കൊവിഡ് ആധിയിൽ ആദ്യ പലായനം, ഉക്രൈൻ അധിനിവേശ ഭൂമിയിൽനിന്ന് വീണ്ടും...
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
ആദ്യം കൊവിഡ്, പിന്നെ അധിനിവേശം... രണ്ടിനെയും അതിജീവിച്ച് ഉക്രൈനിൽ നിന്ന് തൻസീഹ സുൽത്താന കരിപ്പൂരിലെത്തിയപ്പോൾ മാതാവ് കോട്ടക്കൽ കുറുകത്താണി ഫാത്തിമ സുഹ്‌റയുടെ കണ്ണുകൾ ഈറനായി. ഉക്രൈനിലെ ബൂക്കൊവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ നാലാം വർഷ വിദ്യാർഥിയാണ് പെരുവൻ കുഴിയിൽ ഹംസ-ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകൾ തൻസീഹ സുൽത്താന. ഇവരടക്കം നാലു വിദ്യാർഥികളാണ് ഉച്ചക്ക് ആദ്യ വിമാനത്തിൽ കരിപ്പൂർ വഴി നാട്ടിലെത്തിയത്.
കൊവിഡ് വന്നപ്പോൾ ഉക്രൈനിൽ പിടിച്ചു നിൽക്കാനാകാത്തതിനാൽ ആദ്യ പലായനം അബൂദബിയിലുള്ള സഹോദരി തസ്‌നിയുടെ അടുത്തേക്കായിരുന്നുവെന്ന് തൻസിഹ പറഞ്ഞു. നാട്ടിലെത്തിയാൽ മടങ്ങാൻ കഴിയില്ലെന്ന ആധിയിലായിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ തന്നെ വീണ്ടും ഉക്രൈനിലെത്തി ക്ലാസുകൾ തുടങ്ങിയപ്പോഴാണ് റഷ്യയുടെ ആക്രമണം. ജൂൺ 10ന് പരീക്ഷ കഴിഞ്ഞാൽ അവധിയാണ്. നാട്ടിലേക്ക് മടങ്ങാനാവും. എന്നാൽ ഉക്രൈനിലെ സ്ഥിതി ദിവസേന വഷളാവുകയാണ്. കൂട്ടുകാരികളടക്കം കുടുങ്ങിക്കിടക്കുകയാണ്. റൊമാനിയൻ ബോർഡറിൽ എത്താനായതിനാലാണ് ആദ്യ വിമാനത്തിൽ തന്നെ മടങ്ങാനായത്. ദൂരെയുള്ള കുട്ടികൾക്ക് റൊമാനിയൻ ബോർഡറിൽ എത്താൻ പ്രയാസമാണ്. പിതാവ് ഹംസ കൊവിഡ് പടർന്ന് പിടിക്കുന്നതിന്റെ ആറുമാസം മുമ്പാണ് സഉദിയിലെത്തിയത്. പിതാവിനും ഇതുവരെ നാട്ടിലേക്ക് മടങ്ങാനായിട്ടില്ല. അടുത്ത റമദാന് ഉപ്പ വരുമെന്ന് അറിയിച്ചിട്ടുണ്ട്. തമ്മിൽ കണ്ടിട്ട് വർഷങ്ങളായി. കോഴിച്ചെന പെരുമണ്ണ സ്വദേശി ഫാത്തിമ ഖുലൂദ, പരപ്പനങ്ങാടി പുത്തൻ പീടിക സ്വദേശി സി.പി സനം, കുറ്റിപ്പുറം മൂടാൽ സ്വദേശി അമറലി എന്നിവരാണ് സുൽത്താനയെ കൂടാതെ ഇൻഡിഗോ വിമാനത്തിൽ മുംബൈ വഴി ഇന്നലെ കരിപ്പൂരിലെത്തിയത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മടങ്ങിയെത്തിയ വിദ്യാർഥികൾ നന്ദി പറഞ്ഞു. ദുരന്ത മുഖത്ത് നിന്ന് എല്ലാവരേയും നാട്ടിലെത്തിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേർ വിദ്യാർഥികളെ സ്വീകരിക്കാൻ കരിപ്പൂരിലെത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങാനായെങ്കിലും വിദ്യാർഥികളുടെ തുടർ പഠനം ത്രിശങ്കുവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."