തിരുത്തപ്പെടുന്ന ഇന്ത്യൻ ചരിത്രം
എസ്.കെ അരുൺ മൂർത്തി
ജനുവരി ഇരുപത്തിയാറ്, വസന്തപഞ്ചമി നാൾ തൊട്ട് പുതിയ ദേശീയവിദ്യാഭ്യാസ നയത്തിന്റെ കീഴിൽ രാജ്യത്തെ വിദ്യാർഥികളെ 'തിരുത്തിയ' ഇന്ത്യൻ ചരിത്രം പഠിപ്പിക്കുമെന്നാണ് കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും(ഐ.സി.എച്ച്.ആർ) ആർ.എസ്.എസിന്റെ പോഷകസംഘടന അഖില ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയും ചേർന്നു സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രഖ്യാപനം.
'തിരുത്തിയ' ചരിത്രം പഠിപ്പിക്കാനുള്ള ശ്രമം ഇന്ത്യയുടെ 'മഹത്തരമായ' പാരമ്പര്യങ്ങൾ പുരോഗമനാത്മകവും അനന്യവുമായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ഭരണകൂടത്തിന്റേയും കീഴ്ഘടകങ്ങളുടേയും ശ്രമത്തിന്റെ ഭാഗമാണ്. ഇന്ത്യയുടെ മഹത്തരമായ ഭൂതകാലത്തെ സ്ഥാപിച്ചെടുക്കുന്നതിനും അതുപ്രചരിപ്പിക്കുന്നതിനുമുള്ള അവസരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ തത്പരകക്ഷികൾക്ക് വ്യക്തമായി അറിയാം. ഇത്തരം പ്രചാരണങ്ങൾക്ക് അക്കാദമിക മേഖലയെ, അതിനി ശാസ്ത്രമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ഇവർ കൃത്യമായി വിനിയോഗിക്കുന്നുണ്ട് എന്നത് വ്യക്തവുമാണ്. പൗരാണിക ഹൈന്ദവ സംസ്‌കാരത്തെ മഹത്വവത്കരിക്കാൻ സാധിക്കുന്ന ഒരു വേദികളെയും ഇവർ ഒഴിവാക്കിയിട്ടില്ല. നവംബറിൽ ഐ.എസ്.ആർ.ഒ, ആർ.എസ്.എസിന്റെ മറ്റൊരു പോഷകസംഘടനയായ വിജ്ഞാനഭാരതിയുമായി ചേർന്ന് 'ആകാശ് തത്ത്വ' എന്ന പേരിൽ കോൺഫറൻസ് സംഘടിപ്പിക്കുകയുണ്ടായി. ആധുനിക ശാസ്ത്രത്തിനു സമാന്തരമായുള്ള പൗരാണിക ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നതിനായിരുന്നു ഈ കോൺഫറൻസ്.
ഇതേ മാസംതന്നെ ഇന്ത്യയുടെ പൗരാണിക രാഷ്ട്രീയ ചരിത്രം പഠിക്കുന്നതിനുള്ള ശരിയായ മാർഗം സംബന്ധിച്ച് ഐ.സി.എച്ച്.ആർ ആശയക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ കുറിപ്പ് യു.ജി.സി ചെയർപേഴ്‌സൺ എം. ജഗദീഷ് കുമാർ രാജ്യത്തെ എല്ലാ ഗവർണർമാർക്കും അയക്കുകയും ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കീഴിലുള്ള സർവകലാശാലകളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കാനും നിർദേശം നൽകി. കൂടാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നവംബർ ഇരുപത്തിയാറ്, ഭരണഘടനാ ദിനത്തോടനുബന്ധിച്ച് 'ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കാൻ രാജ്യത്തെ സർവകലാശാലകളോടും ആവശ്യപ്പെട്ടു. മാതൃകാ ഭരണാധികാരി, ഖാപ്പ് പഞ്ചായത്ത്, പൗരാണിക ഇന്ത്യയിലെ ജനാധിപത്യ, രാഷ്ട്രീയ സംവിധാനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാവണം പ്രഭാഷണങ്ങൾ എന്നും യു.ജി.സി ചെയർപേഴ്‌സൺ നിർദേശിച്ചു.
ഇത്തരം കുറിപ്പുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കോൺഫറൻസുകളിലൂടെയും ഏതുതരത്തിൽ തിരുത്തിയ ചരിത്രമാണ് ഈ നിക്ഷിപ്ത താൽപര്യക്കാർ പഠിപ്പിക്കുന്നത്? ഐ.എസ്.ആർ.ഒ കോൺഫറൻസിലും ഐ.സി.എച്ച്.ആറിന്റെ ആശയക്കുറിപ്പിലുമെല്ലാം പങ്കുവയ്ക്കുന്നത് തിരുത്തിയ ചരിത്രമല്ല, പകരം വളച്ചൊടിക്കപ്പെട്ട ചരിത്രമാണ്. ഐ.സി.എച്ച്.ആർ ആശയക്കുറിപ്പിന്റെ തലക്കുറിപ്പ് 'ഭാരത്: ലോക് തന്ത്ര കി ജനനി' അഥവാ 'ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്' എന്നതായിരുന്നു. നവംബർ ഇരുപത്തിനാലിന് ഇതേ തലക്കെട്ടിൽ ഒരു പുസ്തകവും ഐ.സി.എച്ച്.ആർ പുറത്തിറക്കിയിരുന്നു. ഭാരതം അതിപുരാതനമായ സംസ്‌ക്കാരമാണെന്നും ജനാധിപത്യം ഈ മണ്ണിൽ ആവിർഭവിച്ചതുമാണെന്നുമുള്ള വാദങ്ങളാണ് ഈ കുറിപ്പിന്റെ തുടക്കത്തിലുള്ളത്. നാഗരികതയുമായി ബന്ധപ്പെട്ട അക്കാദമിക വ്യവഹാരങ്ങളിലെ ഒരു ബന്ധവുമില്ലാത്ത ആശയങ്ങളെ പല വിധേനയും ബന്ധിപ്പിച്ചുകൊണ്ട് പുരാതന ഹൈന്ദവരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനുള്ള ശ്രമമാണ് ഇതിൽ കാണാനാവുക. ഇതോടൊപ്പം ആധുനിക രാഷ്ട്രീയാശയങ്ങൾ പുരാതന ഹൈന്ദവ രാഷ്ട്രീയ സംസ്‌കാരത്തിലുണ്ടെന്ന വാദം മുന്നോട്ടുവയ്ക്കാനും ശ്രമിക്കുന്നുണ്ട്.
വൈദിക കാലഘട്ടത്തിലും അതിനുശേഷവും ഭാരതം എന്ന പേരിൽ ഭൂമിശാസ്ത്രപരമായി ഒരു മേഖലയുണ്ടായിരുന്നു എന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ ബി.ഡി ഛത്തോപാദ്ധ്യായയെ ആധാരമാക്കി രാജേഷ് വെങ്കടസുബ്രഹ്മണ്യൻ പറയുന്നതിങ്ങനെ: 'ഭാരതവർഷ' എന്നാൽ സാങ്കൽപ്പിക അഭൗമ മണ്ഡലമാണ്. ഇതു സംബന്ധിച്ച് വ്യക്തവും കൃത്യവുമായ ഭൂമിശാസ്ത്ര സൂചന പുരാണങ്ങളിൽ പോലും കാണാൻ സാധിക്കില്ല. 'ഭാരതം' എന്നൊരു രാജ്യത്തെക്കുറിച്ച് വേദങ്ങളിലും പറയുന്നില്ല. എന്നാൽ 'ഭരത' എന്ന ഗോത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്'. വൈദിക വിഷയങ്ങളിലെ ആധികാരിക ഗ്രന്ഥമായി കണക്കാക്കിപ്പോരുന്ന വേദിക് ഇൻഡക്‌സ് ഓഫ് നെയിംസ് ആന്റ് സബ്ജക്ട്‌സ് എന്നതിലും ഈ ഗോത്രത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. 'ഗംഗ, യമുന നദീതീരങ്ങളിൽ വസിച്ചിരുന്നവരും മറ്റുപല ഗോത്രങ്ങൾക്കും മേൽ വിജയം നേടിയവരുമായിരുന്നു ഭരത ഗോത്രവിഭാഗം' എന്നാണ് ഈ ഗ്രന്ഥം നൽകുന്ന സൂചന. കൂടാതെ, ഈ ഗോത്രത്തിലെ പ്രധാന രാജാക്കന്മാരെയും ഇവർ നടത്തിയിരുന്ന യാഗങ്ങളെയും സംബന്ധിച്ച് ഇതിൽ വിവരണങ്ങളുണ്ട്.
പൗരാണിക ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയെ മഹത്വവത്കരിക്കാനുള്ള തിടുക്കത്തിൽ പല സംസ്‌കൃത പദങ്ങൾക്കും അനുയോജ്യമല്ലാത്ത പരിഭാഷയാണ് ഐ.സി.എച്ച്. ആറിന്റെ കുറിപ്പിൽ നൽകിയിട്ടുള്ളത്. ആധുനിക രാഷ്ട്രീയവ്യവഹാരങ്ങളിലെ പല പദങ്ങളെയും സംസ്‌കൃത പദങ്ങൾക്കു തുല്യമായി കടമെടുത്തപ്പോൾ സംഭവിച്ച പ്രശ്‌നമാണത്. ജനാധിപത്യം, സ്വയംഭരണാധികാരം, ജനായത്തഭരണം, മന്ത്രിസഭ എന്നീ ആധുനിക രാഷ്ട്രീയ സംവിധാനങ്ങൾ പൗരാണിക ഇന്ത്യൻ രാഷ്ട്രസംവിധാനത്തിലും നിലനിന്നിരുന്നു എന്നാണ് ഈ കുറിപ്പിന്റെ അവകാശവാദം. ഇന്ത്യൻ നാഗരികതയുടെ മേധാവിത്തം സ്ഥാപിക്കുന്നതിനു വേണ്ടി ഹിന്ദുത്വ സൈദ്ധാന്തികരെല്ലാം പ്രയോഗിച്ചിരുന്ന വാദങ്ങൾ തന്നെയാണ് ഇതിൽ വായനക്കാരനു കാണാൻ സാധിക്കുക. എന്നാൽ, ഭരണകൂടവും അതിന്റെ ഭാഗമായുള്ള സ്ഥാപനങ്ങളും ചില സംസ്‌കൃത പദങ്ങളെ ആധുനികാശയങ്ങളുമായി ബന്ധപ്പെടുത്തി 'ഇതെല്ലാം ഞങ്ങളുടെ സംസ്‌കാരത്തിൽ പണ്ടേ നിലനിന്നതാണ്' എന്ന വാദം ഉന്നയിക്കുന്നത് വിചിത്രമാണ്. ഇത്തരം അവകാശവാദങ്ങളാണ് കുറിപ്പിൽ ഉടനീളം കാണാനാവുക. എന്നാൽ, ഉപയോഗിച്ചിരിക്കുന്ന ചില സംസ്‌കൃതപദങ്ങൾക്ക് പൗരാണിക സാഹിത്യത്തിൽ എന്തർഥമാണ് കൽപ്പിച്ചിരുന്നത് എന്നു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
ഈ കുറിപ്പിൽ പ്രജാതന്ത്ര, ജനതന്ത്ര, ലോകതന്ത്ര എന്നിങ്ങനെ മൂന്നു ഭരണക്രമങ്ങളെ കുറിച്ചു പരാമർശമുണ്ട്. ഇതിൽ പറയുന്നത്, 'പ്രജാതന്ത്ര' എന്നാൽ ഇന്നത്തെ ജനാധിപത്യം തന്നെയാണെന്നാണ്. എന്നാൽ, 'പ്രജ' എന്ന പദം നേരിട്ട് പരിഭാഷപ്പെടുത്തുമ്പോൾ ജനാധിപത്യം എന്ന അർഥത്തിലേക്ക് നാം എത്തുമെങ്കിലും സംസ്‌കൃതത്തിൽ എന്താണ് പ്രജ എന്ന പദത്തിന്റെ അർഥം എന്നു പരിശോധിക്കുന്നത് ഈ പദത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്നതാണ്. സംസ്‌കൃതത്തിൽ 'പ്രജ' എന്നാൽ ഭ്രൂണം, സന്താനങ്ങൾ, പ്രജനനം, പ്രസവം എന്നിങ്ങനെയൊക്കെയാണ് അർഥം. മോനിയർ വില്യംസ് നിഘണ്ടു പ്രകാരം ഋഗ്വേദവും ഇതേ അർഥത്തിലാണ് 'പ്രജ' എന്ന പദത്തെ പ്രയോഗിച്ചിട്ടുള്ളത്. ജനങ്ങൾ അല്ലെങ്കിൽ പ്രജകൾ എന്ന അർഥത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത് ഏറെക്കാലത്തിനു ശേഷം കവി കാളിദാസന്റെ രഘുവംശം, ശാകുന്തളം എന്നീ കൃതികളിലാണ്. സി.ഇ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജകവിയായിരുന്നു കാളിദാസൻ. അദ്ദേഹം പ്രജ എന്ന വാക്കിനു ജനങ്ങൾ എന്ന അർഥം കൽപ്പിക്കുന്നതിനു പിന്നിൽ ശക്തമായ യുക്തിയുണ്ട്. കാരണം, ആ കാലഘട്ടത്തിൽ അദ്ദേഹം പരിചയിച്ചിട്ടുള്ളതും ഇടപെടുന്നതും രാജഭരണവ്യവസ്ഥയോടാണ്.
ഇനി 'ലോകതന്ത്ര' എന്നതിലേക്കു വരുമ്പോൾ, ഇതിന്റെ അർഥം ലോകക്രമം അല്ലെങ്കിൽ ലോകവ്യവസ്ഥ എന്നാണ്. എന്നാൽ ഈ കുറിപ്പിൽ കൽപ്പിക്കുന്ന അർഥം 'സാമുദായിക ക്ഷേമത്തിനായുള്ള സമുദായവ്യവസ്ഥ' എന്നാണ്. പ്രത്യക്ഷാർഥത്തിലെന്നല്ല, യാതൊരു വിധത്തിലും ഇത്തരം അർഥം ലോകതന്ത്ര എന്ന പദത്തിനു നൽകുക സാധ്യമല്ല. സമയാനുസൃതമായി ഓരോ പദത്തിൻ്റെയും അർഥത്തിനു പരിണാമം സംഭവിക്കും എന്നത് വാസ്തവംതന്നെ. അത്തരം പരിണാമത്തെ കുറ്റപ്പെടുത്താനും സാധ്യമല്ല. എന്നാൽ ആധുനികതയിലെ ഒരു ആശയത്തിന്റെ ഭാഗമായ പദങ്ങളെ എടുത്ത് പണ്ടെന്നോ നിലനിന്നിരുന്ന പദങ്ങളുമായി തുലനം ചെയ്ത് 'രണ്ടും ഒന്നുതന്നെ' എന്നു പറയുന്ന യുക്തിയും വാദവും അംഗീകരിക്കാവുന്നതല്ല.
കാരണം, ആധുനിക ജനാധിപത്യത്തിൽ അല്ലെങ്കിൽ രാഷ്ട്രങ്ങളിൽ ഉള്ളത് പൗരന്മാരാണ്. അതേസമയം, രാജഭരണ വ്യവസ്ഥക്കു കീഴിലുള്ളത് പ്രജകളുമാണ്. അങ്ങനെയെങ്കിൽ പ്രജാതന്ത്ര എങ്ങനെ ജനാധിപത്യമാകും? ഒരു പ്രാദേശികഭാഷയിൽ പ്രജ എന്നതിന്റെ അർഥം ജനങ്ങൾ എന്നായി എന്നുള്ളതുകൊണ്ട് മാത്രം അക്കാലത്തുണ്ടായിരുന്ന പ്രജാതന്ത്ര എന്ന പദത്തിന്റെ അർഥം ജനാധിപത്യം ആയിരുന്നു എന്നു സമർഥിക്കുന്നത് യുക്തിസഹമല്ല. വിമർശനാത്മകമായി ഈ പദങ്ങളെയും അതിന്റെ അർഥത്തെയും സമീപിക്കുമ്പോൾ എത്തിച്ചേരുന്ന നിഗമനം വ്യക്തമാക്കുന്നത് ഇന്ത്യയിലെ പുരാതന രാഷ്ട്രീയസംവിധാനത്തെ ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളുമായി തുലനം ചെയ്യാൻ സാധ്യമല്ല എന്നതാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."