കോഴിപ്പാറ ജലവൈദ്യുത പദ്ധതി നിലവില്‍ വരുന്നു
നിലമ്പൂര്‍: കോഴിക്കോട്-മലപ്പുറം ജില്ലകളിലെ അതിര്‍ത്തിപ്രദേശങ്ങളുടെ വൈദ്യുത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന വൈദ്യുത വകുപ്പിന്റെ നേതൃത്വത്തില്‍ ചാലിയാര്‍ പഞ്ചായത്തിലെ കോഴിപ്പാറയില്‍ ജലവൈദ്യുത പദ്ധതി ഒരുങ്ങുന്നു. 152 കോടി രൂപ ചെലവഴിച്ച് കോഴിപ്പാറയില്‍ നിന്നു 21മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ സിയാലിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്.
പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി കോഴിപ്പാറ മാറും. മലപ്പുറം ജില്ലയിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറയില്‍ നിന്നും 3.5 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതാവട്ടെ ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ കാലവര്‍ഷത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇതിന്റെ ആറിരട്ടിയാണ് കോഴിപ്പാറയില്‍ നിന്നും ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ വാളാംതോടിലെ കുറുവന്‍ കോഴിപ്പാറ കടവിലാണ് പദ്ധതി നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. കോഴിപ്പാറയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ താഴെ അമ്പുമല കോളനിക്കു സമീപം വെള്ളംകെട്ടി നിര്‍ത്തി അവിടെ നിന്നും തുരങ്കംവഴി കോഴിക്കോട് ജില്ലയിലെ കൂമ്പാറയില്‍ നിര്‍മിക്കുന്ന പവര്‍ഹൗസില്‍ എത്തിച്ച് അവിടെ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കും. ആദ്യഘട്ടത്തില്‍ തിരുവമ്പാടി ഉള്‍പ്പെടെ കോഴിക്കോട് ജില്ലക്ക് മാത്രമായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
അതേസമയം കോഴിക്കോട് ജില്ലയ്ക്ക് മാത്രം പ്രയോജനം ലഭിക്കുന്നതിന് മലപ്പുറം ജില്ലയില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പഞ്ചായത്തിന് പദ്ധതിയോട് വിയോജിപ്പുണ്ട്. കോഴിപ്പാറ സ്ഥിതിചെയ്യുന്നത് ചാലിയാര്‍ പഞ്ചായത്തിലാണ്. സിയാല്‍ ഒന്നാംഘട്ട സര്‍വേ പ്രവൃത്തികള്‍ അടക്കം പൂര്‍ത്തികരിച്ച ശേഷം മാത്രമാണ് കോഴിപ്പാറ സ്ഥിതി ചെയ്യുന്ന ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വിവരമറിയുന്നത്. അശാസ്ത്രീയമായി ചാലിയാര്‍ പുഴയുടെ പ്രധാന കൈവഴികളിലൊന്നായ കുറുവന്‍പുഴയിലെ ജലം തുരങ്കം വഴി കൂമ്പാറയിലേക്ക് കൊണ്ടുപോകുന്നതോടെ കുറുവന്‍പുഴ വറ്റിവരളുമെന്ന് അധികൃതര്‍ പറയുന്നു. വെണ്ണേക്കോട് ഭാഗത്ത് പവര്‍ഹൗസ് നിര്‍മിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ ചാലിയാര്‍ പഞ്ചായത്തിനു മുഴുവനായും നിലമ്പൂര്‍ നഗരസഭയിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ചാലിയാര്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നു. മാത്രമല്ല കൂമ്പാറയിലേക്ക് കുറുവന്‍പുഴയുടെ വെള്ളം കൊണ്ടുപോകുന്നതിനു പകരം വെണ്ണേക്കോട് പവര്‍ഹൗസ് നിര്‍മിച്ചാല്‍ ആഢ്യന്‍പാറയിലേതുപോലെ ഉല്‍പാദനശേഷം കുറുവന്‍പുഴയിലേക്ക് തന്നെ തിരിച്ച് ജലം ഒഴുക്കിവിടാനാവും. നിര്‍മാണ ചെലവും കുറക്കാനാവുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
100കോടിയില്‍ താഴെ മാത്രമേ നിര്‍മാണ ചെലവ് വരികയുള്ളു. കൂമ്പാറയിലേക്ക് പന്ത്രണ്ട് കിലോമീറ്ററിലധികം തുരങ്കം നിര്‍മിച്ചുമാത്രമേ ജലം കൊണ്ടുപോകാന്‍ സാധിക്കൂ എന്നിരിക്കെ കോഴിപ്പാറ ജലവൈദ്യുത പദ്ധതി ഏറ്റവും ഫലപ്രദമാവുന്നത് ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോടില്‍ സ്ഥാപിക്കണമെന്നാണ് ചാലിയാര്‍ പഞ്ചായത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."