കാണാതായവരെ ക്രിസ്മസിന് മുന്‍പ് തിരികെയെത്തിക്കും: മോദി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കഷ്ടത അനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിങ്ങളുടെ ദുഃഖവും വേദനയും ഞാന്‍ മനസിലാക്കുന്നു. ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരെ ക്രിസ്മസിന് മുന്‍പ് തിരിച്ചെത്തിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തിവരികയാണ്. ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ സേനകള്‍ അടിയന്തരമായി ഇടപെട്ടു. അതിനാലാണ് നിരവധിപേരെ രക്ഷിക്കാനായത്. നിര്‍ഭാഗ്യവശാല്‍ ജീവന് നഷ്ടമായവരുണ്ട്. അവരുടെ കുടുംബത്തിന്റെ വേദന മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കും.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമായതിനാലാണ് ദുരന്തമുണ്ടായതിനുപിന്നാലെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് കേരളത്തിലെത്തിയതെന്നും മോദി പറഞ്ഞു.
ഇന്നലെ അഞ്ചോടെ പൂന്തുറ അല്‍ഫോണ്‍സ് കമ്മ്യൂണിറ്റി ഹാളിലൊരുക്കിയ വേദിയിലെത്തിയ പ്രധാനമന്ത്രി ഇരുപത് മിനിറ്റോളം ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ കണ്ടു. എല്ലാവരും തങ്ങളുടെ വിഷമങ്ങള്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പരാതികള്‍ മോദി ശ്രദ്ധാപൂര്‍വം കേട്ടു. പ്രത്യേകം തയാറാക്കിയ ഹാളില്‍ സ്ഥാപിച്ച സുരക്ഷാവേലിയില്‍ പിടിച്ചുകൊണ്ട് മോദി പരാതിക്കാരെ ആശ്വസിപ്പിച്ചു.
മോദിയോട് സംസാരിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടി. അല്‍ഫോണ്‍സ് കണ്ണന്താനമാണ് മത്സ്യത്തൊളിലാളികളുടെ പരാതികള്‍ മോദിക്ക് പരിഭാഷപ്പെടുത്തി നല്‍കിയത്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."