്‍ ഇരുപാര്‍ട്ടികളും പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും എതിര്‍പാര്‍ട്ടിക്കാരനായ നന്മയുടെ മനസ്സിനെ പ്രവാസ ലോകത്ത് വെച്ചെങ്കിലും ആദരിക്കാന്‍ തയ്യാറായ ചാനല്‍ നിലപാടിനും സലാമിനും വ്യാപകമായ അഭിനന്ദമാണിപ്പോള്‍ ലഭിക്കുന്നത്.
ബഹ്‌റൈനിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മലയാളം കമ്മ്യൂണിക്കേഷന്‍ ചെയര്‍മാനും നടനുമായ മമ്മൂട്ടിയാണ് സലാമിന് മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം സമ്മാനിച്ചത്. ജാതിമത ഭേദമില്ലാതെ സലാം നടത്തിവരുന്ന വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേ സമയം മുസ്‌ലിംലീഗും കെ.എം.സി.സിയും തനിക്കു പകര്‍ന്നുതന്ന കരുത്താണു ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രചോദധനം എന്ന് പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം സലാം സുപ്രഭാതത്തോട് പ്രതികരിച്ചു.
17 വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയായ സലാം മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ചോക്കാട് പഞ്ചായത്തിലെ മമ്പാട്ടുമൂല സ്വദേശിയാണ്. പുത്തന്‍പള്ളി മൂസ-ആമിന ദമ്പതികളുടെ 11 മക്കളില്‍ ഏറ്റവും ഇളയവനാണ്. ഭാര്യ ഷബ്‌നയും മക്കളായ ഫാസില്‍, മൂസ, ഫാരിസ്,ഫര്‍ഹ എന്നിവരും ഉള്‍പ്പെടുന്ന കുടുംബം നാട്ടിലാണുള്ളത്.
ബഹ്‌റൈനില്‍ സ്‌പോണ്‍സര്‍മാരുടെയും വിസ തട്ടിപ്പുകാരുടെയും വഞ്ചനക്കിരയായി നരകിക്കുന്നവര്‍, വര്‍ഷങ്ങളായി പിറന്ന നാടോ ബന്ധുജനങ്ങളേയോ കാണാന്‍ കഴിയാത്തവര്‍, രോഗം മൂലം വലയുന്നവര്‍, പണിയും കൂലിയുമില്ലാതെ ഒരു നേരത്തെ വിശപ്പടക്കാന്‍ കഴിയാത്തവര്‍, അന്നത്തിന് വകയില്ലാത്തവര്‍, തൊഴില്‍ നഷ്ടമായി തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍, പീഢനത്തിനിരകളാകുന്ന വീട്ടുവേലക്കാര്‍ തുടങ്ങി നിരവധി മനുഷ്യരുടെ കണ്ണീരൊപ്പാന്‍ സലാം മുന്നിട്ടിറങ്ങിയിട്ടുണ്ട്.
നിര്‍ധന രോഗികള്‍ക്ക് മരുന്നിനുള്ള സഹായം, നാട്ടിലുള്ള നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കു വിസ ചെലവുകള്‍ വഹിച്ച് ഗള്‍ഫ് ജോലി നല്‍കല്‍, പലിശക്കെണിയിലും സ്‌പോണ്‍സര്‍മാരുടെ പീഢനത്തിലും അകപെട്ടവരെ നാട്ടിലെത്തിക്കുന്നതുവരെയുള്ള നിയമ-സാമ്പത്തിക സഹായങ്ങള്‍, പ്രവാസികളുടെ മയ്യിത്ത് പരിപാലനവും മൃതദേഹം നാട്ടിലെത്തിക്കുന്നതുവരെയുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ബഹ്‌റൈനിലും നാട്ടിലുമായി സാമൂഹ്യ സേവന രംഗത്ത് അതുല്ല്യമായ പ്രവര്‍ത്തനങ്ങളാണു സലാം കാഴ്ചവെക്കുന്നതെന്നും വിവിധ സംഘടനകളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നുമായി ഇതുവരെ അമ്പതോളം പുരസ്‌കാരങ്ങള്‍ സലാമിനു ലഭിച്ചിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.
ബഹ്‌റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളും സലാമിനെ അനുമോദിച്ചു രംഗത്തു വന്നിട്ടുണ്ട്. ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റായ സലാമിനെ സഹ ഭാരവാഹികളും അനുമോദിച്ചു.
കൈരളി ടിവിയുടെ അവാര്‍ഡ്ദാന സമയത്ത് ഉയര്‍ന്നു കേട്ട നീണ്ട കരഘോഷം സലാമിന് പൊതു സമൂഹത്തിലുള്ള അംഗീകാരത്തിന്റെ തെളിവു കൂടിയാണ്.
ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയില്‍ നിന്നും സലാം പുരസ്‌കാരം സ്വീകരിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. സലാമിനെ കൂടാതെ ചില ബിസിനസ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."