മതേതരത്വ വിരുദ്ധമാകുന്ന ഇന്ത്യന്‍ പൊതുബോധം
ഈയിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാമക്ഷേത്ര നിര്‍മാണത്തിന് തന്റെ വകയായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കുന്നത്. ആരും തന്നെ ആ വാര്‍ത്ത ശ്രദ്ധിക്കാതെ പോയത് രാഷ്ട്രപതിയെ ആളുകള്‍ മറന്നുപോയതുകൊണ്ടാണ്. വര്‍ത്തമാനകാല ഇന്ത്യയില്‍ രാഷ്ട്രപതി ഇത്രമേല്‍ അപ്രസക്തമായ മറ്റൊരു കാലമുണ്ടായിട്ടില്ല. കര്‍ഷക സമരമടക്കമുള്ള ഗുരുതരമായ പ്രതിസന്ധിയെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ രാഷ്ട്രപതിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്വമുണ്ട്. കാലം ചെല്ലുമ്പോള്‍ വരാന്‍പോകുന്ന ഒരു തലമുറ ചോദിക്കും രാംനാഥ് കോവിന്ദ് എന്ന രാഷ്ട്രപതി രാജ്യത്തിനുവേണ്ടി എന്ത് ചെയ്തു എന്ന്. ഇന്ത്യയില്‍ ജനാധിപത്യം തന്നെ അപ്രസക്തമാവുന്നതിന്റെ സൂചനയുമാണ് രാഷ്ട്രപതിയുടെ നിശബ്ദതകള്‍.
ജനാധിപത്യരാജ്യത്ത് പുലരേണ്ട ചില മര്യാദകളുണ്ട്. വ്യക്തിപരമായ രാഷ്ട്രീയ, മത, സമുദായ, ഗോത്ര വിശ്വാസങ്ങള്‍ രാഷ്ട്രപതിയില്‍ നിന്ന് പ്രകടമായി പുറത്തുവരാന്‍ പാടില്ല. പ്രഥമ പൗരന്റെ ഓരോ സമീപനവും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാവണം. ഇന്ത്യയിലെ രാഷ്ട്രപതിമാര്‍ അതേ ചെയ്തിട്ടുമുള്ളൂ. തന്റെ അസാധാരണവും ധൈഷണികവും മതേതരവുമായ നിലപാടുകള്‍കൊണ്ട് ഇന്ത്യന്‍ രാഷ്ട്രപതി ലോക ചരിത്രത്തില്‍ തന്നെ സ്ഥാനം നേടിയ കാലഘട്ടമായിരുന്നു ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റേത്. ജൈനമതത്തിലെയും ഹിന്ദുമതത്തിലെയും വലിയ ആചാര്യന്‍മാരുമായി അദ്ദേഹം സംവാദം നടത്തിയിരുന്നു. ശാസ്ത്രബോധവും ആത്മീയതയും അതീവസര്‍ഗാത്മകമായി സമ്മേളിച്ചു കലാമിന്റെ ജീവിതത്തില്‍. അദ്ദേഹത്തെപ്പോലെ ഒരു രാഷ്ട്രപതി ഇനി സ്വപ്നത്തില്‍ മാത്രം.
കോണ്‍ഗ്രസ് നേതാവായ ദ്വിഗ്‌വിജയ് സിങും രാമക്ഷേത്രത്തിന് സംഭാവന നല്‍കി. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യന്‍ പൊതുബോധം ഗുരുതരമാംവിധം കാവിവല്‍ക്കരിക്കപ്പെടുന്നതാണ്. ഇതിനെ ഹൈന്ദവ പൊതുബോധം എന്ന് വിശേഷിപ്പിക്കാനുമാവില്ല. പുറമേയ്ക്ക് പ്രകടിതമാവുന്ന ഫാസിസ്റ്റ് വംശീയ പൊതുബോധമാണത്. അത് രാജ്യത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുകയുമാണ്. നാനാതരം വിശ്വാസങ്ങളുടെ സമ്മേളനമാണ് ഇന്ത്യ. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ പ്രധാനമാണ്. പക്ഷേ വിശ്വാസപരമായ ആധിപത്യം രാഷ്ട്രത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കും.
രാമക്ഷേത്രത്തെ ആരും എതിര്‍ക്കുന്നില്ല. രാമന്റേയും കൃഷ്ണന്റേയും പേരില്‍ ദിനേദിനേ രാജ്യത്ത് ക്ഷേത്രങ്ങള്‍ ഉയരുന്നുണ്ട്. അമ്പലങ്ങള്‍ മാത്രമല്ല പള്ളികളും ഉയരുന്നു. അങ്ങനെ ഉയരുന്ന പള്ളിയും അമ്പലങ്ങളും ആരും ചര്‍ച്ചാവിഷയമാക്കാറില്ല. മനുഷ്യ ശരീരത്തില്‍ ശ്വാസകോശത്തിന്റെ അറകള്‍പോലെ ചേര്‍ന്നുനില്‍ക്കുന്ന ക്ഷേത്രവും പള്ളിയും സ്‌നേഹാര്‍ദ്രമായ പാരസ്പര്യമായി ഇന്ത്യയില്‍ പലയിടത്തുമുണ്ട്. പക്ഷേ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യം അതല്ലല്ലൊ. ഇസ്‌ലാംമത വിശ്വാസികളുടെ ഹൃദയം പിളര്‍ന്നു നിര്‍മിച്ചതാണത്. ഇന്ത്യന്‍ മതേതരബോധത്തിനേറ്റ ആഴമേറിയ മുറിവ്. കര്‍സേവകര്‍ ആ പള്ളി തകര്‍ത്ത ശേഷമുണ്ടായ കലാപങ്ങള്‍, കുരുതികള്‍ ഒന്നും മറന്നു കൂടല്ലൊ. അതെല്ലാം മറന്നുകൊണ്ടുള്ള കാവിപൊതുബോധം ഇന്ത്യയില്‍ വ്യാപിച്ചുകൂടാ.
കാവിവല്‍ക്കരിക്കപ്പെടുന്ന പൊതുബോധം കേരളത്തിലും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വല്ലാതെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വളരെ നിശബ്ദമായി ബി.ജെ.പി കേരളത്തിലും വേരുപിടിക്കുകയാണ്. മുമ്പൊന്നുമില്ലാത്തവിധം സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമാനടന്മാരും ഒക്കെ ബി.ജെ.പി പ്രചാരകരായി രംഗത്തുവരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നു കരുതിയത് ഒക്കെ വെറുതെ. ഇന്ത്യന്‍ ജനജീവിതം ഇത്രമേല്‍ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയ കാലം, രാജ്യം വലിയ കുതിപ്പ് നടത്തേണ്ടിയിരുന്ന കാലമായിരുന്നുവെന്ന് ഓര്‍ക്കണം. പക്ഷേ സംഭവിച്ചത് ഗുരുതരമായ സാമ്പത്തിക മാന്ദ്യം. കൊവിഡ് മഹാമാരിയേക്കാള്‍ പ്രഹരമേല്‍പ്പിച്ചത് നോട്ട് നിരോധനമായിരുന്നു. ഇതിന്റെ ഇരകളാവാത്ത ഒറ്റ സാധാരണ മനുഷ്യരും ഭാരതത്തിലില്ല. ഈ മനുഷ്യര്‍ സാമാന്യബോധംവച്ച് ബി.ജെ.പിയെ ഒരു തരത്തിലും പിന്തുണക്കാന്‍ പാടില്ലാത്തതാണ്. കര്‍ഷകസമരത്തിനുപോലും വ്യാപകമായ പിന്തുണ കിട്ടിയിട്ടുമില്ല. ജനത യഥാര്‍ഥ ജനാധിപത്യബോധത്തിലേക്ക് ഉണര്‍ന്നിരുന്നുവെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍കൊണ്ട് സര്‍ക്കാര്‍ രാജിവച്ചൊഴിയേണ്ട അവസ്ഥ സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷേ വംശീയ പൊതുബോധത്തിന്റെ വ്യാപനം ബി.ജെ.പിയ്ക്ക് കൂടുതല്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പിയ്ക്ക് മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ നിന്ന് എം.എല്‍.എമാരേയും വലിയ നേതാക്കളേയും വിലക്കുവാങ്ങാന്‍ സാധിക്കുന്നത് പണമെന്ന ഒറ്റ ആകര്‍ഷണം കൊണ്ട് മാത്രമല്ല. ബി.ജെ.പിയുടെ വംശീയ ഹൈന്ദവത അവര്‍ക്കും സ്വീകാര്യമാവുന്നതുകൊണ്ടാണ്. ഈ ഹൈന്ദവതയ്ക്ക് സനാതന ഹിന്ദുധര്‍മ്മവുമായി യാതൊരു ബന്ധവുമില്ല. സനാതന ഹിന്ദുധര്‍മ്മത്തില്‍ വിശ്വസിച്ചിരുന്ന ഒരു ജനത ഇസ്‌ലാം, ക്രിസ്തീയ, ജൂത മതങ്ങളെ എങ്ങനെ ഹൃദയത്തില്‍ സ്വീകരിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കേരളത്തില്‍ തന്നെയുണ്ടല്ലൊ.
ബി.ജെ.പിയെ സംബന്ധിച്ച് ദീര്‍ഘകാല പദ്ധതികളിലൂടെയാണ് അവര്‍ ഓരോ സംസ്ഥാനങ്ങളിലും ആധിപത്യമുറപ്പിക്കുന്നത്. കോണ്‍ഗ്രസ് മുക്തഭാരതത്തിനായി അവര്‍ ശ്രദ്ധാപൂര്‍വം കരുക്കള്‍ നീക്കുന്നു. അതില്‍ വന്‍വിജയം നേടുകയും ചെയ്യുന്നു.
സെക്യുലറിസം കൊണ്ട് പ്രയോജനമില്ലെന്ന് മതേതര പ്രസ്ഥാനങ്ങള്‍ക്കും തോന്നിത്തുടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്തുകൊണ്ട് പല സംസ്ഥാനങ്ങളിലും മുന്നേറാന്‍ കഴിഞ്ഞു എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഈ പദ്ധതി കേരളത്തിലേക്കും വ്യാപിപ്പിക്കാമെന്ന് അവര്‍ കരുതുന്നു. അങ്ങനെ ഒരാത്മവിശ്വാസം ബി.ജെ.പിയ്ക്ക് ലഭിച്ചത് ഇടതുപക്ഷം നിലമൊരുക്കുന്നതുകൊണ്ടു തന്നെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച ബി.ജെ.പിയും ഇടതുപക്ഷവും ഒരുപോലെ ലക്ഷ്യമിടുന്നു. തല്‍ക്കാലം കേരളത്തില ഇടതുസര്‍ക്കാര്‍ തുടരുന്നതാണ് ബി.ജെ.പിയ്ക്ക് ഗുണകരമെന്നും അതോടെ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്ന് ബി.ജെ.പി മുഖ്യ പ്രതിപക്ഷമാവുമെന്നും പിന്നീട് ഇടതുപക്ഷത്തേയും തകര്‍ത്തു തുടങ്ങാമെന്നും ഭാവിയില്‍ കേരളഭരണം പിടിക്കാമെന്നും ബി.ജെ.പി ലക്ഷ്യമിടുന്നു. ഇത് അത്ര നിഷ്‌കളങ്കമായി കരുതേണ്ടതില്ല. യു.ഡി.എഫിനെ കേരളഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുമ്പോള്‍ ബി.ജെ.പിയ്ക്ക് കിട്ടുന്ന സന്തോഷമെന്താണ്? മുസ്‌ലിം ലീഗിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താം എന്നതു തന്നെ. ബി.ജെ.പിയുണ്ടാക്കുന്ന വംശീയ ഹൈന്ദവ പൊതുബോധം എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് സി.പി.എം ആലോചിക്കുന്നത്. അവര്‍ ഉമ്മന്‍ചാണ്ടിയേയും പി.കെ കുഞ്ഞാലിക്കുട്ടിയേയും പ്രത്യേകം ടാര്‍ജറ്റ് ചെയ്യുന്നതിന്റെ കാരണവും അതുതന്നെ. ഇത് മറ്റൊരു ലേഖനത്തിനുള്ള വിഷയമായതിനാല്‍ തല്‍ക്കാലം അത് മാറ്റിവെക്കാം. കേരളത്തില്‍ ഒരു മുസല്‍മാന്‍ മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കേണ്ടവരല്ലേ യഥാര്‍ഥത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍? ഒരു മുസ്‌ലിമിനെ മുഖ്യമന്ത്രിയാക്കി മാതൃക കാണിക്കേണ്ടിയിരുന്നില്ലേ? കെ. സുരേന്ദ്രന്റെ ഭാഷയില്‍ എ. വിജയരാഘവന്‍ സംസാരിക്കുമ്പോള്‍ അതെത്ര വേദനാജനകമാണ്. മുസ്‌ലിം എന്നത് അത്രമേല്‍ വെറുപ്പോടെ മാറ്റിനിര്‍ത്തപ്പെടേണ്ട ഒന്നാണോ?
ഈയിടെ കെ.ടി ജലീല്‍ പറഞ്ഞത് മുസ്‌ലിം ലീഗില്‍നിന്ന് മുസ്‌ലിം എടുത്തുമാറ്റണമെന്നാണ്. ഈ പ്രസ്താവനയും അത്ര നിഷ്‌കളങ്കമല്ല. മുസ്‌ലിം എന്ന വാക്ക് അഭിമാനത്തോടെ നെഞ്ചിലേറ്റിയാണ് മുസ്‌ലിം ലീഗ് മതേതര കേരളത്തില്‍ ഇടപെട്ടത്. അതുകൊണ്ട് പ്രത്യേകിച്ച് ഒരു കുഴപ്പവും കേരളത്തിന് സംഭവിച്ചിട്ടില്ല. പക്ഷേ ബി.ജെ.പി തുറന്നുവിട്ട തീവ്ര ഹൈന്ദവ വംശീയത ഭാരതമാകെ പടരുന്ന കാലത്ത് മുസ്‌ലിം എന്ന വാക്ക് വര്‍ജിക്കണമെന്ന് എന്റെ പ്രിയസുഹൃത്തായ കെ.ടി ജലീല്‍ പറയുമ്പോള്‍ പേടിയാവുകയാണ്. ചതികള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടുന്ന കാലമാണല്ലൊ ഇത്. അബ്ദുല്ലക്കുട്ടി തുറന്ന വാതില്‍ ജലീലിനെയും മോഹിപ്പിക്കുന്നുണ്ടോ? രാഷ്ട്രീയം, ആദര്‍ശം വെടിഞ്ഞ് കച്ചവടമാവുമ്പോള്‍ ആര്‍ത്തി ഒടുങ്ങാതിരിക്കുന്നതും സ്വാഭാവികമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."