ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി മാറ്റി; ചൊവ്വാഴ്ചവരേ അറസ്റ്റുണ്ടാകില്ലെന്ന് പൊലിസ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ചൊവ്വാഴ്ചത്തേക്കു മാറ്റി. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപടക്കം അഞ്ചു പ്രതികളാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അതേ സമയം ദിലീപിന്റെ അറസ്റ്റ് ചൊവ്വാഴ്ചവരേ ഉണ്ടാകില്ലെന്ന് പൊലിസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ദിലീപിന്റെ അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ഇന്നലെ എഡിജിപി ശ്രീജിത്ത് വ്യക്തമാക്കിയിരുന്നത്. കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമായിരുന്നു റെയ്ഡ് നടത്തിയത്.
വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുകയാണ് പൊലിസ്. ഈ സമയത്താണ് മുന്‍കൂര്‍ ജാമ്യം തേടി ദിലീപടക്കമുള്ളവര്‍ ഹൈക്കോടതിയിലെത്തിയത്. ജാമ്യാപേക്ഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിഗണിക്കും. കോടത വിധി വരുംവരേ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് പൊലിസ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ നടന്‍ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന ഏഴ് മണിക്കൂറാണ് നീണ്ടത്. പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."