കൊവിഡ് നിയന്ത്രണം: ഉത്സവങ്ങള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളായി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ അനുവദിക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്‌ഡോറില്‍ ഇരുന്നൂറും പേരെയാണ് അനുവദിച്ചിട്ടുള്ളത്.
ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലിസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പാക്കണം. തിയേറ്ററുകളില്‍ സീറ്റുകളുടെ എണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. സ്‌പോര്‍ട്‌സ് പരിശീലനത്തിനും നീന്തല്‍ പരിശീലനത്തിനും അനുമതിയായിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്സവങ്ങളില്‍
ശ്രദ്ധിക്കേണ്ടത്
കണ്ടെയ്‌മെന്റ് സോണുകളില്‍ ഉത്സവം നടത്തരുത്. ഉത്സവങ്ങള്‍ നടത്തുന്നതിന് മുന്‍പ് ആരോഗ്യവകുപ്പിന്റെ അനുമതി വാങ്ങണം. 65 വയസിനു മുകളില്‍ പ്രായമുള്ളവരും 10 വയസിനു താഴെയുള്ള കുട്ടികളും പങ്കെടുക്കരുത്. പുരോഹിതര്‍ ഉള്‍പ്പെടെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ മാസ്‌ക് ധരിക്കണം. ഉത്സവ സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. ഉത്സവത്തോടനുബന്ധിച്ച് ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കല്‍ അനുവദിക്കില്ല. ഭക്ഷണം ഒഴിവാക്കാന്‍ കഴിയാത്ത ചടങ്ങാണെങ്കില്‍ കൃത്യമായ അകലം പാലിക്കണം. പ്രവേശന സ്ഥലത്തു തന്നെ സന്ദര്‍ശകരെ സ്‌ക്രീനിങിന് വിധേയമാക്കണം.
സ്വിമ്മിങ് പൂളുകളില്‍ ശ്രദ്ധിക്കേണ്ടത്
സ്വിമ്മിങ് പൂളിലെ ജീവനക്കാരും നീന്തലുകാരും പൂള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയായി കഴുകണം. വെള്ളത്തിലൊഴികെയുള്ള സമയങ്ങളില്‍ മാസ്‌ക് കൃത്യമായി ധരിക്കണം. എന്നാല്‍ വെള്ളത്തിലായിരിക്കുമ്പോള്‍ മാസ്‌ക് ഒഴിവാക്കുകയാണ് വേണ്ടത്.
വെള്ളത്തിലായിരിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ശ്വാസമെടുക്കുന്നതിന് തടസം സൃഷ്ടിക്കും എന്നതിനാലാണിത്. സ്വിമ്മിങ് പൂളുകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കണം. ഓരോ ലൈനിലും നീന്തലുകാര്‍ തമ്മില്‍ കുറഞ്ഞത് ആറടി അകലം പാലിക്കണം. വെള്ളവും പ്രതലങ്ങളും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."