യോഗിക്കെതിരേയുള്ള കേസുകള്‍ യു.പി സര്‍ക്കാര്‍ പിന്‍വലിക്കുന്നു
ലഖ്‌നൗ: തനിക്കെതിരേ 22 വര്‍ഷമായുള്ള കേസ് പിന്‍വലിക്കാന്‍ ഉത്തരവുമായി യോഗി ആദിത്യനാഥ്. ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. യോഗിയെ കൂടാതെ ബി.ജെ.പി നേതാവ് ശിവപ്രതാപ് ശുക്ലയടക്കമുള്ള 11 പേര്‍ക്കെതിരേയുള്ള കേസുകളും പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. 1995ല്‍ ഗൊരഖ്പൂര്‍ ജില്ലയില്‍ നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.
നേരത്തെ സംസ്ഥാന ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിന് മുന്‍പ് നിയമമന്ത്രാലയം ഇത്തരം കേസുകള്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പുതിയ ഭേദഗതി പ്രകാരം രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരേയുള്ള 20,000 ത്തോളം കേസുകള്‍ റദ്ദാക്കാന്‍ തീരുമാനമുണ്ട്. നിയമമന്ത്രാലയ അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായ് കേസ് എഴുതിത്തള്ളുന്നത് സംബന്ധിച്ച് ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേലയ്ക്ക് കത്തയച്ചിട്ടുണ്ട്.
കേസ് റദ്ദാക്കുന്നതിന് മുന്‍പ് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണമെന്ന നിയമം നിലവിലുള്ളതിനാലാണ് അണ്ടര്‍ സെക്രട്ടറി കത്തയച്ചത്. 1995 മെയ് 27ന് പിപിഗഡ് പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള കൗദിയ വനമേഖലയില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ യോഗം ചേരുകയായിരുന്നു.
കേന്ദ്രമന്ത്രി ശിവ്പ്രതാപ് ശുക്ല, ബി.ജെ.പി എം.എല്‍.എ ശീതള്‍ പാണ്ഡെ, ഉപേന്ദ്ര ശുക്ല, രാകേഷ് സിങ്, ഗ്യാന്‍ പ്രതാപ് ഷാഹി, രമാപതി ത്രിപാഠി, ഭാനു പ്രതാപ് സിങ്, സമീര്‍ കുമാര്‍ സിങ്, വിശ്വകര്‍മ ദ്വിവേദി, വിഭ്രത് ചന്ദ്ര കൗശിക്, ശംഭു ശരണ്‍ സിങ്, കുന്‍വാര്‍ നരേന്ദ്ര സിങ് എന്നിവരാണ് കേസിലുള്‍പ്പെട്ട നേതാക്കള്‍.
നേരത്തെ കേസില്‍ നിരവധി തവണ സമന്‍സയച്ചിട്ടും നേതാക്കള്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് 2014ല്‍ ഇവര്‍ക്കെതിരേ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."