ഇസ്‌ലാമോഫോബിയയും മുസ്‌ലിം രൂപകങ്ങളും
ഭാഷയുടെ രാഷ്ട്രീയം ഇത്രയേറെ പ്രസക്തമായ കാലഘട്ടം ഒരുപക്ഷേ ഉണ്ടായിട്ടില്ല. പുതിയ കാലത്തിന്റെ രാഷ്ട്രീയം ആഖ്യാനങ്ങളുടെ രാഷ്ട്രീയമാണെന്ന് ഉത്തരാധുനിക സൈദ്ധാന്തികന്‍ ഴാന്‍ ഫ്രാന്‍സ്വാ ലിയോറ്റാര്‍ഡ് എടുത്തുകാട്ടിയത് പിന്നീട് വലിയ തിരിച്ചറിവുകള്‍ക്ക് കാരണമായി. ശീതയുദ്ധാനന്തര ലോകത്ത് പുതിയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വികാസവുമായി ബന്ധപ്പെട്ടാണ് ഭാഷയുടെ രാഷ്ട്രീയം ഒരു വ്യവഹാരമായി ഉയര്‍ന്നുവന്നത്. മത, ഭാഷ, ലിംഗ, രാഷ്ട്രീയ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഭാഷയുടെ ആധിപത്യ മാതൃകകള്‍ സാധിച്ച ഹിംസകളെ പരിഹരിക്കുന്ന ഇടപാടാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ ഏറെ സങ്കീര്‍ണമാക്കുന്നത്. സ്ത്രീകളെ പറ്റിയും ന്യൂനപക്ഷങ്ങളെ പറ്റിയും ഉപയോഗിക്കുന്ന ഭാഷ ഈ സാഹചര്യത്തില്‍ ഏറെ പഠനങ്ങള്‍ക്ക് വിധേയമായി. ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട പഠനങ്ങളും ഈ അന്വേഷണത്തില്‍ ഏറെ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.
താലിബാനിസത്തിന്റെ അര്‍ഥങ്ങള്‍
ഭാഷയുടെ രാഷ്ട്രീയം താലിബാന്‍ എന്ന രൂപകത്തിന്റെ പേരില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ( മാര്‍ച്ച് 22) യു.പിയില്‍ മലയാളികളായ കന്യാസ്ത്രീകള്‍ക്കെതിരേ നടന്ന അക്രമത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: 'ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ബജ്‌റംഗ് ദള്‍ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘ്പരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണ്'. സംഘ്പരിവാറിന്റെ ഹിംസയെ വിശേഷിപ്പിക്കാന്‍ താലിബാന്‍ എന്ന രൂപകം തന്നെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുന്ന രാഷ്ട്രീയ സാഹചര്യം എന്താണ്? ഈ പ്രശ്‌നം വിശദമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.
സംഘ്പരിവാരം ആഗോളരാഷ്ട്രീയത്തിലെ മുസ്‌ലിംകളുടെ മോശം സ്വഭാവം ആര്‍ജിക്കുന്നുവെന്ന നിരപേക്ഷ യുക്തി അതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു മോശം രൂപകം ആഗോള തലത്തിലെ തിന്മകളുടെ പ്രതീകമായി മാറുന്നതിന്റെ ഭാഷാരാഷ്ട്രീയം ഈ അര്‍ഥത്തില്‍ അദൃശ്യമാക്കപ്പെടുന്നു. ഭാഷയുടെ ധര്‍മം കേവലം ആശയ വിനിമയം മാത്രമല്ല; മറിച്ച് അധികാരത്തിന്റെയും ഹിംസയുടെയും നിര്‍മാണമാണെന്നത് അവഗണിക്കപ്പെടുന്നു. സംജ്ഞ (ലേൃാശിീഹീഴ്യ) സാങ്കേതിക വിദ്യ (ലേരവിീഹീഴ്യ )യേക്കാള്‍ അപകടകരമാണെന്നു പറയുന്നതിന്റെ കാരണമിതാണ്.
എന്നാല്‍ ഇത് സി.പി.എമ്മിനു സംഭവിച്ച ഒരു നാക്ക്പിഴ മാത്രമല്ല. പൊതുബോധത്തെ നിയന്ത്രിക്കുന്ന ഉറച്ച ഭാഷാമാതൃകയായി ഇത് മാറിയിരിക്കുന്നു. ഉദാഹരണത്തിന്, 2014ല്‍ ഒരു ഫേസ്ബുക്ക് കുറിപ്പില്‍ എം.ബി രാജേഷ് കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ കഫേക്കെതിരേയുണ്ടായ സംഘ്പരിവാര്‍ അതിക്രമത്തെ താലിബാനിസം എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത് ( 30, ഒക്ടോബര്‍ 2014). അതിനാല്‍ തന്നെ സി.പി. എം സംസ്ഥാന കമ്മിറ്റിയുടെ ഭാഷാ പ്രയോഗം അധീശ രാഷ്ട്രീയഭാഷയുടെ ഭാഗമാണ്. സാമാന്യ ബോധത്തിന്റെയും ഭാഗമാണത്.
സി.പി.എം മാത്രമല്ല ഈ പ്രശ്‌നം അനുഭവിക്കുന്നത്. വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായ പലരും ഈ അലസ ഭാഷാബോധ്യത്തിന്റെ ഭാഗമാണ്. എസ്. ഹരീഷിനെതിരേ സംഘ്പരിവാരം ആക്രമണം നടത്തിയപ്പോള്‍ എഴുത്തുകാരനോട് ഐക്യപ്പെട്ടുകൊണ്ടു നടത്തിയ പരിപാടിയില്‍ ഫിലിം മേക്കറായ ആനന്ദ് പടവര്‍ദ്ധന്‍ പറഞ്ഞത് രാജ്യത്ത് 'ഹിന്ദു താലിബാനിസം' വളരുന്നുവെന്നാണ് (22, ജൂലൈ 2018). വിയോജിപ്പുകള്‍ക്കും എതിരഭിപ്രായങ്ങള്‍ക്കും ഇടം നല്‍കുന്ന നൂറു കണക്കിന് മുസ്‌ലിം ന്യൂനപക്ഷ സംരംഭങ്ങളുടെ ഭാഗമാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍. പക്ഷേ, തങ്ങളുടെ മുറ്റത്തെ ആ നല്ല മാതൃകകള്‍ കയ്യൊഴിഞ്ഞ് അവര്‍ അങ്ങകലെ അഫ്ഗാനിസ്ഥാനിലേക്ക് വാക്കുകള്‍ കടമെടുക്കാന്‍ പോവുന്നതിന്റെ കാരണം എന്താണ്? ഫാസിസം എന്ന രാഷ്ട്രീയപ്രതിഭാസത്തിന്റെ കാര്യത്തില്‍ പോലും സൂക്ഷ്മ സങ്കോചങ്ങള്‍ പുലര്‍ത്തുന്ന സി.പി.എം പക്ഷേ മുസ്‌ലിം പശ്ചാത്തലത്തിലുള്ള ഭാഷാ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ വഴുക്കുന്നതെന്തുകൊണ്ടാണ്?
ഇടതുപക്ഷം മാത്രമല്ല, ശശി തരൂര്‍ അടക്കമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ മതേതര ദേശീയവാദികളും ഈ പുതിയ അധീശ ഭാഷാരാഷ്ട്രീയത്തിന്റെ ഭാഗമാണ്. സാമൂഹികമാധ്യമങ്ങളില്‍ തന്റെ ഭാഷാ ശേഷി കൊണ്ടു ഏറെ ജനപ്രീതി നേടിയ ശശി തരൂരും താലിബാനിസം എന്ന രൂപകത്തെ അലസമായി എടുത്തുപയോഗിക്കാറുണ്ട്. ബി.ജെ.പിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ഹിന്ദു താലിബാന്‍ എന്നാണ് ( 18, ജൂലൈ 2018). ഭാഷയിലെ മികവുകൊണ്ട് വിസ്മയിപ്പിക്കുന്ന തരൂര്‍ ഭാഷാ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ പരാജയപ്പെടുന്നു.
താലിബാന്‍ എന്ന രൂപകം സംഘ്പരിവാറും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ എടുത്തുപയോഗിക്കുന്നുണ്ട്. രണ്ട് ഉദാഹരണങ്ങള്‍ മാത്രം നല്‍കാം. ഒന്ന്) തിരുവനന്തപുരം യൂണി: സിറ്റി കോളജിലെ എസ്.എഫ്.ഐ ആക്രമത്തെക്കുറിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത ( 13, ജൂലൈ 2019) ഇങ്ങനെ: 'യൂണിവേഴ്‌സിറ്റി കോളജില്‍, എസ്.എഫ്.ഐയുടെ താലിബാനിസത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ 187 പ്രതിഭകള്‍'. താലിബാന്‍ എന്നാല്‍ വിദ്യാര്‍ഥികള്‍ എന്നാണ് ഭാഷാര്‍ഥം. ജന്മഭൂമി എസ്.എഫ്.ഐക്കാരെ വളരെ കൃത്യമായി വിദ്യാര്‍ഥികള്‍ അഥവാ താലിബാനികള്‍ എന്നു വിവര്‍ത്തനം ചെയ്തുവെന്നു കരുതാന്‍ മാത്രം ഈ ഭാഷാ രാഷ്ട്രീയം നിഷ്‌കളങ്കമാണോ?
രണ്ട്) മാര്‍ക്‌സിസ്റ്റ് താലിബാനിസം എന്ന പ്രയോഗം തന്നെ ആര്‍.എസ്.എസ് ദേശീയ നേതൃത്വം വികസിപ്പിച്ചിരിക്കുന്നു. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കണമെന്ന് അന്നത്തെ ആര്‍.എസ്.എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ ആവശ്യപ്പെട്ടതു നാലു വര്‍ഷം മുമ്പാണ്. മാത്രമല്ല, 'കേരളത്തിലെ മാര്‍ക്‌സിസ്റ്റ് താലിബാനിസം' (എഷ്യാനെറ്റ് ന്യൂസ്, 4, ഓഗസ്റ്റ് 2017) രാജ്യത്തിനുമുന്നില്‍ തുറന്നു കാണിക്കുന്നതിനു ആര്‍.എസ്.എസ് നേതൃത്വം നല്‍കുമെന്നാണ് തുടര്‍ന്ന് അദ്ദേഹം പറയുന്നത്. ഒരു മുസ്‌ലിം പശ്ചാത്തലത്തിലുള്ള രൂപകത്തിനു കൈവരുന്ന അര്‍ഥങ്ങളാണിത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസ്റ്റുകളും ഫാസിസ്റ്റുവിരുദ്ധരും ഒരു പോലെ പങ്കിടുന്ന പൊതുബോധമാണിത്.
മതം ഇസ്‌ലാമാകുമ്പോള്‍
ഈയിടെ അന്തരിച്ച റോബര്‍ട്ട് ഫിസ്‌ക് ഇടതുപക്ഷ സ്വഭാവമുള്ള അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാണ്. അദ്ദേഹം ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും നടത്തിയ സാമ്രാജ്യത്വവിരുദ്ധ പത്രപ്രവര്‍ത്തനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അമേരിക്കന്‍ മഹാസാമ്രാജ്യത്വത്തിന്റെ ഇറാഖ് അധിനിവേശത്തെ അദ്ദേഹം കൈകാര്യം ചെയ്ത രീതി പ്രശംസ പിടിച്ചുപറ്റിയിട്ടുമുണ്ട്. ഇന്നത്തെ ലോക സാഹചര്യത്തില്‍ പക്ഷേ, അദ്ദേഹത്തെ പോലെയുള്ള പത്രപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഭാഷ ആഴത്തില്‍ വ്യാപിച്ച ഇസ്‌ലാമോഫോബിയയുടെ ആഗോള നിഘണ്ടുവിന്റെ ഭാഗമാണെന്ന് ഹാമിദ് ദബാശി ആലശിഴ അ ങൗഹെശാ ശി വേല ണീൃഹറ എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മുസ്‌ലിംകളുമായി ബന്ധപ്പെട്ടുള്ള വാക്കുകള്‍ ഇടതുപക്ഷത്തും വലതുപക്ഷത്തും ഉള്ള ആളുകള്‍ ഒരുപോലെ തിന്മയുടെ പര്യായമായി വായിക്കുന്ന കാലമാണിതെന്നാണ് ദബാശി നിരീക്ഷിക്കുന്നത്. 2011ല്‍ കുത്തക മാധ്യമ മുതലാളിയായ റൂപര്‍ട്ട് മര്‍ഡോക്ക് ബ്രിട്ടനില്‍ നടത്തിയ ഫോണ്‍ ഹാക്കിങ് സംഭവത്തെപ്പറ്റി റോബര്‍ട്ട് ഫിസ്‌ക് ദി ഇന്റിപെന്റന്റ് പത്രത്തില്‍ എഴുതിയതിങ്ങനെയാണ്. 'മധ്യ പൗരസ്ത്യ ദേശത്തെ ഒരു ഖലീഫയെപ്പോലെയാണ് റൂപര്‍ട്ട് മര്‍ഡോക്ക്'. ലോകത്തിന്റെ ഏത് കോണില്‍ തിന്മ നടന്നാലും അതു മുസ്‌ലിംകളുമായി ബന്ധപ്പെട്ട രൂപകങ്ങളാല്‍ മാത്രമേ ഏറെ പദസമ്പത്തുള്ള, ആ മേഖലയില്‍ രാഷ്ട്രീയ അനുഭവമുള്ള, ഒരു ഇംഗ്ലീഷ് പത്രപ്രവര്‍ത്തകന് കൈകാര്യം ചെയ്യാന്‍ കഴിയൂവെന്നത് ദബാശി ഗുരുതരമെന്നുതന്നെ കാണുന്നുണ്ട്.
ഖലീഫ അഥവാ പ്രതിനിധി എന്ന വാക്ക് അങ്ങനെ ലോകത്ത് എല്ലാത്തരം രാഷ്ട്രീയ അധികാര ചൂഷണത്തിന്റെയും പര്യായമായിമാറുന്നു. പ്രവാചകന്‍ മുഹമ്മദി(സ)ന്റെ മരണശേഷം എ.ഡി 632 മുതല്‍ തുടങ്ങുന്ന മുസ്‌ലിം ഭരണവ്യവസ്ഥയുടെ സാരഥിയായിരുന്നു ഖലീഫ അബൂബക്കര്‍(റ). അവിടന്നങ്ങോട്ട് ആ വാക്ക് മുസ്‌ലിം ചരിത്രത്തിലും വര്‍ത്തമാനത്തിലും സങ്കീര്‍ണമായ ഒരു വ്യവഹാര സൂചനയായി നിലനിന്നിട്ടുണ്ട്. ഈ അര്‍ഥങ്ങളെ മുഴുവന്‍ അട്ടിമറിച്ചാണ് റോബര്‍ട്ട് ഫിസ്‌ക് രാഷ്ട്രീയ തിന്മയുടെ പ്രതിരൂപമായി ഖലീഫ എന്ന രൂപകത്തെ ചിത്രീകരിക്കുന്നത്. ദബാശി ഉന്നയിച്ച ഈ വിമര്‍ശനം എല്ലാ മതങ്ങളുടെ കാര്യത്തിലും സംഭവിക്കുന്ന ഒന്നല്ല; മതം ഇസ്‌ലാമാവുമ്പോള്‍ മാത്രം സംഭവിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്, ഇസ്‌ലാമോഫോബിയയുടെ ഭാഷാ രാഷ്ട്രീയമാണത്. ഇതു തിരിച്ചറിയാന്‍ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധതയെയും ഇസ്‌ലാമോഫോബിയക്കെതിരായ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
ഭാഷയുടെ ഹിംസകള്‍
മുസ്‌ലിം ഹിംസകള്‍ മാത്രമല്ല കമ്യൂണിസ്റ്റ്, ക്രൈസ്തവ, ബുദ്ധിസ്റ്റ്, ഹിന്ദു, മതേതര ഹിംസകള്‍ ഇന്നത്തെ ലോകക്രമത്തിന്റെ ഭാഗമാണ്. മതവും മതേതരത്വവും ലോകത്ത് നിരവധി ഹിംസകളുടെ പ്രത്യയശാസ്ത്ര ന്യായങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോവിയറ്റ് ഗുലാഗുകളും ഹോളോകാസ്റ്റും രണ്ടു ലോകയുദ്ധങ്ങളും എണ്ണമറ്റ മതേതര ദേശീയ യുദ്ധങ്ങളും മുസ്‌ലിംകളുടെ മാത്രം കുത്തകയല്ലല്ലോ. പക്ഷേ മുസ്‌ലിം ഹിംസയുടെ രൂപകങ്ങള്‍ മറ്റുള്ള സാഹചര്യത്തിലെ ഭാഷാ പ്രയോഗങ്ങളേക്കാള്‍ സ്വാഭാവികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രശ്‌നം. താലിബാനിസം എന്ന പ്രയോഗം സാമാന്യബോധത്തിന്റെ ഭാഗമായി സ്വീകരിക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഭാഷയിലെ പ്രയോഗം ലളിതമാണ്. മറ്റൊന്നും അതിനു പുറകില്‍ ഇല്ലായെന്ന് ഒരാള്‍ക്ക് വാദിക്കാം. എന്നാല്‍ ഭാഷാ പഠനത്തിലെ മാറ്റങ്ങള്‍ ഈ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നില്ല. താലിബാന്‍ എന്ന വാക്ക് ഒരു തിരിച്ചിടല്‍ യുക്തിയുടെ ഭാഗമാണ്. ആ തിരിച്ചിടല്‍ സന്ദര്‍ഭത്തെ മനസിലാക്കാതെയുള്ളതാവുമ്പോള്‍ അരാഷ്ട്രീയവും പൊതുബോധ യുക്തിയുടെ ഉല്‍പന്നവുമാക്കുന്നു. അതിനാല്‍ തന്നെ ഹിംസയുടെ ലോകക്രമത്തെ മനസിലാകാന്‍ നമ്മുടെ രാഷ്ട്രീയഭാഷയില്‍ തന്നെയാണ് മാറ്റംവരേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."