HOME
DETAILS

നോളജ് ഇക്കോണമിയെപ്പറ്റി ചിന്തിക്കാം

  
backup
January 18 2021 | 20:01 PM

%e0%b4%a8%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%a3%e0%b4%ae%e0%b4%bf%e0%b4%af%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

 


'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നാണ് നാം പറയാറ്. ഏതുതരം സമ്പത്തിനേക്കാളും വിലപ്പെട്ടത് വിദ്യ തന്നെ എന്നര്‍ഥം. എങ്കിലും വിദ്യയിലൂന്നിയുള്ള സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ലോകം ചിന്തിച്ചുതുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. വിവര സാങ്കേതിക വിദ്യ ലോകത്തെങ്ങും പ്രാധാന്യം നേടുകയും രാജ്യങ്ങളുടെ പുരോഗതിയില്‍ ഐ.ടിയും അതുപോലെയുള്ള പുതിയ വിജ്ഞാന മേഖലകളും പ്രധാന പങ്കുവഹിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ വിജ്ഞാനം ആധുനിക വികസനത്തിന്റെ ആണിക്കല്ലായി മാറാന്‍ തുടങ്ങുകയായിരുന്നു. ധനകാര്യ മന്ത്രി തോമസ് ഐസക് ഇതാ നോളജ് ഇക്കോണമിയെ കേരളത്തിന്റെ പുതിയ വളര്‍ച്ചയുടെ വലിയൊരു ആണിക്കല്ലായി പ്രതിഷ്ഠിച്ചിരിക്കുന്നു. 'കേരള സമൂഹത്തിന്റെ അടുത്ത കുതിച്ചുചാട്ടത്തിന് മറ്റൊരു വികസന വിപ്ലവം അനിവാര്യമാണ്. കേരളത്തെ ഒരു നോളജ് ഇക്കോണമിയാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റില്‍ നിര്‍ദേശിക്കുന്നത്', തോമസ് ഐസക് കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച വാര്‍ഷിക ബജറ്റില്‍ പറയുന്നു (തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം 2021-22 - മലയാളം - പുറം 32).
ബ്രിട്ടനില്‍ ആരംഭിച്ച വ്യവസായ വിപ്ലവമാണ് ലോകത്ത് പുതിയതരത്തിലുള്ള വലിയ വളര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത്. വ്യവസായ വിപ്ലവം യൂറോപ്പിലെങ്ങും വ്യാപിച്ചു. അമേരിക്കയിലേയ്ക്ക് പടര്‍ന്നുപന്തലിച്ചു. ചരിത്രത്തില്‍ 1760 മുതല്‍ 1840 വരെയുള്ള കാലഘട്ടത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള പലതരം വികസനങ്ങളുടെ കഥകളാണ് വ്യവസായ വിപ്ലവത്തിനു പറയാനുള്ളത്. അതുവരെ കൈ കൊണ്ട് നിര്‍വഹിച്ചിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളൊക്കെയും ഓരോന്നോരോന്നായി യന്ത്രങ്ങള്‍ക്കു കൈമാറി. തൊഴിലിനും തൊഴിലാളിക്കും പുതിയ നിര്‍വചനം വന്നു. ഒരാള്‍ക്ക് ഒരു ദിവസം സ്വന്തം അധ്വാനംകൊണ്ട് നിര്‍മിച്ചെടുക്കാവുന്ന ഉല്‍പന്നങ്ങളുടെ പതിന്മടങ്ങ് അതിനെക്കാള്‍ തീരെ കുറഞ്ഞ സമയം കൊണ്ട് ഒരു യന്ത്രത്തിനു കൂടുതല്‍ ഭംഗിയായി ചെയ്തുതീര്‍ക്കാമെന്നു വന്നതോടെ മാറ്റങ്ങള്‍ എല്ലായിടത്തും വരവായി. യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ പുതിയ വിജ്ഞാനം വേണമെന്നായി. ആ രംഗത്ത് എന്‍ജിനീയറിങ് എന്ന വിജ്ഞാന ശാഖ വളര്‍ന്നു. ഇരുമ്പും ഉരുക്കും വ്യവസായത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. നെയ്ത്ത് മേഖലയില്‍ യന്ത്രവല്‍ക്കരണം വന്നതോടെ തുണി ഉല്‍പാദനത്തില്‍ വലിയ വളര്‍ച്ചയുണ്ടായി. ഇന്ത്യയില്‍ ബ്രിട്ടിഷ് ഭരണം ശക്തി പ്രാപിച്ചിരുന്ന കാലഘട്ടത്തില്‍ ബ്രിട്ടിഷുകാര്‍ യന്ത്രത്തില്‍ നിര്‍മിച്ചെടുത്ത തുണിത്തരങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയില്‍ വിറ്റഴിച്ചതും അത് ഇന്ത്യയിലെ പരമ്പരാഗത നെയ്ത്തുകാരെയും നെയ്ത്ത് മേഖലയെത്തന്നെയും പാടേ തകര്‍ത്തതും മഹാത്മാ ഗാന്ധി ബ്രിട്ടിഷ് തുണികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതും ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ തന്നെ ഭാഗമാണ്.


ഇന്ന് ലോകത്തെങ്ങും വിവര സാങ്കേതിക വിദ്യ വളരെ പ്രധാനമായ വളര്‍ച്ചാ മേഖലയായി മാറിയിരിക്കുന്നു. അതില്‍ത്തന്നെ നൂതനങ്ങളായ പുതിയ മേഖലകള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇവിടേയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രഗത്ഭരായ യുവാക്കള്‍ പുതിയ വിജ്ഞാനവും നൈപുണ്യവും കരസ്ഥമാക്കി കടന്നുവന്നുകൊണ്ടിരിക്കുന്നു. ഈ രംഗത്ത് കേരളം എവിടെ? കേരളത്തിന്റെ സമര്‍ഥരായ യുവാക്കള്‍ എവിടെ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഡോ. തോമസ് ഐസക് ഈ ബജറ്റിലൂടെ.


വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിന് ചരിത്രപരമായ കാരണങ്ങളും ഏറെയുണ്ട്. കേരളത്തില്‍ നവോത്ഥാനം രൂപമെടുത്തത് വിദ്യാഭ്യാസത്തിലൂടെ നേടിയ വളര്‍ച്ചയിലൂടെയാണെന്ന് ഐസക് ചൂണ്ടിക്കാട്ടുന്നു. 'വിദ്യാഭ്യാസമെന്ന ആശയം അവതരിപ്പിച്ചാണ് ശ്രീനാരായണഗുരു വിദ്യകൊണ്ടു സ്വതന്ത്രരാവുക എന്ന് പറഞ്ഞത്. 1937 ജനുവരിയില്‍ വെങ്ങാനൂരില്‍വച്ച് അയ്യന്‍കാളി മഹാത്മാഗാന്ധിയോട് 'എന്റെ ജനങ്ങളുടെയിടയില്‍ പത്തു ബി.എക്കാരെയെങ്കിലും കണ്ടിട്ടുവേണം എനിക്ക് മരിക്കാന്‍' എന്നാണ് പറഞ്ഞത്. കേരളമാകെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപകമാക്കിയ ഒന്നാം ഇ.എം.എസ് സര്‍ക്കാരും ഇതു തന്നെയാണ് ചെയ്തത് ', ഐസക് പറയുന്നു (ബജറ്റ് പ്രസംഗം: പുറം 32).


1957 മുതലിങ്ങോട്ട് മാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കി. അതിനു മുമ്പു തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കേരളീയര്‍ മനസ്സിലാക്കിയിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരാണ് ആദ്യമായി സ്‌കൂളുകള്‍ തുടങ്ങിയത്. തൊട്ടുകൂടായ്മയും തീണ്ടലും ശക്തമായി നിലനിന്നിരുന്ന അക്കാലത്ത്, താണ ജാതിക്കാരായ കുട്ടികള്‍ക്ക് വേദപഠനവും സ്‌കൂള്‍പഠനവും നിഷിദ്ധമായിരുന്ന അക്കാലത്ത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ മിഷണറിമാര്‍ മുന്നോട്ടുവന്നു. കത്തോലിക്കാ സഭയിലെ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനാണ് (1805-1871) വിദ്യാഭ്യാസ രംഗത്ത് വലിയ തുടക്കം കുറിച്ചത്. കോട്ടയം ജില്ലയിലെ മാന്നാനത്ത് സംസ്‌കൃത സ്‌കൂളും പൊതുവിദ്യാലയവും ആരംഭിച്ച അദ്ദേഹം നിര്‍ദ്ധനരായ പിന്നോക്ക വിഭാഗക്കാര്‍ക്കും പ്രവേശനം നല്‍കുകയും അവര്‍ക്കെല്ലാം ഉച്ചഭക്ഷണം നല്‍കുന്നതു പതിവാക്കുകയും ചെയ്തു. പിന്നീടു രൂപംകൊണ്ട വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തിനും കോളജ് വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നല്‍കി. ഐ.സി.എസ്, എ.എ.എസ് എന്നിങ്ങനെയെല്ലാം കേന്ദ്ര സര്‍വിസുകളിലേയ്ക്കും എന്‍ജിനീയറിങ്, മെഡിക്കല്‍ എന്നിങ്ങനെ ഉയര്‍ന്ന പ്രൊഫഷണല്‍ മേഖലകളിലേയ്ക്കും ക്രിസ്ത്യന്‍ യുവാക്കള്‍ ധാരാളമായി കടന്നു ചെല്ലാന്‍ സഹായിച്ചത് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍. ശങ്കര്‍ ഈഴവ സമുദായത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച കാര്യം കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനത്തിനും നടത്തിപ്പിനുമായി എസ്.എന്‍ ട്രസ്റ്റ് സ്ഥാപിച്ച് മുന്നേറ്റത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തു അദ്ദേഹം. മന്നം സ്ഥാപിച്ച എന്‍.എസ്.എസ് നായര്‍ സമുദായത്തിനും വളര്‍ച്ച നല്‍കി.
അപ്പോഴും കടുത്ത പിന്നോക്കാവസ്ഥയിലാണ് മുസ്‌ലിം സമുദായം കഴിഞ്ഞിരുന്നത്. പ്രത്യേകിച്ച് മലപ്പുറം ഭാഗത്ത്. 1967-ലെ ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ് മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമായത്. മുഹമ്മദ് കോയ മുന്‍കൈയെടുത്ത് മലപ്പുറം ജില്ലയില്‍ ധാരാളം സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങി. ജില്ലയിലെ തേഞ്ഞിപ്പാലം കേന്ദ്രമാക്കി കാലിക്കറ്റ് സര്‍വകലാശാല തുടങ്ങിയതും ഇക്കാലത്ത്. നേതൃത്വം നല്‍കിയത് മുഹമ്മദ് കോയ. ഉത്തര കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ വളര്‍ച്ചയ്ക്കാണ് കാലിക്കറ്റ് സര്‍വകലാശാല തുടക്കം കുറിച്ചത്. 1971-ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി തുടങ്ങാനും സി.എച്ച് തന്നെയായിരുന്നു നേതൃത്വം നല്‍കിയത്. അപ്പോള്‍ മുഖ്യമന്ത്രിയായിരുന്നത് സി. അച്യുതമേനോന്‍. സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവും. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബില്‍ അവതരിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതിപക്ഷത്ത് നിന്ന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എഴുന്നേറ്റ് നിന്ന് ഒരു ചോദ്യമുന്നയിച്ചു. 'ഇത്രകണ്ട് ശക്തിയായി അങ്ങ് ബില്‍ അവതരിപ്പിക്കുന്നുണ്ടല്ലോ. ഇതിന്റെ ആദ്യത്തെ വൈസ് ചാന്‍സലറായി ആരെ കൊണ്ടു വരും' എന്നതായിരുന്നു ചോദ്യം. സി.എച്ച് തെല്ലും കുലുങ്ങിയില്ല. 'അങ്ങ് തയാറായി വന്നാല്‍ അങ്ങു തന്നെയായിരിക്കും കൊച്ചിന്‍ സര്‍വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍', മന്ത്രി സി.എച്ച് മറുപടി നല്‍കി. പിന്നെ കാണുന്നത് സര്‍വകലാശാല രൂപീകരിക്കുന്നതും ആദ്യ വൈസ് ചാന്‍സലറായി കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്ഥാനമേല്‍ക്കുന്നതുമാണ്. 1957-ലെ ഇ.എം.എസ് ഗവണ്‍മെന്റില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു പരിവര്‍ത്തനം തന്നെ തുടങ്ങിവച്ച് വിവാദമായ വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. 1970 ല്‍ തൃശൂരില്‍നിന്നു സി.പി.എം സ്വതന്ത്രനായി ജയിച്ച പ്രൊഫ. മുണ്ടശ്ശേരി പാര്‍ട്ടിയോട് അനുമതി വാങ്ങിയ ശേഷമാണ് സി.എച്ചിന്റെ ഇഷ്ടപ്രകാരം എം.എല്‍.എ സ്ഥാനം രാജിവച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായത്. 1986-ല്‍ ഈ സര്‍വകലാശാല ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടു. ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ എണ്ണപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഈ സ്ഥാപനം.


സി.എച്ച് മുഹമ്മദ് കോയയെ പോലെയുള്ള മികവുള്ള നേതാക്കള്‍ മുസ്‌ലിം ലീഗിന്റെ തലപ്പത്തുണ്ടായതാണ് അക്കാലത്ത് മുസ്‌ലിം സമുദായത്തെ പിന്നോക്കാവസ്ഥയില്‍ നിന്ന് കരകയറാന്‍ സഹായകമായത്. ബ്രിട്ടിഷ് മേധാവിത്വത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ ഇംഗ്ലീഷ് ഭാഷയോട് മുസ്‌ലിം സമുദായം ശത്രുത പ്രഖ്യാപിച്ചിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ലീഗ് നേതാക്കളില്‍ പലരും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടിയവരും ഇംഗ്ലീഷിനോട് ശത്രുത ഇല്ലാത്തവരുമായിരുന്നു. സമുദായം പില്‍ക്കാലത്ത് ഇംഗ്ലീഷ് വിരോധം ഒഴിവാക്കി. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ രക്ഷിതാക്കള്‍ തന്നെ മുന്നിട്ടിറങ്ങി. ഗള്‍ഫ് കുടിയേറ്റം സാമ്പത്തിക മുന്നേറ്റത്തിനു വഴിതെളിച്ചപ്പോള്‍ അതിന്റെ ഭാഗമായി ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലപ്പുറം ജില്ലയിലും സമീപ പ്രദേശങ്ങളിലും ഉയര്‍ന്നു. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പ്രവേശന പരീക്ഷകളിലും ഉയര്‍ന്ന റാങ്കുകള്‍ മലപ്പുറത്തെത്തിയപ്പോള്‍ കേരളം തന്നെ അത്ഭുതപ്പെട്ടു. ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പൊതുവെ കാണുന്ന മുന്നേറ്റത്തിന്റെ മുന്‍നിരയില്‍ത്തന്നെ മലപ്പുറത്തെ കുട്ടികളുമുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍.
1957 മുതലിങ്ങോട്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം വളരെയധികം ശക്തിപ്പെട്ടുവെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗം അത്രക്കണ്ട് ഉയര്‍ന്നിട്ടില്ലെന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കോഴിക്കോട്ടെ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍ നമുക്കുണ്ട്. ഇപ്പോള്‍ സ്‌കൂളുകളൊക്കെയും ഹൈടെക്കാവുകയും ചെയ്തിരിക്കുന്നു. എങ്കിലും ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും കേരളത്തിലില്ല. മലയാളികളായ ധാരാളം വിദ്യാര്‍ഥികള്‍ ലോകത്തെങ്ങുമുള്ള മുന്തിയ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിക്കുന്നുണ്ട് താനും. കേരളത്തിലെ പുതിയ തലമുറയ്ക്ക് അര്‍ഹതപ്പെട്ട മുന്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയില്ല എന്ന സത്യം മനസിലാക്കിയിട്ടാണ് ഡോ. തോമസ് ഐസക് സംസ്ഥാനത്തെ ഒരു നോളജ് ഇക്കോണമിയാക്കാനുള്ള സുപ്രധാന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ വലിയ ആവശ്യമാണിത്. തീര്‍ച്ചയായും പുതിയൊരു വിദ്യാഭ്യാസ വിപ്ലവമാണ് ഇതിനാവശ്യം. വലിയ സ്വപ്നങ്ങളും ഉയര്‍ന്നചിന്തകളും പുതിയ പ്രവര്‍ത്തനപരിപാടികളുമുണ്ടാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago