നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; 140 മണ്ഡലങ്ങളിലെ 100 കുടുംബങ്ങൾക്കുവീതം കെ ഫോൺ കണക്ഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു മുതൽ ഒന്നാം വാർഷിക ദിനമായ മെയ് 20 വരെ നീണ്ടുനിൽക്കുന്നതാണ് കർമ പദ്ധതി. 1,557 പദ്ധതികൾ മെയ് 20നകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സുപ്രധാനമായ മൂന്നു മേഖലകളിൽ സമഗ്രപദ്ധതികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തി. വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾ വിവിധ വകുപ്പുകൾ വഴി നടപ്പാക്കും. തൊഴിലവസരങ്ങൾ അധികവും നിർമാണ മേഖലയിലാകും. കെ ഫോൺ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫിസുകളിലും കെ ഫോൺ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവവകുപ്പ് 3,91,282, തദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുമെന്നും ഇത് നിർമാണ പ്രവൃത്തികളിലൂടെയുള്ള തൊഴിൽ ദിനങ്ങളായതിനാൽ അതിഥി തൊഴിലാളികൾക്കും ഇതിലെ ഒരു പങ്ക് ലഭ്യമാകുമെന്നും മുഖ്യമ്രന്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."