നോക്കുമ്മ
'മ്മച്ച്യേ.. നോക്കുമ്മ എന്താ ഞ്ഞീം വരാത്ത്?'
'വരും അഫ്‌ലോ.. കൊറച്ച് കഴിഞ്ഞാ വരും'
മഴ തുടങ്ങിയതു മുതല്‍ അവനാകെ അസ്വസ്ഥനാണ്.
'നോക്കുമ്മാ..'
എന്റെ കല്ല്യാണ ദിവസം, ആദ്യമായി ആ വിളി കേട്ടപ്പോള്‍ ഒരു കൗതുകമായിരുന്നു. അതിലേറെ ആകാംക്ഷയും. കുട്ടികളുടെ വിളിക്കപ്പുറം ഓടിയെത്തുന്നയാളെ കാത്ത് ഞാനും നോക്കി നിന്നു. വന്നത് ഉമ്മയായിരുന്നു. എന്തേ ഇതുമാത്രം എന്നോടു പറയാതിരുന്നത്?
എന്തായാലും ഞാന്‍ കണ്ടുപിടിച്ചു.
പേരക്കുട്ടികളുടെ 'നോക്ക്ണമ്മാ' എന്ന വിളി ലോപിച്ചു രൂപംകൊണ്ടതാണ് നോക്കുമ്മ എന്ന വാക്ക്. ഏതൊരു പെണ്‍കുട്ടിയെയും പോലെ ഞാനും ആ ദിവസം മുഴുവന്‍ ചിന്തിച്ചതു നല്ലപാതിയെ കുറിച്ചാണ്. ഞങ്ങളൊരുമിക്കാന്‍ പോകുന്ന ആ മനോഹര നിമിഷങ്ങളെ കുറിച്ചാണ്.
ആദ്യരാത്രിയില്‍, തെല്ലു പരിഭ്രമത്തോടെ ആകാംക്ഷയോടെ പ്രണയാര്‍ദ്രമായ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുമ്പോള്‍ ഇക്ക പറഞ്ഞു തുടങ്ങി.
'നിക്ക് നാലു മാസം പ്രായമുള്ളപ്പോ മരിച്ചതാണ് ഉപ്പ. അവിടുന്നങ്ങോട്ട് ഞങ്ങളഞ്ചു മക്കളേയും വളര്‍ത്തിവലുതാക്കിയത് ഉമ്മ തനിച്ചാണ്. അന്നൊക്കെ ഉപ്പ മരിച്ച കുട്ട്യോളെ യത്തീംഖാനീലാക്ക്ണ പതിവുണ്ട്. പക്ഷേ, എല്ലാരും പറഞ്ഞിട്ടും ഉമ്മ ഞങ്ങളെ വിട്ടില്ല. ഉമ്മാന്റെ ചിറകിനടിയിലൊതുക്കി വളര്‍ത്തി. ഉമ്മയുള്ളിടത്തോളം ഞങ്ങള് യത്തീമല്ലാന്ന് കരുതീട്ടുണ്ടാകും.
അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴികെ ഉപ്പയില്ലെന്ന തോന്നലുണ്ടായിട്ടില്ല. ഉമ്മ ഞങ്ങള്‍ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. തിരച്ചങ്ങോട്ട് എന്തെങ്കിലും ചെയ്യാനായപ്പോഴേക്കും ഉമ്മാക്ക് അസുഖായി. തിരിച്ച് കിട്ട്യേതാണ് ഉമ്മാനെ. ഉമ്മാനെക്കാള്‍ വലുതായിട്ട് ഈ ലോകത്ത് എനിക്ക് വേറൊന്നൂല്ല. നിന്നോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല ഇങ്ങനെ പറഞ്ഞത്, ഉമ്മാനോടുള്ള ഇഷ്ടക്കൂടുതലുകൊണ്ടാ. ഇനിയങ്ങോട്ടും ഉമ്മാനെ പൊന്നുപോലെ നോക്കണം. നീയെന്റെ കൂടെ നിക്കണം'
പറഞ്ഞു തീര്‍ന്നപ്പോഴേക്കും എന്റെ കണ്ണുനിറഞ്ഞു. സങ്കടം കൊണ്ടല്ല, ഇങ്ങനെയൊരാളെ പടച്ചോന്‍ എനിക്ക് ഇണയാക്കി തന്നല്ലോ എന്ന സന്തോഷം കൊണ്ട്. ഇതുപോലെ ഉമ്മാനെ സ്‌നേഹിക്കണ ഒരുപാടു മക്കളെ പെറ്റുകൂട്ടണമെന്നു തോന്നി എനിയ്ക്ക്.
കോലായിലിരുന്ന് കുട്ടികള്‍ക്ക് മിഠായിപ്പൊതി ഓരിവച്ചു കൊടുക്കുമ്പോ, മാറിനിന്ന എന്നെ മാടിവിളിച്ചു മിഠായി തന്ന നിമിഷമായിരിക്കാം ആദ്യമായി എനിയ്ക്കുമ്മയോട് ഒരുപാടിഷ്ടം തോന്നിയത്. പിന്നീടെപ്പോഴാണ് ആ ഇഷ്ടം നെഞ്ചിലിത്രയും ആഴത്തില്‍ പതിഞ്ഞതെന്നറിയില്ല. ഓരോ നിമിഷവും ആ ഇഷ്ടം മനസിലങ്ങനെ തഴച്ചുവളര്‍ന്നു കൊണ്ടേയിരുന്നു.
ഞാന്‍ ഉമ്മാക്കു കൊടുത്ത മുത്തങ്ങളൊക്കെയും എന്റെ സ്‌നേഹ നക്ഷത്രങ്ങളായിരുന്നു.
ഐ.സി.യുവിലെ തണുപ്പിലേക്കു വിറയാര്‍ന്ന കാലുകളുമായി ഞാനും ഇത്തയും കടന്നുചെല്ലുമ്പോള്‍ ഇക്ക ഉമ്മയുടെ ചാരെയിരുന്ന് കലിമ ചൊല്ലിക്കൊടുക്കുകയായിരുന്നു.
'വേഗം വെള്ളം കൊടുത്തോളൂ..'
അടുത്തുനില്‍ക്കുന്ന നഴ്‌സിന്റെ ശബ്ദം ഇരുചെവികളിലും പ്രകമ്പനം കൊണ്ടു. ആ ചുണ്ടുകളിലേക്ക് ഒരിറ്റു വെള്ളം പകര്‍ന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ഡോക്ടറുടെ അറിയിപ്പെത്തി. ഇനി ഉമ്മയുമില്ല. ഈ ലോകത്ത് ഞങ്ങള്‍ തനിച്ചായതു പോലെ, ഒരു ശൂന്യതയായിരുന്നു. ഇക്ക ചുറ്റും മറന്ന് ഒരു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. ആ കരച്ചില്‍ കേള്‍ക്കേ എന്റെ അടിവയറ്റിലേക്കൊരു വേദന പാഞ്ഞുകയറി. പാടത്തെ പണിക്കിടെ നിറവയറിന്റെ തളര്‍ച്ചയില്‍, വീട്ടിലെത്തിയ ഉമ്മ തന്റെ ചോരപ്പൈതലിനു ജന്മം നല്‍കുമ്പോള്‍ അനുഭവിച്ച അതേ പേറ്റുനോവ് !
'നോക്കുമ്മാക്ക് മഴ കൊള്ളൂലേ മ്മച്ച്യേ?'
'നോക്കുമ്മ ഇങ്ങനെയെത്ര മഴ നനഞ്ഞതാ! വെയിലു കൊണ്ടതാ!'
പൂമുഖത്തുനിന്ന് അവനെയും കൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ ഞാനോര്‍ത്തു. ഒഴിഞ്ഞുകിടക്കുന്ന കസേരയും തസ്ബീഹ് മാലയും ഇതേ ചോദ്യങ്ങള്‍ തന്നെ സ്വയം ചോദിക്കുന്നുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."