നരകജീവിതം
രാജ്യത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഡല്‍ഹി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഗോക്കരകൊണ്ട നാഗാ സായിബാബയെന്ന ജി.എന്‍ സായിബാബയെ 2022 ഒക്ടോബര്‍ 14ന് ബോംബെ ഹൈക്കോടതി കുറ്റമുക്തനാക്കി. സായിബാബ നിരപരാധിയെന്ന് തെളിയിക്കാന്‍ ഭാര്യ വസന്ത നടത്തിയ അഞ്ചു വര്‍ഷത്തെ നിയമപോരാട്ടം ഫലം കണ്ടുവെന്നാണ് കരുതിയത്.
എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ സുപ്രിംകോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ സ്റ്റേ ഉത്തരവ് വാങ്ങി സായിബാബ ജയിലില്‍ തുടരുന്നുണ്ടെന്ന് ഉറപ്പാക്കി. കേസ് മറ്റൊരു ബെഞ്ചിലേക്ക് സുപ്രിംകോടതി കൈമാറുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ബെഞ്ച് സായിബാബ നിരപരാധിയെന്ന് ഉത്തരവിടുകയും ജയിലില്‍ നിന്ന് മോചിതനാവുകയും ചെയ്തിരിക്കുന്നു.
90 ശതമാനം അംഗവൈകല്യമുള്ള, വീല്‍ചെയറിലല്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത, 19ലധികം രോഗങ്ങളുള്ള ജി.എന്‍ സായിബാബ ഒരു കുറ്റവും ചെയ്യാതെ മഹാരാഷ്ട്ര ഗഡ്ചിറോളിയിലെ കിരാതമായ അണ്ടാ സെല്ലില്‍ കഴിഞ്ഞത് 10 വര്‍ഷമാണ്. സായിബാബയ്ക്ക് ഒരിക്കലും ജീവനോടെ ആ സെല്ലില്‍ നിന്ന് പുറത്തുവരാന്‍ കഴിയില്ലെന്നായിരുന്നു സുഹൃത്തുക്കള്‍ കരുതിയത്. അത്ര ഭീതിതമായിരുന്നു ജയിലിലെ സാഹചര്യം.
ഈ 10 വര്‍ഷത്തിനിടയില്‍ സായിബാബയ്ക്ക് നഷ്ടപ്പെട്ടത് ജീവിതത്തിലെ അനവധി സുന്ദര ദിവസങ്ങളും തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മങ്ങിയ വെളിച്ചമുള്ള വായനശാലയിലെ പുസ്തകങ്ങളും സിനിമാ സി.ഡികളും ആദിവാസി സംസ്‌കാരങ്ങള്‍ ചിത്രീകരിക്കുന്ന പെയിന്റിങ് നിറച്ച ചെറിയ വീട്ടിലെ വൈകുന്നേരങ്ങളും മാത്രമല്ല, സ്വന്തം ജോലി കൂടിയാണ്.
തന്നെ കുറ്റമുക്തനാക്കിയ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്ത് രണ്ടാഴ്ചയ്ക്കു ശേഷം വസന്തയ്ക്കുള്ള കത്തില്‍ സായിബാബ എഴുതി: നാഗ്പൂരില്‍ ശൈത്യകാല തണുപ്പ് ആരംഭിച്ചു കഴിഞ്ഞു. എന്റെ കാലുകള്‍, കൈകള്‍, വയറ്, നെഞ്ച് എന്നിവിടങ്ങളില്‍ രോഗമുണ്ട്. പേശികള്‍ക്ക് കഠിനമായ വേദനയും ഉണ്ടാകുന്നു. രണ്ടു കൊവിഡ് ബാധയ്ക്കും ഒരു പന്നിപ്പനിക്കും ശേഷം ഞാന്‍ വളരെ ദുര്‍ബലനായിത്തീര്‍ന്നതിനാല്‍ എനിക്ക് വേദന സഹിക്കാന്‍ കഴിയുന്നില്ല. എന്റെ വൃക്ക രോഗത്തിനും തലച്ചോറിലെ പ്രശ്‌നങ്ങള്‍ക്കും അടിയന്തര ചികിത്സ നല്‍കാന്‍ ആര്‍ക്കും താല്‍പര്യമില്ല.
ഇവയും മറ്റ് മാരകമായ അസുഖങ്ങളും ഉടന്‍ ചികിത്സിക്കണമെന്ന് സർക്കാർ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ കത്തെഴുതിയെങ്കിലും ഫലമുവുണ്ടായില്ല''.
ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന അനവധി രോഗങ്ങളോട് പടവെട്ടുന്ന വെറുമൊരു മനുഷ്യന്‍ മാത്രമായിരുന്നില്ല സായിബാബ. രാജ്യത്തെ മനുഷ്യാവകാശത്തിനു വേണ്ടിയും ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടിയും അവകാശ പോരാട്ടത്തില്‍ മുന്നില്‍ നിന്നൊരാള്‍. ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപനവുമായി ശിഷ്ടകാലം കഴിക്കാമായിരുന്നിട്ടും അതിനൊന്നും മുതിരാതെ സ്വന്തം പരിമിതികളോട് പൊരുതി മറ്റുള്ളവര്‍ക്കു വേണ്ടി പടപൊരുതിയൊരാള്‍.
1967ൽ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ അമലാപുരത്താണ് സായിബാബയുടെ ജനനം. നിർധന കര്‍ഷകരായിരുന്നു മാതാപിതാക്കള്‍. അഞ്ചാംവയസില്‍ പോളിയോ ബാധിച്ചു തളര്‍ന്ന സായി, വീല്‍ ചെയറിലായി. എന്നാല്‍ അമലാപുരം ശ്രീകോനസീമ ഭാനോജി രാമര്‍സ് കോളജില്‍ നിന്ന് യൂനിവേഴ്‌സിറ്റി ടോപ്പറായാണ് ബിരുദം പൂര്‍ത്തിയാക്കിയത്.
ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇന്ത്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ലിഷ് ആൻഡ് നാഷന്‍ മേക്കിങ്: റീഡിങ് ദ ഡിസിപ്ലിന്‍ എന്ന തീസീസില്‍ പി.എച്ച്.ഡി നേടി. ആദിവാസികള്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കും വേണ്ടി നിരന്തരം എഴുതിക്കൊണ്ടാണ് സായിബാബ രാജ്യത്ത് ശ്രദ്ധേയനാകുന്നത്. വൈകാതെ ഡല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായി. ഡല്‍ഹിയില്‍ പൊതുരംഗത്ത് സജീവമായ കാലത്താണ് അറസ്റ്റ്.
ജയിലില്‍ നിന്ന് എല്ലാ ആഴ്ചയും അദ്ദേഹം എനിക്ക് എഴുതുമായിരുന്നുവെന്ന് വസന്ത പറയുന്നു.വസന്തയും സായിബാബയും കണ്ടു മുട്ടുന്നത് ഒരു ട്യൂഷന്‍ ക്ലാസില്‍ വച്ചാണ്. രണ്ടുപേരും 15കാരായിരുന്നു. വസന്ത ഗണിതത്തിലും സായിബാബ ഇംഗ്ലിഷ് വ്യാകരണത്തില്‍ പരസ്പകരം സഹായിച്ചു. 1991ല്‍ വിവാഹിതരായ ശേഷം ഡല്‍ഹിയില്‍ ഇരുവരും താമസമാക്കി.
നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി (മാവോയിസ്റ്റ്) ബന്ധമുള്ള, നിരോധിത സംഘടനയായ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗഡ്ചിറോളിയിലെ സായിബാബയെ സെഷന്‍സ് കോടതി ശിക്ഷിക്കുമ്പോള്‍ മതിയായ വിചാരണ നടക്കുകയോ തെളിവുകളുണ്ടാകുകയോ ചെയ്തിരുന്നില്ല. പൊലിസ് ഭാവനയില്‍ വിരിഞ്ഞ കഥ മാത്രമായിരുന്നു കുറ്റപത്രം. ഒരു തീവ്രവാദ സംഘടനയില്‍ അംഗമായതിനും പിന്തുണച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 1860 പ്രകാരം ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും യു.എ.പി.എ പ്രകാരമാണ് സായിബാബ ശിക്ഷിക്കപ്പെട്ടത്.
ജയിലില്‍ വീല്‍ചെയറില്‍ നിന്ന് കിടക്കയിലേക്ക് മാറിക്കിടക്കാനോ ശുചിമുറിയില്‍ പോകാനോ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സായിബാബ. ഏകാന്ത തടവിലായിരുന്നു കൂടുതലും. സെല്ലില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ ലഭിക്കുന്നതിന് നാല് ദിവസത്തെ നിരാഹാര സമരം ഉള്‍പ്പെടെ മൂന്നാഴ്ച നീണ്ടുനിന്ന പ്രതിഷേധം ഉയര്‍ത്തേണ്ടി വന്നു സായിബാബയ്ക്ക്.
ജയില്‍ മുറിയിലും കുളിമുറിയിലും പൊലിസ് കാമറകള്‍ സ്ഥാപിച്ചു. അതിനെതിരേയും പ്രതിഷേധിക്കേണ്ടി വന്നു.ഒടുവില്‍ യഥാര്‍ഥത്തില്‍ ജയില്‍ മോചനം ലഭിക്കുമ്പോള്‍ അവിശ്വസനീയതയാണ് മുന്നിലെന്ന് സായിബാബ പറയുന്നു. ജയില്‍ മോചിതനായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇപ്പോഴും ജയിലിനുള്ളില്‍ത്തന്നെയാണെന്നാണ് തോന്നല്‍. ശാന്തമായൊരു ജീവിതമാകണം സായിബാബ ഇനി മുന്നില്‍ക്കാണുന്നത്. ഭരണകൂടം വീണ്ടും ആ സ്വപ്നങ്ങൾ തച്ചുകെടുത്തിയില്ലെങ്കിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."