ഉന്നാവിലെ പെണ്‍കുട്ടികളുടെ കൊല; കാരണം പ്രണയനൈരാശ്യമെന്നു പൊലിസ്: രണ്ടുപേര്‍ അറസ്റ്റില്‍; വിശദവിവരങ്ങള്‍ വ്യക്തമാക്കാതെ പൊലിസ്
ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികളുടെ കൊലക്കു പിന്നിലെ കാരണം വ്യക്തമാക്കി പൊലിസ്. പ്രണയെനൈരാശ്യത്തില്‍ നിന്നുണ്ടായതാണ് ആസൂത്രിത കൊലപാതകമെന്നു പറഞ്ഞ പൊലിസ് എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല. ദേഹത്ത് കണ്ടെത്തിയ വിഷാംശമാണ് പെണ്‍കുട്ടികളുടെ മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. എന്നാല്‍ സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനപ്രതി വിനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്. കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ലക്നൗ ഡി.ജി.പി വ്യക്തമാക്കി.
വെള്ളത്തില്‍ കീടനാശിനി നല്‍കിയായിരുന്നു കൊലപാതകം. എന്നാല്‍ എങ്ങനെ മൂന്ന് പേരിലും വിഷാംശം എത്തിയെന്നതില്‍ പക്ഷെ പോലിസ് വ്യക്തത വരുത്തിയിട്ടില്ല. ആറ് സംഘത്തെയാണ് കേസ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. പോലിസ് നായയെ ഉപയോഗിച്ചും പെണ്‍കുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലിസ് വ്യക്തമാക്കിയിരുന്നു.
ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, വെന്റിലേറ്റര്‍ സഹായത്തോടെ ശ്വാസഗതി സാധാരണ ഗതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കാണ്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വിദഗ്ധസംഘത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."