ഓഖി: ചലച്ചിത്രമേളയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി
തിരുവനന്തപുരം: 22ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉദ്ഘാടനച്ചടങ്ങ് അടക്കമുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ.കെബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വലിയ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്ത് പരമാവധി ആര്‍ഭാടരഹിതമായായിരിക്കും മേള നടത്തുക.
നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. ഇന്നലെ നടക്കേണ്ടിയിരുന്ന ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടന ചടങ്ങും ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും ഒഴിവാക്കിയിരുന്നു.
മേളയോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികള്‍ എല്ലാ വര്‍ഷവും അരങ്ങേറാറുണ്ട്. ഇത്തവണ അതൊന്നും ഉണ്ടാവില്ല. ഈ മാസം എട്ടു മുതല്‍ 15 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 195 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
1000 അധിക പാസുകള്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്
തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 11 മുതല്‍ ആരംഭിക്കും. നേരത്തെ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. സംസ്ഥാനത്തെ 2700 ഓളം വരുന്ന അക്ഷയ ഇ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ പേയ്‌മെന്റിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റ് പാസുകളുടെ വിതരണം നാളെ രാവിലെ 11 മുതല്‍ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."