ഗസ്സയ്ക്കു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: ജറൂസലം തലസ്ഥാന പ്രഖ്യാപനത്തിനെതിരേ പ്രതിഷേധം കനക്കുന്നതിനിടെ ഗസ്സയ്‌ക്കെതിരേ ഇസ്‌റാഈലിന്റെ വ്യോമാക്രമണം. സംഭവത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആറു മാസം മാത്രം പ്രായമുള്ള കുട്ടിയടക്കം 25 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇസ്‌റാഈല്‍ ഉപരോധം നിലനില്‍ക്കുന്ന ഗസ്സാ മുനമ്പിനു നേരെ ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. ഗസ്സയില്‍നിന്ന് തുടര്‍ച്ചയായി മൂന്നാമതും റോക്കറ്റ് ആക്രമണമുണ്ടായതായി ആരോപിച്ചാണ് ഇസ്‌റാഈല്‍ നടപടി. ഹമാസ് സൈനികതാവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചു.തെക്കന്‍ ഇസ്‌റാഈല്‍ നഗരമായ ദെറോട്ടില്‍നിന്ന് വിക്ഷേപിച്ച യു.എന്‍ നിര്‍മിത മിസൈലാണ് ഗസ്സയ്ക്കു നേരെ വിക്ഷേപിച്ചത്. ഹമാസ് സൈന്യം ഖസ്സാം ബ്രിഗേഡ് അംഗങ്ങളാണു കൊല്ലപ്പെട്ടതെന്ന് പാര്‍ട്ടി വക്താവ് സ്ഥിരീകരിച്ചു. ഇസ്‌റാഈല്‍ ആരോപിക്കുന്ന ഗസ്സയില്‍നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ, കഴിഞ്ഞ ദിവസവും ഫലസ്തീന്‍ ഗ്രാമങ്ങളില്‍ പ്രതിഷേധം ശക്തമായി തുടര്‍ന്നു. ഫലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഇന്‍തിഫാദയുടെ 30-ാം വാര്‍ഷികദിനം കൂടിയായിരുന്നു ഇന്നലെ. 1987 ഡിസംബര്‍ ഒന്‍പതു മുതല്‍ 1993 സെപ്റ്റംബര്‍ 13 വരെയായിരുന്നു ചരിത്രമുന്നേറ്റം നടന്നത്. ഇതിന്റെ വാര്‍ഷികദിനം പ്രതിഷേധദിനമായാണ് ഫലസ്തീനികള്‍ ആചരിച്ചത്. ഗസ്സയിലും മറ്റ് ഫലസ്തീന്‍ നഗരങ്ങളിലും പ്രതിഷേധം ഇന്നലെയും ശക്തമായി തുടര്‍ന്നു. സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ചിലയിടത്ത് അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."