ഛണ്ഡീഗഡ് പീഡനം: യുവതി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് ബി.ജെ.പി എം.പി
ഛണ്ഡിഗഡ്: ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ കുറ്റപ്പെടുത്തി ബി.ജെ.പി എം.പിയും സിനിമാ താരവുമായ കിരണ്‍ ഖേര്‍. ഓട്ടോറിക്ഷയില്‍ മൂന്ന് പുരുഷന്മാര്‍ ഉണ്ടെന്നിരിക്കെ, യുവതി അതില്‍ കയറരുതായിരുന്നുവെന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് താന്‍ ഇത് പറയുന്നതെന്നുംഅവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കിരണിന്റെ വിചിത്ര വാദം.
സ്വന്തം സുരക്ഷയെ കുറിച്ച് പെണ്‍കുട്ടികള്‍ ജാഗരൂഗരായിരിക്കണം. താന്‍ മുംബൈയില്‍ വച്ച് ടാക്‌സിയില്‍ കയറുമ്പോള്‍ വേണ്ടപ്പെട്ട ആരെയെങ്കിലും ടാക്‌സി നമ്പര്‍ അറിയിക്കാറുണ്ട്. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ആണ്‍കുട്ടികളെ ബോധവത്കരിക്കണമെന്നും കിരണ്‍ ഖേര്‍ പറഞ്ഞു. ചണ്ഡിഗഡില്‍ എന്തുകൊണ്ടാണ് വനിതാ കമ്മിഷന്‍ ഇല്ലാത്തതെന്ന ചോദ്യത്തിന് നഗരത്തില്‍ എം.പിയും മേയറും പൊലിസ് സൂപ്രണ്ടുമൊക്കെ വനിതകളാണെന്നിരിക്കെ എന്തിനാണ് വനിതാ കമ്മിഷന്റെ ആവശ്യം എന്നായിരുന്നു കിരണിന്റെ മറുപടി.
കഴിഞ്ഞ ദിവസമാണ് 22കാരിയായ യുവതി ചണ്ഡിഗഡില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. സ്റ്റെനോഗ്രാഫി ക്ലാസിന് ശേഷം സെക്ടര്‍ 37ല്‍ നിന്ന് താമസസ്ഥലമായ മൊഹാലിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഈ വഴിയില്‍ ബസ് സര്‍വിസ് കുറവായതിനാല്‍ ഓട്ടോകളെയാണ് യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത്. ഓട്ടോ ഡ്രൈവറും മറ്റ് രണ്ട് യാത്രക്കാരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം സെക്ടര്‍ 53ലെ വനത്തോട് ചേര്‍ന്ന ഭാഗത്ത് ഉപേക്ഷിച്ചു. ഇതുവഴി പോകുകയായിരുന്ന രണ്ടുപേരാണ് കരച്ചില്‍ കേട്ട് യുവതിയെ കണ്ടെത്തിയത്. ഇവരാണ് വിവരം പൊലിസില്‍ അറിയിച്ചത്.
ഓട്ടോറിക്ഷയില്‍ സ്ത്രീകളും കുട്ടികളും കയറുമ്പോള്‍ ഇതില്‍ ഡ്രൈവറെ കൂടാതെ ആരെല്ലാം ഇതിലുണ്ടെന്ന് ശ്രദ്ധിക്കണമെന്നും ബി.ജെ.പി എം.പി പറയുന്നു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനം നടക്കുന്നതെന്ന കാര്യം ഓര്‍മ്മിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്തത് അവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വരുമെന്ന് പ്രതീക്ഷിച്ചിട്ടല്ലെന്നും മറിച്ച് അദ്ദേഹം ഗുജറാത്തില്‍ ചെയ്ത നേട്ടങ്ങളെ മുന്‍നിര്‍ത്തിയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."