ഓഖി: ദുരിതം കണ്ടറിഞ്ഞ് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 1.50ഓടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്.
പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, സുരേഷ് ഗോപി എം.പി, മേയര്‍ വി.കെ പ്രശാന്ത്, എം.എല്‍.എ മാരായ ഒ. രാജഗോപാല്‍, വി.എസ് ശിവകുമാര്‍, ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കലക്ടര്‍ കെ.വാസുകി, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്കു പോയി. കന്യാകുമാരി ഗസ്റ്റ്ഹൗസിനുസമീപം ഹെലിപാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം, കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് കന്യാകുമാരി ഗസ്റ്റ് ഹൗസില്‍വച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടു. അതിനുശേഷം കര്‍ഷക, മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ പരാതികള്‍കേട്ട പ്രധാനമന്ത്രി തുടര്‍ന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും സഭാ പ്രതിനിധികളെയും കണ്ടു. അനൗദ്യോഗിക കണക്കുപ്രകാരം 1,400 പേര്‍ ഇനിയും തീരമണയാനുണ്ടെന്ന് അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ചിന്നതുറ, തേങ്ങാപട്ടണം എന്നിവിടങ്ങളിലാണ് കൂടുതലും ദുരിതം ബാധിച്ചതെന്ന് സഭാ നേതൃത്വം പറഞ്ഞു.
ഒരുമണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ചക്കുശേഷം വൈകിട്ട് 4.40ന് വീണ്ടും തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തില്‍നിന്ന് റോഡ് മാര്‍ഗം പൂന്തുറയിലെത്തിയ അദ്ദേഹം ദുരിതബാധിതരെയും സഭാ നേതൃത്വത്തെയും കണ്ടു. അഞ്ചരയോടെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ നരേന്ദ്ര മോദി മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരുമായി 45 മിനുട്ട് കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍വച്ച് സംസ്ഥാന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം ഡല്‍ഹിയിലേക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."