38-ാമത് ദ്വിദിന ജി.സി.സി. സുപ്രിം കൗണ്‍സില്‍ ഉച്ചകോടി ചൊവ്വാഴ്ച മുതല്‍ കുവൈത്തില്‍
മനാമ: ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് 38-ാമത് ദ്വിദിന ജി.സി.സി. സുപ്രിം കൗണ്‍സില്‍ ഉച്ചകോടി ചൊവ്വാഴ്ച മുതല്‍ കുവൈത്തില്‍ ആരംഭിക്കും.
ഇതിനു മുന്നോടിയായി ഡിസംബര്‍ 4ന് തിങ്കളാഴ്ച ജി.സി.സി. വിദേശകാര്യമന്ത്രിതല ഉച്ചകോടിയും കുവൈത്തില്‍ നടക്കും.
ഖത്തറുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലാണ് ജി.സി.സി. ഉച്ചകോടി കുവൈത്തില്‍ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കുകയാണെങ്കില്‍ ബഹ്റൈന്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ബഹ്റൈന്‍ കാബിനറ്റും അംഗീകരിച്ചിരുന്നു. ഖത്തര്‍ അടക്കമുള്ള എല്ലാ അംഗ രാഷ്ട്രങ്ങള്‍ക്കും ജിസിസി ഉച്ചകോടിക്കുള്ള ഔദ്യോഗിക ക്ഷണം കഴിഞ്ഞ ദിവസവും ലഭിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് ബഹ്റൈന്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.
സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപരോധമവസാനിപ്പിക്കണമെങ്കില് ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചുപൂട്ടുക, അല്‍ ജസീറ ചാനലിെന്റ പ്രവര്‍ത്തനം നിര്‍ത്തുക, മുസ്ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ഇന നിര്‍ദ്ദേശങ്ങള്‍ ഖത്തര്‍ അംഗീകരിക്കണമെന്നാണ് സൗദി സഖ്യ രാഷ്ട്രങ്ങളുടെ ആവശ്യം.
1981 മെയ് 25 ന് അബുദാബിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഗള്‍ഫ് സഹകരണ കൌണ്‍സില്‍ സ്ഥാപിച്ചത്. തുടര്‍ന്ന് വിവിധ രാഷ്ട്രങ്ങളിലായി ഉച്ചകോടികള്‍ നടന്നു വരികയാണ്. 37ാമത് ഉച്ചകോടി 2016 ല്‍ ബഹ്റൈനിലാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."