പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി; ഇന്ത്യ മുന്നണിക്ക് വീണ്ടും ഷോക്ക്
ന്യൂഡല്‍ഹി: 'ഇന്ത്യ' സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. ബംഗാളില്‍ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. പഞ്ചാബിലെ ലോക്സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ ആം ആദ്മിയും ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്ന് അറിയിച്ച മമത ബംഗാളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ തന്റെ പാര്‍ട്ടിക്കാകുമെന്നും പറഞ്ഞു.
ആം ആദ്മിയുടെ പ്രഖ്യാപനത്തോട് ഇതുവരെ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. അതേസമയം, ബംഗാളില്‍ സഖ്യം തുടരുമെന്ന് മമതയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ബി.ജെ.പിയുടെ സീറ്റുകള്‍ കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇന്ത്യാ സഖ്യത്തിനുള്ളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ സഖ്യ രൂപീകരണം മുതല്‍ തന്നെ എഎപി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തില്‍ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി; ഇന്ത്യ മുന്നണിക്ക് വീണ്ടും ഷോക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."