'സച്ചിന്‍ വാസെ ഉസാമ ബിന്‍ ലാദന്‍ അല്ല'; മുംബൈ പൊലിസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തില്‍ ഉദ്ദവ് താക്കറെ
മുംബൈ: മുകേഷ് അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടകവസ്തു നിറച്ച വാഹനത്തിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളി തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. എന്നാല്‍ കേസില്‍അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയ്‌ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കൃത്യമായ തെളിവ് ലഭിക്കുന്നത് വരെ ഇത്തരം പ്രചരണം നടത്തരുതെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.
'സച്ചിന്‍ വാസെ ഒസാമ ബിന്‍ലാദന്‍ അല്ലല്ലോ. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് ശരിയല്ല. കേസന്വേഷണം പൂര്‍ത്തിയാകട്ടെ. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് സര്‍ക്കാര്‍ പക്ഷം'- ഉദ്ദവ് പറഞ്ഞു.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച കാറുടമയായ മാന്‍സുഖ് ഹിരേനിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷം സച്ചിന്‍ വാസെയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ സ്ഥലം മാറ്റാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
സച്ചിന്‍ വാസെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാന്‍സുഖിന്റെ ഭാര്യ രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. സച്ചിന്‍ വാസെ മുമ്പ് ശിവസേനയില്‍ അംഗമായിരുന്നുവെന്നും അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ സ്‌കോര്‍പ്പിയോ എസ്.യു.വി വാഹനമാണ് കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡ് എത്തി വാഹനം പരിശോധിച്ച ശേഷം സ്‌ഫോടകവസ്തുക്കള്‍ മാറ്റുകയായിരുന്നു. ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനമുടമയായ മാന്‍സുഖിനെ പൊലിസ് ചോദ്യം ചെയ്തു. വഴിയില്‍ വെച്ച് കേടായ തന്റെ വാഹനം നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നുവെന്നും പിറ്റേന്ന് രാവിലെ വന്നപ്പോള്‍ വാഹനം അവിടെ ഇല്ലായിരുന്നുവെന്നുമായിരുന്നു മാന്‍സുഖ് പൊലിസിന് നല്‍കിയ മൊഴി.പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് മാന്‍സുഖ് ഹിരേനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."