ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം
വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 219 റണ്‍സെടുത്താണ് വിജയിച്ചത്. തുടര്‍ച്ചയായ എട്ടാം ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യ ആഘോഷിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ കീഴടക്കി വിജയിച്ച ലങ്കയ്ക്ക് ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.
വിജയത്തിലേക്ക് അനായാസം കുതിച്ച ഇന്ത്യക്കായി ഓപണര്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. 85 പന്തുകള്‍ നേരിട്ട് 13 ഫോറും രണ്ട് സിക്‌സും പറത്തി ധവാന്‍ 100 റണ്‍സുമായി അപരാജിതനായി നിലകൊണ്ടു. തുടര്‍ച്ചയായി രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി പാതി മലയാളിയായ ശ്രേയസ് അയ്യര്‍ തന്റെ പ്രതിഭയുടെ മൂല്യം വീണ്ടും തെളിച്ചു. 63 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 65 റണ്‍സുമായി ശ്രേയസ് പുറത്തായി. നേരത്തെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ഏഴ്) മടങ്ങിയിരുന്നു. നാലാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് 26 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയത്തില്‍ പങ്കാളിയായി. ഇന്ത്യക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ ധനഞ്ജയ, പെരേര എന്നിവര്‍ സ്വന്തമാക്കി.
ടോസ് നേടി ശ്രീലങ്ക ബാറ്റിങിനിറങ്ങുകയായിരുന്നു. തുടക്കത്തില്‍ ഒരു വിക്കറ്റ് നഷ്ടമായ അവര്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഉപുല്‍ തരംഗ- സമരവിക്രമ സഖ്യത്തിന്റെ മികവില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന തോന്നലുണര്‍ത്തി. എന്നാല്‍ ഇരുവരേയും പുറത്താക്കി കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കികൊണ്ടു വന്നു. പിന്നീട് മധ്യനിരയ്ക്കും വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അവരുടെ പോരാട്ടം 215 റണ്‍സില്‍ ഒതുങ്ങി. 82 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും പറത്തി തരംഗ 95 റണ്‍സില്‍ പുറത്തായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. സമരവിക്രമ 42 റണ്‍സെടുത്തു. മാത്യൂസ് (17), ഗുണരത്‌നെ (17) എന്നിവര്‍ മികച്ച തുടക്കമിട്ടെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചില്ല. വാലറ്റം ഒരു വെല്ലുവിളിയും ഏറ്റെടുക്കാതെ ക്ഷണത്തില്‍ കീഴടങ്ങിയതോടെ ഇന്ത്യയുടെ അധ്വാനവും കുറഞ്ഞു.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരുടെ ബൗളിങാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് വളമിട്ടത്. കുല്‍ദീപ് പത്തോവറില്‍ 42ഉം ചഹല്‍ 46ഉം റണ്‍സ് വഴങ്ങിയാണ് മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ടും ബുമ്‌റ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. കുല്‍ദീപ് യാദവാണ് കളിയിലെ കേമന്‍. ശിഖര്‍ ധവാനാണ് പരമ്പരയുടെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."