ഗാബയിനി പഴയ ഗാബയല്ല ഇന്ത്യയുടെ സ്വര്‍ഗവേദി!
'നിങ്ങള്‍ ഗാബയിലേക്കു വാ, അവിടെവച്ചു കാണിച്ചുതരാം'- മൂന്നാം ടെസ്റ്റിനിടെ ആസ്‌ത്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ഇന്ത്യന്‍ താരം അശ്വിനോട് പറഞ്ഞ വാക്കുകളാണിത്. കാരണം മറ്റൊന്നുമല്ല, ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സ്വര്‍ഗഭൂമിയാണ് ഗാബ. അതിഥി ടീമുകളുടെ ശവപ്പറമ്പും!
എന്നാല്‍, ഇന്നലെ മുതല്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ആ പേടിയങ്ങു മാറ്റി. ഇനി ഗാബയെ ഇന്ത്യയുടെ സ്വര്‍ഗവേദിയെന്നു വിശേഷിപ്പിക്കാം. കാരണം, മുന്‍നിര താരങ്ങള്‍ക്കു പരുക്കേറ്റതോടെ നെറ്റ്‌സില്‍ പന്തെറിയാന്‍ വന്ന താരങ്ങള്‍ പോലും തിളങ്ങിയ വേദി. പ്രതികൂല സാഹചര്യത്തില്‍നിന്നു പ്രതികാരദാഹത്തോടെ ഇന്ത്യ കളിച്ച മത്സരം ഈയടുത്തൊന്നും അരങ്ങേറിയിട്ടില്ലെന്നതു വാസ്തവം. യഥാര്‍ഥത്തില്‍, ആസ്‌ത്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ കളിക്കാന്‍ കഴിയാതെ പരുക്കേറ്റു പുറത്തിരിക്കുന്നവരുടെ ലിസ്റ്റെടുത്തു നോക്കുമ്പോള്‍ അതില്‍ തന്നെയുണ്ട് ഒരു സെറ്റ് ടീം!
ഭുവി, കെ.എല്‍ രാഹുല്‍, വിഹാരി, അശ്വിന്‍, ഷാമി, ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, ബുംറ, എന്നിങ്ങനെ നീളുന്നു പരുക്കേറ്റവരുടെ നിര. ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ ടീമിനായി ആശുപത്രിവരെ തുടങ്ങേണ്ടിവരുമെന്നു സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയാന്‍ തുടങ്ങി. എന്നാല്‍, ആസ്‌ത്രേലിയന്‍ മണ്ണില്‍ ബൗണ്‍സറും ബോഡി ലെങ്ത്തുംകൊണ്ട് എതിരാളികളെ എറിഞ്ഞു പരുക്കേല്‍പ്പിച്ച ടീമിനെതിരേ സമനില പോലും നേടാനാകുമോ എന്ന ചോദ്യത്തിന് മറുപടിയായി ഇന്ത്യ ലോകമെപ്പോഴും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന വിജയം എത്തിപ്പിടിച്ചിരിക്കുന്നു.
ആദ്യ ഇന്നിങ്‌സില്‍ 369 എന്ന ഗാബയിലെ മികച്ച സ്‌കോര്‍ കണ്ടെത്തിയ ആസ്‌ത്രേലിയ, അന്നേ മത്സരത്തിന്റെ ഗതി തങ്ങള്‍ക്കനുകൂലമാണെന്നു വിലയിരുത്തിയിരുന്നു. ടോപ് ഓര്‍ഡറിലെ താരങ്ങള്‍ കൊഴിഞ്ഞുപോയതോടെ അക്കാര്യം ഉറപ്പിച്ചു. പക്ഷേ, പരമ്പരയിലെ അരങ്ങേറ്റക്കാരായ വാഷിങ്ടന്‍ സുന്ദറും ശാര്‍ദുല്‍ താക്കൂറും ചേര്‍ന്നുയര്‍ത്തിയ 123 റണ്‍സിന്റെ അസാമാന്യ പാര്‍ട്ണര്‍ഷിപ്പ് ഓസീസ് പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ജയം ലക്ഷ്യമിട്ട് ഓസീസ് അതിവേഗം റണ്‍സ് കണ്ടെത്തി.
ഇതിലൂടെ 328 റണ്‍സിന്റെ റെക്കോര്‍ഡ് ചേസിങ് ടോട്ടല്‍ നീട്ടിയതോടെ ഇന്ത്യന്‍ ജയം അസാധ്യമെന്നു ലോകം ഉറപ്പിച്ചു. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യ സമനില പിടിക്കണമെന്നും അതിനു മഴ കനിയണമെന്നുംവരെ പ്രാര്‍ഥനയായി.
എന്നാല്‍, അഞ്ചാം ദിനം ഇന്ത്യന്‍ സമയം രാവിലെ 5.30ന് മാനം നോക്കി, മഴക്കോളില്ല എന്നറിഞ്ഞതോടെ ഇന്ത്യന്‍ പ്രേമികള്‍ക്കു നിരാശ.
പക്ഷേ, മൂന്നാം ടെസ്റ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യ ഇനിയുമാവര്‍ത്തിക്കുമെന്ന് ഏവരും ആശ്വസിച്ചു. സംഭവിച്ചത് അതുക്കും മേലെ. ടീമിലെ കാരണവനായി പൂജാര കുടുംബത്തിലെ അംഗങ്ങളെ നിയന്ത്രിച്ചപ്പോള്‍ ക്ലാസിക് ഷോട്ടുമായി ഗില്ലും ആക്രമണ ശൈലിയുമായി പന്തും നിറഞ്ഞാടി. ഒടുവില്‍ ഏതൊരു ഇന്ത്യക്കാരനും കൊതിക്കുന്ന ആ മോഹവിജയത്തില്‍ ഇന്ത്യ അലിഞ്ഞുചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."