മാനദണ്ഡം മാറ്റിയത് സി.പി.എം സമ്മേളനത്തിന് വേണ്ടി; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി: കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി കൊവിഡ് ചട്ടങ്ങള്‍ അട്ടിമറിക്കുകയാണെന്നും പാര്‍ട്ടി സമ്മേളനങ്ങളിലൂടെ നിരവധി പേര്‍ക്ക് രോഗം പടരുന്നുണ്ടെന്നും നേതാക്കള്‍ വിവിധ ജില്ലകളിലെത്തി രോഗം പടര്‍ത്തുകയാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി.ആര്‍ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസര്‍കോട്, തൃശൂര്‍ ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഏതുവിധേനയും സമ്മേളനം നടത്തുമെന്ന വാശിയില്‍ സി.പി.എം നേതാക്കള്‍ രോഗവാഹകരാവുകയാണെന്നും സതീശന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത് അപഹാസ്യമാണ്. മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണനിശ്ചലമാണ്. എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ആരോഗ്യസെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുപരിപാടികള്‍ റദ്ദാക്കിയെന്ന ഉത്തരവ് കാസര്‍കോട് കളക്ടര്‍ നിമിഷങ്ങള്‍ക്കകം റദ്ദാക്കി. സമ്മര്‍ദ്ദം മൂലമല്ല അങ്ങനെ ചെയ്തതെന്നൊക്കെ വിശദീകരിക്കാനല്ലേ പറ്റൂ. ആരോഗ്യവകുപ്പ് നിശ്ചലമാണ് ആരോഗ്യവകുപ്പ് ജനങ്ങളെ പരിഹസിക്കുകയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."